ദീപാവലി
ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്, ദീപാവലി അഥവാ ദിവാലി. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉത്സവമായ ഇത് ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ വിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചുമാഘോഷിക്കുന്നു. ദക്ഷിണേന്ത്യൻ ഭാഷകളിൽ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്കൃതത്തിലെ അതേ പേരിലും മറ്റു ഭാഷകളിൽ ‘ദിവാലി’യെന്ന പേരിലും ദീപാവലിയാചരിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഈ ഉത്സവമാഘോഷിക്കുന്നുണ്ട്. സാമ്പത്തിക ഉയർച്ച ഉണ്ടാകുവാൻ ഭക്തർ, പ്രത്യേകിച്ച് വ്യാപാരികളും ബിസിനസ്‌കാരും മഹാലക്ഷ്മിയെ പൂജിക്കുന്ന ദിവസം കൂടിയാണ് ദീപാവലി. ക്ഷേത്രങ്ങളിൽ പ്രത്യേകിച്ച് ഗുരുവായൂർ, ചോറ്റാനിക്കര, കൊല്ലൂർ മൂകാംബിക തുടങ്ങിയ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ദർശനത്തിന് തിരക്ക് അനുഭവപ്പെടുന്ന ഒരു ദിവസം കൂടിയാണ് ദീപാവലി.