സോറില്ല
വരയന്‍ വെരുക് അഥവാ സ്ട്രൈപ്പ്ഡ പോള്‍ ക്യാറ്റ്. ആഫ്രിക്കയില്‍ കാണപ്പെടുന്ന സോറില്ല എന്ന ജീവി ഇങ്ങനെയും അറിയപ്പെടുന്നു. ഇവയുടെ കറുകറുത്ത ശരീരത്തിന്റെ പുറത്തു മാത്രം വെളുത്ത വരകള്‍ കാണാം. വേരുകിന്റെയും കീരിയുടെയും ബന്ധുവാണ് സോറില്ല.
ശത്രുക്കള്‍ അടുത്തെത്തിയാല്‍ രോമങ്ങളെല്ലാം നിവര്‍ത്തി വലിയ വലിപ്പം തോന്നിക്കുന്ന വിധം നില്‍ക്കുക ഇവയുടെ സൂത്രമാണ്. അത് കണ്ടിട്ടും ശത്രു പോയില്ലെങ്കില്‍ കടുത്ത ദുര്‍ഗന്ധമുള്ള ഒരു ദ്രാവകം ശത്രുവിന്റെ കണ്ണിലേക്ക് ചീറ്റും! അത് കണ്ണില്‍ വീണാല്‍ ഭയങ്കര എരിച്ചില്‍ അനുഭവപ്പെടും. അതോടെ ഏതു ശത്രുവും പറ പറക്കും.
സോറില്ലകള്‍ രാത്രിയാണ് ഇര തേടുന്നത്. പാമ്പുകള്‍, മറ്റ് ഉരഗങ്ങള്‍, തവളകള്‍ എന്നിവയെ കണ്ടാല്‍ ആക്രമിച്ചു കീഴ്പ്പെടുത്താറുണ്ട്. അതുകഴിഞ്ഞ് അവയെ അകത്താക്കുകയും ചെയ്യും. പക്ഷികളുടെ മുട്ടകളും ഇവ ശാപ്പിടും.
കരയിലാണ് വാസമെങ്കിലും സോറില്ല ഒന്നാന്തരമായി നീന്തും. മരം കയറ്റത്തിലും വിരുതുണ്ട്. പകല്‍ ഇവ പാറകളുടെ വിടവുകള്‍ക്കിടയില്‍ ഒളിച്ചിരിക്കും. രാത്രിയാകുമ്പോഴാണ് വേട്ടയ്ക്കിറങ്ങുക.
ഒരടിയിലേറെ നീളം വയ്ക്കും സോറില്ല. തൂക്കം ഒരു കിലോഗ്രാമേ ഉണ്ടാകൂ!
പെണ്‍സോറില്ലകള്‍ ഒരു പ്രാവശ്യം മൂന്ന് കുഞ്ഞുങ്ങളെ വരെ പ്രസവിക്കും. കുഞ്ഞുങ്ങള്‍ പൂര്‍ണ്ണവളര്‍ച്ചയെത്താന്‍ ഒരു വര്‍ഷം മതി! 13 വയസ്സാണ് അവയുടെ കൂടിയ ആയുസ്സ്. സുഡാനിലും തെക്കേ ആഫ്രിക്കയിലും കാണുന്നു.