ദിമിത്രി മെൻഡലിയേവ്
ആദ്യത്തെ ആവർത്തനപ്പട്ടിക അവതരിപ്പിച്ച റഷ്യക്കാരനായ ശാസ്ത്രജ്ഞനാണ് ദിമിത്രി മെൻഡലിയേവ്. പൂർണ്ണനാമം:ദിമിത്രി ഇവാനോവിച്ച് മെൻഡലിയേവ്.രസതന്ത്രജ്ഞൻ, ഗവേഷകൻ, കണ്ടുപിടിത്തക്കാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. ആവർത്തനപ്പട്ടികയിലേക്ക് സംഭാവന നൽകിയ മറ്റു ശാസ്ത്രജ്ഞരിൽ നിന്നു വ്യത്യസ്തമായി കണ്ടുപിടിക്കാനിരിക്കുന്ന മൂലകങ്ങളൂടെ സ്വഭാവസവിശേഷതകൾ അദ്ദേഹം പ്രവചിച്ചു.
ആദ്യകാല ജീവിതം
സൈബീരിയയിലെ ടോബ്ലോസ്കിൽ വെർഖ്നീ അരെംസയാനി എന്ന ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. ഇവാൻ പാവ്ലോവിച്ച് മെൻഡലിയേവ്, മരിയ ഡിമിട്രിയേവ്ന മെൻഡലിയേവ് എന്നിവരാണ് മാതാപിതാക്കൾ. പാവെൽ മാക്സിമോവിച്ച് സോകോലോവ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേര്. റഷ്യൻ ഓർത്തഡോക്സ് സഭയിലെ ഒരു പാതിരിയായിരുന്നു ഇദ്ദേഹം. ഇവാനും സഹോദരീസഹോദരന്മാരും ഒരു സെമിനാരിയിലെ പഠനത്തിനിടെ പുതിയ കുടുംബപ്പേര് സ്വീകരിച്ചു. ഓർത്തഡോക്സ് ക്രിസ്ത്യാനിയായാണ് ജനിച്ചതെങ്കിലും ഇദ്ദേഹം പിന്നീട് മതത്തെ തള്ളിക്കളയുകയും ഒരു തരം ഡേയിസം മതമായി സ്വീകരിക്കുകയും ചെയ്തു.
11-ഓ, 13-ഓ, 14ഓ 17ഓ സഹോദരീസഹോദരന്മാരാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. പല സ്രോതസ്സുകളും പല എണ്ണമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇദ്ദേഹം ഏറ്റവും ഇളയ ആളായിരുന്നു. രാഷ്ട്രമീമാംസ, തത്ത്വശാസ്ത്രം, ഫൈൻ ആർട്ട്സ് എന്നിവ പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛൻ. ഇദ്ദേഹത്തിന്റെ അച്ഛന്റെ കാഴ്ച്ചശക്തി നഷ്ടപ്പെടുകയും അതോടെ ജോലി ഇല്ലാതാവുകയും ചെയ്തു. അമ്മ ജോലി ചെയ്യാനാരംഭിച്ചു. കുടുംബത്തിന്റെ ഗ്ലാസ്സ് ഫാക്ടറി അടഞ്ഞുകിടന്നിരുന്നത് ഇവർ തുറന്നു പ്രവർത്തിപ്പിക്കാൻ തുടങ്ങി. ഇദ്ദേഹത്തിനു പതിമൂന്ന് വയസ്സായപ്പോഴേയ്ക്കും അച്ഛൻ മരിക്കുകയും ഫാക്ടറി തീപ്പിടുത്തത്തിൽ നശിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം ടോബ്ലോസ്കിലെ ഒരു ജിംനേഷ്യത്തിൽ വിദ്യാഭ്യാസത്തിനായി പോകാൻ തുടങ്ങിയത് ഈ സമയത്താണ്.
1849-ൽ ദാരിദ്ര്യത്തിലായ മെൻഡലിയേവ് കുടുംബം സെയിന്റ് പീറ്റേഴ്സ്ബർഗിലേയ്ക്ക് താമസം മാറ്റി. ഇദ്ദേഹം ഇവിടത്തെ മെയിൻ പെഡഗോഗിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 1850-ൽ ചേർന്നു. ബിരുദത്തിനു ശേഷം ഇദ്ദേഹത്തിന് ക്ഷയരോഗം പിടിപെടുകയും ഇതിനാൽ 1855-ഓടെ കരിങ്കടലിന്റെ വടക്കേ തീരത്തിനടുത്തുള്ള ക്രിമിയയിലേയ്ക്ക് ഇദ്ദേഹം താമസം മാറി. ഒന്നാം നമ്പർ സിംഫെറോപോൾ ജിംനേഷ്യത്തിൽ ഇദ്ദേഹം ശാസ്ത്രാദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1857ഓടെ ആരോഗ്യം വീണ്ടെടുത്ത് ഇദ്ദേഹം സെന്റ് പീറ്റേഴ്സ്ബർഗിൽ തിരിച്ചെത്തി.