EncyclopediaHistory

ഡോ. മന്‍മോഹന്‍ സിംഗ്

വര്‍ഷം 1991 ജൂണ്‍ 20 പുതിയ പ്രധാനമന്ത്രിയായി പി.വി നരസിംഹറാവു സ്ഥാനമേല്‍ക്കാന്‍ ഒരു ദിവസം മാത്രം ബാക്കി. സാമ്പത്തിക  വിദഗ്ദനായ ഡോ.മന്‍മോഹന്‍ സിംഗിനെത്തേടി അര്‍ദ്ധരാത്രി പുതിയ പ്രധാനമന്ത്രിയുടെ സന്ദേശം എത്തി. രാജ്യത്തിന്റെ ധനകാര്യമന്ത്രിയാവുക ഇതായിരുന്നു സന്ദേശം ,രാജ്യം കണ്ട ഏറ്റവും ശ്രദ്ധേയനായ ധനമന്ത്രിയുടെ അരങ്ങേറ്റമായിരുന്നു അത്. റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായിരിക്കുമ്പോള്‍ സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ ശ്രദ്ധേയനായ മന്‍മോഹന്‍ സിംഗിന്‍റെ ചുമലിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം 2004-ല്‍ മറ്റൊരു ഉത്തരവാദിത്തം വന്നെത്തി. രാജ്യത്തിന്‍റെ പതിനാലാം പ്രധാനമന്ത്രിസ്ഥാനം.

   കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷം തുടര്‍ച്ചയായി രണ്ടാം വട്ടം തിരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രി കസേരയിലിരിക്കുക എന്ന നെഹ്റുവിന്‍റെ റെക്കോഡിന് ഒപ്പമെത്തിയ ഏക പ്രധാനമന്ത്രിയാണ് ഡോ.മന്‍മോഹന്‍ സിംഗ്.1932-ലാണ് മന്‍മോഹന്‍ സിംഗിന്‍റെ ജനനം പഞ്ചാബിലെ ഗാഹില്‍.പിതാവ് ഗുര്‍മുഖ് സിംഗ്. മാതാവ് അമൃത് കൗര്‍. 1948-ല്‍ മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി.ഇന്‍റര്‍മീഡിയറ്റും ബിരുദ്ധവും ബിരുദ്ധാനന്തര ബിരുദ്ധവുമെല്ലാം ഒന്നാം റാങ്കോടെ വിജയിച്ചു. സാമ്പത്തികശാസ്ത്രമായിരുന്നു മുഖ്യവിഷയം കേംബ്രിജ് സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ അവാര്‍ഡോടെ ഉന്നതബിരുദ്ധം നേടി. പിന്നീട് ഓക്സ്ഫഡില്‍ ഇരുപത്തിനാലാം വയസ്സില്‍ ഡി. ലിറ്റിന് ചേര്‍ന്നു.

  രാഷ്ട്രീയമായിരുന്നില്ല ഒരു കാലത്തും മന്‍മോഹന്‍റെ മേഖല, സാമ്പത്തികകാര്യ വകുപ്പിന്റെ ഉപദേഷ്ടാവായി, ആസൂത്രണ കമ്മീഷന്‍ അംഗം, ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍, റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ എന്നീ നിലകളിലൊക്കെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ശേഷമാണ് ധനമന്ത്രിപദത്തിലെത്തുന്നത്.

  അസമില്‍ നിന്നുള്ള രാജ്യസഭാംഗമായ മന്‍മോഹന്‍ സിംഗിന് പ്രധാനമന്ത്രി പദം കിട്ടിയത് അപ്രതീക്ഷമായിട്ടായിരുന്നു.തിരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് സോണിയാ ഗാന്ധി പ്രധാനമന്ത്രി പദം ഏറ്റെടുക്കാന്‍ തയ്യാറായില്ല  പകരം മന്‍മോഹന്‍ സിംഗിന്‍റെ പേര് നിര്‍ദ്ദേശിച്ചു.വിജയകരമായി അഞ്ചുവര്ഷം കാലാവധി തികച്ച മന്‍മോഹന്‍ രണ്ടാം വട്ടവും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.2004 മേയ് 22 മുതല്‍ 2014 മേയ് 27 വരെയാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ ഇരുന്നത്. ഗുര്‍ ശരണ്‍ കൌറാണ് മന്‍മോഹന്‍ സിംഗിന്‍റെ ഭാര്യ,മൂന്ന് പെണ്‍ മക്കളാണ് അദ്ദേഹത്തിനുള്ളത്.