ഡെസ്‌ഫൽ
ഡെസ്‌ഫൽ, ഡിസ്ഫൾ എന്നും അബ് ഐ ദിസ് എന്നും അറിയപ്പെടുന്ന ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിലെ ഡെസ്ഫൽ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരവും അതിൻറെ തലസ്ഥാനവുമാണ്. 2011 ലെ കനേഷുമാരി പ്രകാരം 105,000 കുടുംബങ്ങളിലായി 420,000 ആളുകളായിരുന്നു ഇതിലെ ജനസംഖ്യ. 2006-ൽ നഗരത്തിൽ 228,507 നിവാസികളുണ്ടായിരുന്നതായി കണക്കാക്കപ്പെട്ടു.
ദേശീയ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 721 കിലോമീറ്റർ ദൂരത്തിലും പ്രവിശ്യാ തലസ്ഥാനമായ അഹ്‌വാസിൽ നിന്ന് 155 കിലോമീറ്ററും ദൂരത്തിലാണ് ഡെസ്‌ഫൽ നഗരം സ്ഥിതി ചെയ്യുന്നത്. പേർഷ്യൻ ഗൾഫിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഈ നഗരം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 143 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
സാഗ്രോസ് മലനിരകളുടെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന് സസാനിയൻ കാലഘട്ടം മുതൽക്ക് ആരംഭിക്കുന്ന ഒരു ചരിത്രമുണ്ട്. ഡെസ്ഫലിന് ചുറ്റുപാടുമുള്ള പ്രദേശം ഏകദേശം 5000 വർഷമായി നാഗരികതയുടെ ആസ്ഥാനമായിരുന്നു. പുരാതന നാഗരികതയോളം നീളുന്ന നീണ്ട ചരിത്രമുള്ള ഒരു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിൽ എഡി 300-ൽ സ്ഥാപിക്കപ്പെട്ട പ്രാചീനമായ ഒരു പാലവും നിലനിൽക്കുന്നു.
ചരിത്രം
ഖുസെസ്ഥാൻ പ്രവിശ്യയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ് ഡെസ്ഫൽ. വാൾതർ ഹിൻസിൻറെ ഉത്ഖനനങ്ങൾ അനുസരിച്ച്, അവാൻ (ആദ്യ എലാം സാമ്രാജ്യത്തിന്റെ തലസ്ഥാനം) ഡെസ്ഫലിലാണ് സ്ഥിതി ചെയ്തിരുന്നത്. എഡെസ യുദ്ധത്തിനു ശേഷം റോമൻ യുദ്ധത്തടവുകാരെ ഉപയോഗിച്ച ഷാപൂർ ഒന്നാമന്റെ ഭരണകാലത്താണ് ഈ പാലം നിർമ്മിക്കപ്പെട്ടത്.