ഈന്തപ്പന
മരുഭൂമിയിൽ സാധാരണ കണ്ടു വരുന്ന ഫലവൃക്ഷമാണ് ഈന്തപ്പന.നൈസർഗികമായി ഇവ മരുപ്പച്ചകളിൽ കൂട്ടം കൂട്ടമായാണ് ഈന്തപ്പന വളരുന്നത്. Date Palm എന്ന് ഇംഗ്ലീഷിലും നഖ്‌ല എന്ന് അറബിയിലും അറിയപ്പെടുന്ന ഈന്തപ്പനയുടെ ശാസ്ത്രനാമം Phoenix dactylifera എന്നാണ്. അറബ് രാജ്യങ്ങളിലും, മറ്റ് വടക്കനാഫ്രിക്കൻ രാജ്യങ്ങളിലും ഇത് വ്യാപകമായി കൃഷിചെയ്യപ്പെടുന്നുണ്ട്. സ്വാദിഷ്ഠവും ഭക്ഷ്യയോഗ്യവുമായ ഫലം തരുന്ന ഒറ്റത്തടി വൃക്ഷമാണിത്. 15 മുതൽ 25 മീറ്റർ വരെ വളരുന്ന ഈന്തപ്പനയുടെ ഫലം ഈന്തപ്പഴം അല്ലെങ്കിൽ ഈത്തപ്പഴം എന്ന പേരിൽ അറിയപ്പെടുന്നു. ഏക്കറുകണക്കിനു വരുന്ന കൃഷിയിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ ഈന്തപ്പഴം കൃഷി ചെയ്തുവരുന്നു. അറബ് നാടുകളിൽ പാതയോരങ്ങളിൽ കൃഷി ചെയ്യുന്ന ഈന്തപ്പന ധാരാളം ഈന്തപ്പഴം തരുന്നതിനോടൊപ്പം നയന മനോഹരമായ ഒരു കാഴ്ച കൂടിയാണ്. ഈ പനയുടെ യഥാർത്ഥ ഉത്ഭവസ്ഥലം അജ്ഞാതമാണെങ്കിലും, ബി.സി. 6000 മുതൽക്കുതന്നെ ഈ പന ഈജിപ്തിലും ഇറാക്കിലും പ്രധാന വിളകളിലൊന്നായിരുന്നതായി കരുതപ്പെടുന്നു. അൻപതോളം വിവിധ ഇനങ്ങളിൽ ഈന്തപ്പന ഇന്ന് ലഭ്യമാണ്. അറബ് രാജ്യങ്ങളെ കൂടാതെ അമേരിക്കയിലെ കാലിഫോർണിയ, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ, സ്പെയിൻ, പാകിസ്താൻ, ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഈന്തപ്പന കൃഷിചെയ്യുന്നുണ്ട്. ഈന്തപ്പനയുമായി നല്ല സാമ്യമുള്ള മറ്റൊരു വൃക്ഷമാണ് കാട്ടീന്ത.
ഈന്തപ്പന മിസ്രയിം, ബാബിലോൺ, അറേബ്യാ മുതലായ ദേശങ്ങളിൽ ധാരാളമായി വളരുന്നു. ഈ ഉഷ്ണദേശങ്ങളിൽ നെല്ല് ഗോതമ്പ് മുതലായ ധാന്യങ്ങൾ ധാരാളമുണ്ടാകാത്തതുകൊണ്ടും ശേമ്യരൊക്കെയും ഈന്തപ്പനയെ വളരെ പ്രശംസിച്ചു, അത് വിശുദ്ധ വൃക്ഷമാണെന്നു പറഞ്ഞുവെന്നു. ദക്ഷിണേന്ത്യയിലെ ജനങ്ങൾക്ക് നെല്ലരിച്ചോറ് എന്നപോലെ ശേമ്യർക്ക് ഈന്തപ്പഴം ഭക്ഷണമായിരുന്നു.ഈന്തപ്പനയുടെ ഓല മെടഞ്ഞു പായ്കളും കൂട്ടകളുമുണ്ടാക്കും. അതിന്റെ നാരുകൊണ്ട് കയറുപിരിക്കും പഴത്തിലുള്ള കുരു ഇടിച്ചു ചതച്ചു കന്നുകാലികൾക്ക് തീറ്റയായി ഉപയോഗിക്കും. പണ്ട് പാലസ്റ്റീനിലും ഇതുണ്ടായിരുന്നു. എന്നാൽ ഇക്കാലത്തു ആ ദേശക്കാർ ഇതിനെ അവിടെ കൃഷിചെയ്യുന്നതിനു തീരെ ശ്രമം ചെയ്യാത്തതുകൊണ്ട് ഈ കൃഷി അവിടെ അഭിവൃദ്ധി പ്രാപിച്ചിട്ടില്ല.
സൗഖ്യത്തെയും സൗന്ദര്യത്തെയും കുറിക്കുന്നതിന് ഈന്തപ്പനയെ ഉപമാനമായി പറഞ്ഞുവരുന്നു. ഈന്തപ്പനയെ പനയെന്നും ഭാഷാന്തരം ചെയ്തിരിക്കുന്നു. ( സങ്കീ 92:12 ഉത്ത 7:7 )കൂടാരപ്പെരുനാൾ മുതലായ വിശേഷദിവസങ്ങളിൽ സന്തോഷ സൂചകമായി ഈന്തപ്പന കുരുത്തോലകളെ വീശുന്നത് സാധാരണമാണ്.