കുഴിച്ചെടുക്കുന്ന സ്വര്‍ണം
ഭൂമിയുടെ ഉപരിതലത്തിലും കടല്ജലത്തിലുമൊക്കെ സ്വര്‍ണമുണ്ട്. ഏറെക്കുറെ സ്വതന്ത്രാവസ്ഥയിലുള്ള ഈ ലോഹം മണലുമായി ചേര്‍ന്ന് ചെരുതിരികളായും വലിയ കട്ടകളായും ചെമ്പ്, വെള്ളി തുടങ്ങിയ ലോഹങ്ങളുമായി ചേര്‍ന്നും കാണപ്പെടുന്നു.
അഗ്നിപര്‍വത സ്ഫോടനങ്ങളുടെയും മറ്റും ഫലമായി മേല്മണ്ണിലെത്തുന്ന സ്വര്‍ണം ഒഴുക്കുവെള്ളത്തിലൂടെ നദീതടങ്ങളിലെത്താറുണ്ട്. ശിലാ യുഗത്തിലെ മനുഷ്യര്‍ സ്വര്‍ണത്തരികള്‍ ആദ്യമായി കണ്ടെടുത്തത് നദീതടത്തിലെ മണലില്‍ നിന്നാകാം, പില്ക്കാലത്ത് സ്വര്‍ണം സ്വര്‍ണമായി എവിടെയെല്ലാം കണ്ടെത്തിയോ, അവയെല്ലാ൦ ശേഖരിക്കാന്‍ മനുഷ്യര്‍ പരക്കംപാഞ്ഞു. മേല്‍ മണ്ണിലെ സ്വര്‍ണം വളരെ കുറവായതിനാല്‍ ഭൂമിയുടെ ആഴങ്ങളില്‍ നിന്നാണ് ഇന്ന് അധികവും സ്വര്‍ണം ശേഖരിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ ചില സ്വര്‍ണഖനികള്‍ക്ക് 12,000 അടിയോളം താഴ്ചയുണ്ട്.
പ്രാചീനലോകത്ത് സ്വര്‍ണഖനനത്തില്‍ മുന്നിട്ടുനിന്നത് ഈജിപ്തു കാരായിരുന്നു, തുടര്‍ന്ന് റോമോസാമ്രാജ്യം സ്വര്‍ണത്തിന്റെ കുത്തക കീഴടക്കി. അവര്‍ സ്പെയിന്, പോര്‍ച്ചുഗല്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് സ്വര്‍ണം കുഴിച്ചെടുത്തു. മണ്ണില്‍ കുഴിച്ചും പുഴവെള്ളം അരിച്ചും സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന രീതി പിന്നീട് നൂറ്റാണ്ടുകളോളം തുടര്‍ന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി യോടെയാണ് കൂടുതല്‍ ആഴങ്ങളില്‍, യന്ത്ര സഹായത്തോടെയുള്ള സ്വര്‍ണഖനനം ആരംഭിച്ചത്. ഇന്ന് നമുക്ക് ലഭിച്ചിട്ടുള്ള സ്വര്‍ണത്തിന്റെ 90 ശതമാനവും ഖനനം ചെയ്തെടുത്തത് ഇതിനുശേഷമാണ്.
1848-ല്‍ വടക്കേ അമേരിക്കയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. 1886-ല്‍ രാന്ടയില് സ്വര്‍ണനിക്ഷേപം കണ്ടെത്തിയതോടെ സ്വര്ണോല്പാദനത്തില് ദക്ഷിണാഫ്രിക്ക മുന്നിലെത്തി. ഇതേ സമയത്ത് കാനഡയിലും ഓസ്ട്രേലിയയിലും സ്വര്‍ണഖനനം മന്ദഗതിയിലായെങ്കിലും 1980-കളില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നതോടെ പല രാജ്യങ്ങളും ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ആധുനികയന്ത്രസഹായത്തോടെ സമുദ്രങ്ങളുടെയും നദികളുടെയും അടിത്തട്ടില്‍ നിന്ന് ഇന്ന് സ്വര്‍ണം ഖനനം ചെയ്തെടുക്കുന്നുണ്ട്.