പ്ലാനെറ്റ് 9
സൗരയൂഥത്തില്‍ അംഗീകരിക്കപ്പെട്ട 8 ഗ്രഹങ്ങളാണ് ഉള്ളത്. ഇത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ് എന്നാല്‍ 9 ആമത് ഒരു ഗ്രഹം ഉണ്ടായിരുന്നു. “പ്ലൂട്ടോ” 2006 ല്‍ ഗ്രഹമാകാനുള്ള ഒരു യോഗ്യത ഇല്ലാ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്‍ പ്ലൂട്ടോക്ക് ആ പദവി നഷ്ടപ്പെട്ടു. എന്നാല്‍ നമ്മുടെ സൗരയൂഥത്തില്‍ ഒമ്പതാമത് ഒരു ഗ്രഹം ഉണ്ട്. പ്ലൂട്ടോ അല്ല, പ്ലൂട്ടോക്ക് ശേഷമാണു അത് സ്ഥിതി ചെയ്യുന്നത്. ഭൂമിയെക്കാള്‍ 5 മുതല്‍ പത്തിരട്ടി വരെ മാസുള്ള ആ ഗ്രഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതൊരു ഹൈപ്പോത്തീസീസ്(Hypothesis) ആണ് അങ്ങനെ ഒരു ഗ്രഹം ഉണ്ടാകും എന്ന്‍ ‘പ്ലാനെറ്റ് 9’(Planet 9). പ്ലാനെറ്റ് 9 നെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് നോക്കാം.
സൗരയൂഥത്തില്‍ അംഗീകരിക്കപ്പെട്ട 8 ഗ്രഹങ്ങളാണ് ഉള്ളത്. അതില്‍ മെര്‍ക്കുറി മുതല്‍ സാറ്റേണ്‍(Mercury to Saturn) വരെയുള്ള ആദ്യത്തെ ആറു ഗ്രഹങ്ങളെ കുറിച്ച് മനുഷ്യന്റെ ഉത്ഭവകാലം മുതല്‍ തന്നെ മനുഷ്യന് അറിയാം.കാരണം ഈ ആറു ഗ്രഹങ്ങളും മനുഷ്യര്‍ക്ക് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്നവയാണ്. എന്നാല്‍ ഏഴാമത്തെ ഗ്രഹമായ യുറാനസിനെ(Uranus) നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കില്ല. പ്രകാശമലിനീകരണം ഒട്ടും ഇല്ലാത്ത ഇരുണ്ട ആകാശത്ത് ക്യാമറാഷട്ടര്‍ കുറച്ചധികനേരം തുറന്നു വച്ചാല്‍ യുറാനസ്സിനെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കുമായിരിക്കും. എന്നാല്‍ എട്ടാമത്തെ ഗ്രഹമായ നെപ്ട്യൂണ്‍ മനുഷ്യര്‍ക്ക് പൂര്‍ണ്ണമായും അദൃശ്യമാണ്. ടെലിസ്കോപ്പ് ഉണ്ടെങ്കില്‍ മാത്രമേ നെപ്ട്യൂണിനെ കാണാന്‍ സാധിക്കൂ. നെപ്ട്യൂണിനെ നേരിട്ട് ടെലിസ്കോപ്പിലൂടെ കണ്ടെത്തുന്നത് സെപ്റ്റംബര്‍ 23 ,1846 ല്‍ ആസ്ട്രോണമര്‍(Astronomer) ആയിരുന്ന ജൊഹാന്‍ ഹെയില്‍ ആയിരുന്നു. എന്നാല്‍ നേരിട്ട് നെപ്ട്യൂണിനെ കണ്ടെത്തുന്നതിനു മുന്‍പ് തന്നെ മാത്തമാറ്റിക്കല്‍(Mathematical) കാല്‍ക്കുലേഷന്‍സിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ ഒരു ഗ്രഹം അവിടെ ഉണ്ടാകുമെണ്ണ്‍ മറ്റൊരു ആസ്ട്രോണമര്‍ ആയിരുന്ന ഉര്‍ബാന്‍ ലേ വെരൈര്‍ പ്രവചിച്ചിരുന്നു. ഉര്‍ബാന്‍ ലേ വെരൈര്‍ ഒരു ഫ്രഞ്ച് മാത്തമാറ്റിഷ്യനും ആസ്ട്രോണമറുമായിരുന്നു. സെലസ്റ്റിയല്‍ മെക്കാനിക്സില്‍ ആയിരുന്നു അദ്ദേഹം വൈദഗ്ദ്യം നേടിയിരുന്നത്. ആസ്ട്രോണോമിയിലെ ഒരു ശാഖയാണ് സെലസ്റ്റിയല്‍ മെക്കാനിക്സ്. ബഹിരാകാശവസ്തുക്കളുടെ ചലനങ്ങളെ കുറിച്ചുള്ള പഠനമാണ് ഇതില്‍ ഉള്ളത്. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഒക്കെ ചലനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
അതെ സമയം തന്നെ ബ്രിട്ടീഷ് മാത്തമാറ്റീഷ്യനും ആസ്ട്രോണമറും ആയിരുന്ന ജോണ്‍ കൗച്ച് ആഡംസ് സ്വതന്ത്രമായി നടത്തിയ പഠനങ്ങളും എത്തിച്ചേര്‍ന്നത് ഉര്‍ബാന്‍ ലേ വേരൈറിന്റെ അതേ നിഗമനത്തില്‍ ആയിരുന്നു. ഐസക്ക് ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമവും യുറാനസിന്റെ ഓര്‍ബിറ്റിലെ വ്യതിയാനവും പഠനവിഷയമാക്കിയാണ് ഇവര്‍ രണ്ടുപേരും നെപ്ട്യൂണ്‍ എന്ന ഗ്രഹത്തെ കുറിച്ച് മുന്‍കൂട്ടി അറിഞ്ഞത്. എന്നാല്‍ ഇവര്‍ രണ്ടു പേര്‍ക്കും മുന്‍പ് ഫ്രഞ്ച് ആസ്ട്രോണമര്‍ ആയിരുന്ന അലക്സീസ് ബൊവാര്‍ഡ് യുറാനസിന് ശേഷം എട്ടാമത് ഒരു ഗ്രഹം ഉണ്ടെന്നുള്ള ഒരു ഹൈപ്പോത്തിസീസ് അവതരിപ്പിച്ചിരുന്നു. കണക്കു കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് യുറാനസ് അതിന്റെ പ്രതീക്ഷിച്ച ഓര്‍ബിറ്റില്‍ നിന്ന്‍ മാറി സഞ്ചരിക്കുന്നത് അലക്സീസ് കണ്ടെത്തിയിരുന്നു. അത് കണ്ടെത്താത്ത മറ്റൊരു ഗ്രഹത്തിന്റെ ഗ്രാവിറ്റി കാരണമാണ് എന്നുള്ള നിഗമനത്തില്‍ ആണ് അലക്സീസ് എത്തി ചേര്‍ന്നത്.എന്നാല്‍ അദ്ദേഹത്തിനു അത് കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്‍റെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനങ്ങളുടെ ഫലമായാണ് ഉര്‍ബാന്‍ ലേ വെരൈറും ജോണ്‍ കൗച്ചും ബഹിരാകാശത്ത് നെപ്ട്യൂണിന്റെ സ്ഥാനം കണ്ടെത്തുന്നത്. അതിന് ശേഷമാണ് ഉര്‍ബാന്‍ ലേ വേരൈര്‍ ബെര്‍ല്ലിന്‍ ഒബ്സര്‍വേട്ടറി ആസ്ട്രോണമര്‍(Berlin Observatory Astronomer) ആയിരുന്ന ജൊഹാന്‍ ഗാലിക്ക് നെപ്ട്യൂണിന്റെ കോര്‍ഡിനേറ്റ്സ് അയക്കുന്നത്. കോര്‍ഡിനേറ്റ്സ് അനുസരിച്ച് നിരീക്ഷിച്ച ജൊഹാന്‍ നെപ്ട്യൂണിനെ കണ്ടെത്തുകയും ചെയ്തു. മാത്തമാറ്റിക്കല്‍ കാല്‍ക്കുലേഷന്‍ (Mathematical calculation) സിന്റെ അടിസ്ഥാനത്തില്‍ മാത്രം നെപ്ട്യൂണ്‍ എന്ന ഗ്രഹത്തിന്റെ കൃത്യമായ സ്ഥാനം മുന്‍കൂട്ടി പറയാന്‍ സാധിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
തുടര്‍ന്ന്‍ നെപ്ട്യൂണിനെ കൂടുതലായി നിരീക്ഷിച്ച ആസ്ട്രോണമേഴ്സിനു ഒരു കാര്യം കൂടി മനസ്സിലായി നെപ്ട്യൂണ്‍ മാത്രമല്ല യുറാനസിന്റെ ഓര്‍ബിറ്റിന് വൈരുദ്ധ്യം വരാന്‍ കാരണം നെപ്ട്യൂണിനു ശേഷം ഒമ്പതാമത് ഒരു ഗ്രഹം കൂടി ഉണ്ട് ആസ്ട്രോണമേഴ്സ് അതിനെ പ്ലാനെറ്റ് X എന്ന് നാമകരണം ചെയ്തു.പ്ലാനെറ്റ് X അന്നേരം ഒരു ഹൈപ്പോത്തിസീസ് മാത്രമായിരുന്നു. അത് കണ്ടെത്തുക എന്നതായി ആസ്ട്രോണമെഴ്സിന്റെ അടുത്ത ദൗത്യം. 1894 മുതല്‍ സൗരയൂഥത്തിലെ ഒമ്പതാമത്തെ ഗ്രഹത്തെ കണ്ടെത്താനുള്ള നിരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു.1906 ല്‍ ബോസ്റ്റണിലെ ധനികനും മാത്തമാറ്റീഷ്യനും ആസ്ട്രോണമറും ആയിരുന്ന പെഴ്സിവാല്‍ ലോറന്‍സ് ലൊവേല്‍ അരിസോണയില്‍ ലൊവേല്‍ ഒബ്സര്‍വേറ്ററി എന്ന ദൂരദര്‍ശിനി സ്ഥാപിക്കുകയുണ്ടായി 1916 ല്‍ അദ്ദേഹത്തിന്‍റെ മരണം വരെ ഒമ്പതാമത്തെ ഗ്രഹമായ പ്ലാനെറ്റ് X നെ കണ്ടെത്താന്‍ അദ്ദേഹം നിരന്തരം നിരീക്ഷണം നടത്തി നിരാശയായിരുന്നു ഫലം. എന്നാല്‍ രസകരമായ കാര്യം എന്തെന്ന് വച്ചാല്‍ 1915 ല്‍ മാര്‍ച്ചിലും ഏപ്രിലിലും പകര്‍ത്തിയ രണ്ടു ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഉണ്ടായിരുന്നു. അത് പ്ലാനെറ്റ് X എന്ന്‍ അദ്ദേഹം വിശേഷിപ്പിച്ച ഒമ്പതാമത്തെ ഗ്രഹമായ പ്ലൂട്ടോ ആയിരുന്നു.അദ്ദേഹത്തിന് അത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പെഴ്സിവല്‍ ലോവറിന്റെ മരണശേഷം ചില നിയമ പ്രശ്നങ്ങള്‍ കാരണം ലൊവേല്‍ ഒബ്സര്‍വേറ്ററിയില്‍ നിരീക്ഷണങ്ങള്‍ നടന്നില്ല. ശേഷം 1930 ല്‍ ലൊവേല്‍ ഒബ്സര്‍വേറ്ററിയില്‍ വച്ച് ക്ലൈഡ് ടോമ്പൂ ആണ് പ്ലൂട്ടോയെ കണ്ടെത്തുന്നത്.1915 ല്‍ പെഴ്സിവാല്‍ ലൊവേല്‍ പ്ലാനെറ്റ് X ഉണ്ടാകും എന്ന് പ്രവചിച്ച ഏകദേശസ്ഥാനത്ത് ആയിരുന്നു പ്ലൂട്ടോയെ കണ്ടെത്തിയത്. എന്നാല്‍ ലൊവേല്‍ പ്രവചിച്ച പ്ലാനെറ്റ് X ന്റെ സവിശേഷഗുണങ്ങളും പ്ലൂട്ടോയുമായി യാതൊരു ബന്ധവും ഇല്ല എന്നതായിരുന്നു വസ്തുത. കാരണം പ്ലാനെറ്റ് X യുറാനസിന്റെ ഓര്‍ബിറ്റില്‍ സ്വാധീനം ഉണ്ടാക്കാന്‍ മാത്രം മാസുള്ള ഒരു ഗ്രഹം ആണ് എന്നാല്‍ കണ്ടെത്തിയ പ്ലൂട്ടോ ആകട്ടെ ഭൂമിയുടെ 0.2% മാത്രം മാസുള്ള ഒരു ഗ്രഹം ആയിരുന്നു. തുടര്‍ന്ന്‍ യുറാനസിന്റെ ഗ്രാവിറ്റിയെ സ്വാധീനം ചെലുത്താന്‍ കഴിവുള്ള യഥാര്‍ത്ഥ പ്ലാനെറ്റ് X എന്ന ഭീമന്‍ ഗ്രഹത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. പിന്നീട് 1989 ല്‍ വൊയേജര്‍ 2 (Voyager 2) നെപ്ട്യൂണിന്റെ അടുത്തുകൂടി കടന്നു പോകുകയുണ്ടായി നെപ്ട്യൂണിനെ കുറിച്ച് വൊയേജര്‍ 2 വില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് മറ്റൊരു കാര്യം മനസിലായി നെപ്ട്യൂണിന്റെ മാസ് ആസ്ട്രോണമേഴ്സ് കരുതിയതിനെക്കാളും 0.5% കുറവാണ്. ഈ തെറ്റായ കണക്കു കാരണമായിരുന്നു യുറാനസിന്റെ ഓര്‍ബിറ്റില്‍ മാറ്റം വന്നതായി ആസ്ട്രോണമേഴ്സിന് തോന്നിയത്. പുതിയ കണ്ടെത്തല്‍ പ്ലാനെറ്റ് X എന്ന ഹൈപ്പോത്തിസീസ് തെറ്റാണ് എന്ന് തെളിയിച്ചു.
പ്ലൂട്ടോയുടെ കണ്ടെത്തല്‍ യാദൃശ്ചികമായിരുന്നു. തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇല്ലാത്ത ഗ്രഹത്തിന് വേണ്ടി നടത്തിയ നിരീക്ഷങ്ങളുടെ ഫലമായിരുന്നു പ്ലൂട്ടോയുടെ കണ്ടെത്തല്‍ 1992 നു ശേഷം പ്ലൂട്ടോയുടെ ഗ്രഹം എന്ന പദവി വളരെ ചര്‍ച്ച ചെയ്യപ്പെട്ടു. സൗരയൂഥത്തില്‍ ഗ്രഹങ്ങള്‍ക്ക് ഒരു കൃത്യമായ മാനദണ്ഡം അന്നേരം നിശ്ചയിച്ചിട്ടില്ലായിരുന്നു. പ്ലൂട്ടോയോട് സാമ്യമുള്ള പല വസ്തുക്കളും കുയിപ്പര്‍ ബെല്‍റ്റില്‍ (Kuiper belt) കണ്ടെത്തുകയുണ്ടായി. 2005 ജൂലായ് 29 ന് കുയിപ്പര്‍ ബെല്‍റ്റില്‍ മറ്റൊരു ട്രാന്‍സ് നെപ്ട്യൂണ്‍ ഒബ്ജെക്റ്റ് കൂടി കണ്ടെത്തുകയുണ്ടായി ഇറിസ്(Eris). പ്ലൂട്ടോയെക്കാള്‍ മാസുള്ള വസ്തു ആയിരുന്നു അത്. ആദ്യം അതിനെ പത്താമത്തെ ഗ്രഹം എന്നാണ് വിശേഷിപ്പിച്ചത്. സൗരയൂഥത്തില്‍ ഒരു വസ്തുവിന് ഗ്രഹമാകാനുള്ള കൃത്യമായ മാനദണ്ഡം അതിന് ശേഷമാണ് ഇന്റര്‍നാഷണല്‍ ആസ്ട്രോണമിക്കല്‍ യൂണിയന്‍ അവതരിപ്പിക്കുന്നത്.ഇനി പറയുന്ന മൂന്നു മാനദണ്ടങ്ങള്‍ ആണ് അതില്‍ ഉള്ളത്.
1)ആ വസ്തു സൂര്യനെ പരിക്രമണം ചെയ്യുന്നത് ആയിരിക്കണം.
2)ഹൈഡ്രോസ്റ്റാറ്റിക്ക് ഇക്യുലിബ്രിയം(Hydrostatic Equilibrium). അതായത് ആ വസ്തുവിന്റെ മാസ് കാരണം ആ വസ്തു സ്വയം ഒരു ഗോളാകൃതി കൈവരിച്ചിരിക്കണം.
3)ഒരു ഗ്രഹത്തിന്റെ ഓര്‍ബിറ്റില്‍ അതിന്റെ മാസിനെക്കാള്‍ കൂടുതല്‍ വസ്തുക്കള്‍ ഉണ്ടാകാന്‍ പാടില്ല.
പ്ലൂട്ടോയ്ക്ക് മൂന്നാമത്തെ മാനദണ്ഡം ആണ് ഗ്രഹം എന്ന പദവി നഷ്ടമാകാന്‍ കാരണം. അങ്ങനെ 2006 ല്‍ പ്ലൂട്ടോയ്ക്കും ഇറിസിനും കുള്ളന്‍ ഗ്രഹം എന്ന പദവി ലഭിച്ചു. പ്ലൂട്ടോയാണ് ഏറ്റവും പ്രസിദ്ധമായ ട്രാന്‍സ് നെപ്ട്യൂണ്‍ ഒബ്ജെക്റ്റ് അഥവാ ‘TNO’. നെപ്ട്യൂണിനെക്കാളും കൂടുതല്‍ ദൂരത്തുള്ള ഓര്‍ബിറ്റില്‍ സൂര്യനെ പരിക്രമണം ചെയ്യുന്ന വസ്തുക്കളാണ് TNO. നെപ്ട്യൂണിന്റെ സ്ഥാനം കണ്ടെത്തിയത് മാത്തമാറ്റിക്സിന്റെ സഹായം കൊണ്ടു മാത്രമായിരുന്നു. ഗ്രാവിറ്റി ആണ് ഏറ്റവും വലിയ തെളിവ്. ഭൂമിയുടെ അഞ്ച് മുതല്‍ പത്തിരട്ടി വരെ മാസുള്ള ഒരു ഗ്രഹത്തിന് കുയിപ്പര്‍ ബെല്‍ട്ടില്‍ ഉള്ള ട്രാന്‍സ് നെപ്ട്യൂണ്‍ ഒബ്ജെക്റ്റുകളില്‍ ഗ്രാവിറ്റിയാല്‍ സ്വാധീനം ചെലുത്താന്‍ കഴിയും. പ്ലാനെറ്റ് 9 കണ്ടെത്തുകയാണെങ്കില്‍ സൗരയൂഥത്തിന്റെ ചരിത്രത്തിലെ 170 വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഒരു നാഴികക്കല്ലായിരിക്കും അത്.1846 ല്‍ കണ്ടെത്തിയ നെപ്ട്യൂണിന് ശേഷം മനുഷ്യര്‍ കണ്ടെത്തുന്ന ഒരു യഥാര്‍ത്ഥ ഗ്രഹമായിരിക്കും അത്. എന്നാല്‍ അതിനെ നേരിട്ട് കണ്ടെത്തുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. ഒരു പക്ഷെ മറ്റു നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്ന ഗ്രഹങ്ങളെ കണ്ടെത്തുന്നതിനെക്കാള്‍ ശ്രമകരം.
കെപ്ലര്‍ ടെലിസ്കോപ്പിന്റെ(Kepler telescope) ദൗത്യം മറ്റു നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്ന ഭൂമിയെ പോലുള്ള ഗ്രഹങ്ങളെ കണ്ടെത്തുക എന്നതാണ്. ട്രാന്‍സിറ്റ് ഫോട്ടോമെട്രി(Transit Photometri) എന്ന സാങ്കേതിക വിദ്യയാണ് കെപ്ലര്‍ ഉപയോഗിക്കുന്നത്. ടെലിസ്കോപ്പും ഗ്രഹവും നക്ഷത്രവും ഒരേ ദിശയില്‍ വരുമ്പോള്‍ നക്ഷത്രത്തിന്റെ മുന്നില്‍ കൂടി കടന്നു പോകുന്ന ഗ്രഹം നക്ഷത്രത്തിന്റെ പ്രകാശത്തില്‍ ഉണ്ടാക്കുന്ന വ്യതിയാനം മനസിലാക്കി ആണ് അവിടെ ഒരു ഗ്രഹം ഉണ്ടെന്ന് കണ്ടെത്തുന്നത്.എന്നാല്‍ നമ്മുടെ സൂര്യന്റെ ആകര്‍ഷണ വലയത്തില്‍ ഉള്ള ഗ്രഹങ്ങളെ ഇങ്ങനെ കണ്ടെത്താന്‍ സാധിക്കില്ല. കാരണം ഭൂമി സൗരയൂഥത്തിന്റെ ഉള്ളിലാണ് ഉള്ളത് ഇവിടെയും നമ്മളെ സഹായിക്കുന്നത് മാത്തമാറ്റിക്സും ഗ്രാവിറ്റിയും തന്നെയാണ്.
ആസ്ട്രോണമേഴ്സ് ആയ കൊസ്റ്റിയന്‍സ്റ്റ്യന്‍ ബാറ്റ്ഗിനും മൈക്ക് ബ്രൗണും (Mike Brown and Konstantin Batygin) കുയിപ്പര്‍ ബെല്‍റ്റിലെ ചില TNO കളുടെ ഓര്‍ബിറ്റ് നിരീക്ഷിച്ചപ്പോള്‍ ചില കാര്യങ്ങള്‍ അവര്‍ക്ക്മനസിലായി. ചില TNO കളുടെ ഓര്‍ബിറ്റ് ഒരേ വശങ്ങളിലേക്കാണ് സ്ഥിതി ചെയ്യുന്നത്. ഇതിന് കൃത്യമായ ഒരു വിശദീകരണം ഇല്ല. സൗരയൂഥത്തിന്റെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഭൂമി ഉള്‍പ്പടെയുള്ള നാല് ഗ്രഹങ്ങളെ ടെറസ്ട്രിയല്‍ പ്ലാനെറ്റ്സ് (Terrestrial Planet) എന്ന് വിളിക്കും. പാറ അല്ലെങ്കില്‍ മെറ്റലുകള്‍ കൊണ്ടാണ് ഈ ഗ്രഹങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അതിനുശേഷമാണ് Jupiter, Saturn, Uranus, Neptune എന്നീ ഗ്യാസ് ജെയിന്റ് പ്ലാനെറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. പിന്നെയും നമ്മള്‍ സൗരയൂഥത്തിന്റെ അറ്റത്തേക്ക് പോയാല്‍ കുയിപ്പര്‍ ബെല്‍റ്റില്‍ അല്ലെങ്കില്‍ ട്രാന്‍സ് നെപ്ട്യൂണ്‍ ഒബ്ജെക്റ്റുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്തിച്ചേരും. പ്രധാനമായും 6 TNO- കളെയാണ് ബാറ്റ്കിനും ബ്രൗണും നിരീക്ഷിച്ചത്. ഈ ആറു ട്രാന്‍സ് നെപ്ട്യൂണ്‍ ഒബ്ജെക്റ്റ്സും 250 അസ്ട്രോണമിക്കല്‍ ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു ആസ്ട്രോണമിക്കല്‍ യൂണിറ്റ് എന്ന് പറഞ്ഞാല്‍ ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരമാണ്. ഈ ആറു TNO കളും നേരത്തെ പറഞ്ഞത് പോലെ ഒരേ ദിശയിലേക്കുള്ള ഓര്‍ബിറ്റില്‍ ആണ് സഞ്ചരിക്കുന്നത്.
സൗരയൂഥത്തിലെ ആറു TNO കള്‍ ഒരേ ദിശയില്‍ ഉള്ള ഓര്‍ബിറ്റില്‍ സഞ്ചരിക്കുന്നത് യാദൃശ്ചികമാകാന്‍ സാധ്യത ഇല്ല. ഇതിനെ യാദൃശ്ചികതയായി വിശദീകരിക്കാന്‍ സാധിക്കില്ല വളരെ മാസുള്ള ഗ്രഹത്തിന്റെ ഗ്രാവിറ്റിയുടെ സ്വാധീനം കാരണമായിരിക്കും ഈ TNOകള്‍ ഒരേ ദിശയില്‍ സഞ്ചരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ പഠിച്ച ആസ്ട്രോണമേഴ്സിനു അത് ശരിയാണ് എന്ന് തീര്‍ച്ചയായി. ഈ ആറു TNO കള്‍ സൗരയൂഥത്തിന്റെ 400 മുതല്‍ 800 ആസ്ട്രോണമിക്കല്‍ യൂണിറ്റ് ദൂരത്തുള്ള ഓര്‍ബിറ്റില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹത്തിന്റെ ഗ്രാവിറ്റിയുടെ സ്വാധീനത്തില്‍ പെട്ടിട്ടുണ്ടെങ്കില്‍ ഒരേ ദിശയില്‍ ഉള്ള ഓര്‍ബിറ്റില്‍ സഞ്ചരിക്കുന്നത് യാദൃശ്ചികത അല്ല. അത് മാത്രമല്ല കുള്ളന്‍ ഗ്രഹമായ 90377 Sedna നെപ്ട്യൂനിന്റെ സ്വാധീനത്തില്‍ നിന്ന് വേര്‍പെട്ട് സഞ്ചരിക്കുന്നു. അംഗീകരിക്കപ്പെട്ട എട്ട് ഗ്രഹങ്ങള്‍ക്ക് പെര്‍പെന്ടിക്കുലര്‍(Perpendicular) ആയാണ് TNO കള്‍ സഞ്ചരിക്കുന്നത്. ഇതെല്ലം സൂചിപ്പിക്കുന്നത് പ്ലാനെറ്റ് 9 ന്റെ സാന്നിധ്യമാണ്. കമ്പ്യൂട്ടര്‍ സ്റ്റിമുലേഷനും മാത്തമാറ്റിക്സിന്റെയും അടിസ്ഥാനത്തില്‍ അത് വളരെ വ്യക്തമാണ്. പ്ലാനെറ്റ് 9, 400 മുതല്‍ 800 വരെയുള്ള ആസ്ട്രോണമിക്കല്‍ യൂണിറ്റ് ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. അതായത് സൂര്യനും നെപ്ട്യൂണും തമ്മിലുള്ള ദൂരത്തിന്റെ 13 മുതല്‍ 26 മടങ്ങ് ദൂരം.10000 മുതല്‍ 20000 വരെ കൊണ്ടാണ് പ്ലാനെറ്റ് 9 സൂര്യനെ ഒരു പ്രാവശ്യം പരിക്രമണം ചെയ്യുന്നത്. അതായത് ഭൂമി 365 ദിവസങ്ങള്‍ കൊണ്ടാണ് സൂര്യനെ മുഴുവനായും ഒരു പ്രാവശ്യം പരിക്രണം ചെയ്യുന്നത്. ഭൂമിയിലെ 10000 മുതല്‍ 20000 വരെ വര്‍ഷങ്ങള്‍ വേണം പ്ലാനെറ്റ് 9 നു ഒരു പ്രാവശ്യം മുഴുവനായും സൂര്യനെ പരിക്രമണം ചെയ്യാന്‍. ഭൂമിയുടെ അഞ്ച് മടങ്ങ് മുതല്‍ പത്ത് മടങ്ങ് വരെ മാസുള്ള പ്ലാനെറ്റ് 9 ഇപ്പോള്‍ മാത്തമാറ്റിക്സിന്റെ രൂപത്തിലും കമ്പ്യൂട്ടര്‍ സ്റ്റിമുലേഷന്റെ രൂപത്തിലും മാത്രമണ് ഉള്ളത്. ഇതൊരു ഹൈപ്പോത്തിസീസ് മാത്രമാണ് ഇപ്പോള്‍. ഒരു പക്ഷെ നെപ്ട്യൂണിനെ കണ്ടെത്തിയത് പോലെ ഭാവിയില്‍ അത് കണ്ടെത്തുമായിരിക്കും. കണക്കുകൂട്ടലുകള്‍ ശരിയാണെങ്കില്‍ പ്ലാനെറ്റ് 9 എന്ന ഭീമന്‍ ഗ്രഹം സൗരയൂഥത്തില്‍ തീര്‍ച്ചയായും ഉണ്ട്. അതിനെ കണ്ടെത്താനുള്ള നിരീക്ഷണങ്ങളില്‍ നിരന്തരം മുഴുകിയിരിക്കുകയാണ് ആസ്ട്രോണമേഴ്സ്. തീര്‍ച്ചയായും പ്ലാനെറ്റ് 9 നെ കണ്ടെത്തും എന്ന് തന്നെ നമുക്ക് അനുമാനിക്കാം.