ദിലീപ്
ഒരു മലയാള ചലച്ചിത്ര നടനാണ് ദിലീപ്. യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള. 1967 ഒക്ടോബർ 27-ന് ആലുവയ്ക്കടുത്ത് ദേശത്ത് പത്മനാഭൻ പിള്ളയുടെയും സരോജയുടെയും മൂത്ത മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവൻ (പത്താം ക്ലാസ്സ് 1985) തുടർന്ന് ആലുവ യു.സി. കോളജ് (പ്രീ-ഡിഗ്രി, തേഡ് ഗ്രൂപ്പ് – 1987 ), എറണാകുളം മഹാരാജാസ് കോളജ് (ബി.എ. എക്കണോമിക്‌സ് ,1990 ) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സർക്കാരിന്റെ മികച്ച നടനുള്ള 2011-ലെ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. സിനിമയിലെത്തുന്നതിന് മുന്നേ ഇദ്ദേഹം അറിയപ്പെടുന്ന മിമിക്രി കലാകാരനായിരുന്നു, സൗണ്ട് തോമ, ശൃംഗാരവേലൻ, തിളക്കം, കല്യാണരാമൻ എന്നീ സിനിമകൾക്ക് വേണ്ടി ആദ്ദേഹം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്
ആദ്യ കാലം
വിദ്യാർത്ഥിയായിരിക്കേ മിമിക്രിയിലൂടെയാണ് ദിലീപ് കലാ രംഗത്ത് എത്തിയത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായി തിളങ്ങി.. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.പിന്നീട് സഹനടനായും കോമഡി വേഷങ്ങൾ ചെയ്തും വളർന്നു.
ജീവിതം
മലയാളസിനിമാ നടിയായ മഞ്ജു വാര്യരെ ദിലീപ് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ അദ്ദേഹത്തിന് ജനിച്ച മകളാണ് മീനാക്ഷി. മഞ്ജുവിനെ വിവാഹം കഴിക്കന്നതിനു മുമ്പ് അദ്ദേഹം സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഒരു അകന്ന ബന്ധുവിൻറെ മകളെ വിവാഹം കഴിച്ചിരുന്നു. മിമിക്രി താരം അബി ആദ്യവിവാഹത്തിനു സാക്ഷിയായിന്ന ഈ വിവാഹബന്ധം പിന്നീട് ഒഴിഞ്ഞു. പതിനാറുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2014-ൽ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധവും നിയമപരമായി വേർപ്പെടുത്തിയ ദിലീപ് തുടർന്ന് 2016 നവംബർ 25-ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്തു.