EncyclopediaHistoryScience

ഡാര്‍വിന്റെ കണ്ടെത്തല്‍

അതിപ്രാചീനകാലത്തെ ലളിതമായ ജീവികളില്‍ നിന്നാണ് ഇന്നത്തെ സങ്കീര്‍ണജീവികള്‍ ഉണ്ടായതെന്നു കണ്ടെത്തിയത് ഡാര്‍വിനല്ല. ഗ്രീക്ക് തത്വചിന്തകരും റോമന്‍ കവികളും ചൈനീസ് ഇതിഹാസങ്ങളും പരിണാമതത്വങ്ങളെക്കുറിച്ച് സൂചനകള്‍ നല്‍കുന്നുണ്ട്. പക്ഷെ ഏറെക്കാലത്തെ നിരീക്ഷണത്തിനും വിശദമായ പഠനത്തിനും ശേഷം പരിണാമതത്വം ശാസ്ത്രീയമായി രൂപപ്പെടുത്തിയത് ചാള്‍സ് ഡാര്‍വിന്‍ എന്ന മഹാനായിരുന്നുവെന്ന് മാത്രം.
സത്യത്തില്‍ ഡാര്‍വിനും ആദ്യകാലത്ത് പരിണാമവാദത്തില്‍ താല്പര്യമൊന്നുമുണ്ടായിരുന്നില്ല. ഓരോ ജീവിവര്‍ഗത്തെയും ദൈവം പ്രത്യേകo സൃഷ്ടിച്ചതാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസം. ഈ ധാരണ മാറിയത് ലോകം ചുറ്റിയുള്ള അഞ്ചുവര്‍ഷം നീണ്ട പ്രകൃതിപഠനയാത്രയ്ക്കു ശേഷമാണ്.
ഈ പര്യടനത്തിനിടയ്ക്ക് തെക്കേ അമേരിക്കയില്‍ നിന്ന് ഏതാണ്ട് ആയിരം കിലോമീറ്റര്‍ ദൂരമുള്ള ഗാലപ്പഗോസ് ദ്വീപസമൂഹത്തില്‍ അദ്ദേഹം എത്തി. അവിടെ കണ്ട ഫിഞ്ചുകള്‍ ആയിരുന്നു ഡാര്‍വിന്റെ ശ്രദ്ധ പരിണാമത്തിലേക്ക് തിരിച്ചത്. തെക്കെ അമേരിക്കന്‍ വന്‍കരയില്‍ ഒരു ജാതി ഫിഞ്ചുകളെ ഉള്ളൂ. ദ്വീപുകളിലാണെങ്കില്‍ പതിന്നാല് വ്യത്യസ്തജാതികളും.
വിവിധ ഫിഞ്ചു ജാതികള്‍ തമ്മിലുള്ള വ്യത്യാസം പ്രധാനമായും കൊക്കിന്റെ ആകൃതിയിലും വലിപ്പത്തിലുമാണ് കൊക്കിന്റെ സ്വഭാവവും ഇരതേടലുമായി ബന്ധമുണ്ടെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. വളരെ നാളത്തെ ആലോചനയ്ക്കുശേഷം ഈ പക്ഷിജാതികളെല്ലാം ഒരേ ജീവിയില്‍ നിന്നും ഉണ്ടായതായിരിക്കാം എന്നു ഡാര്‍വിനു തോന്നി.
ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയതിനു ശേഷമാണ് ഡാര്‍വിന്‍ ഇതേക്കുറിച്ച് കൂടുതല്‍ ചിന്തിച്ചത്, മാത്രമല്ല, ഈ ആശയത്തിനു വേണ്ടത്ര പിന്‍ബലം തേടുകയും ഒരു സിദ്ധാന്തമായി വികസിപ്പിക്കുകയും ചെയ്തു.
ഡാര്‍വിന്റെ ചിന്തകളെയും ഗവേഷണങ്ങളെയും നിയന്ത്രിച്ച മറ്റൊരു ഘടകങ്ങളുമുണ്ട്, തോമസ്‌ റോബര്‍ട്ട് മാള്‍ത്തൂസ് എന്ന സാമ്പത്തിക വിദഗ്ദന്റെ ഒരു പ്രബന്ധം!
മാള്‍ത്തൂസിന്റെ വാദം ലളിതമായിരുന്നു. മനുഷ്യരുടെ എണ്ണം ലഭ്യമായ ആഹാരത്തെക്കാള്‍ വളരെവേഗം വര്‍ധിക്കുന്നു.ജനപ്പെരുപ്പം മനുഷ്യര്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പ്രകൃതി തന്നെ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കും. പട്ടിണിയും, പകര്‍ച്ചവ്യാധിയും യുദ്ധങ്ങളും ലോകത്തിലെ തിരക്ക് നിയന്ത്രിക്കും. യതാര്‍ത്ഥത്തില്‍ ചെറിയ കുടുംബത്തിനുള്ള ആഹ്വാനമായിരുന്നു മാള്‍ത്തൂസിന്‍റെ പ്രബന്ധം.
മാള്‍ത്തൂസിന്റെ പ്രബന്ധം പരിണാമത്തെക്കുറിച്ച് ഡാര്‍വിനെ കൂടുതല്‍ ചിന്തിപ്പിച്ചു. ജീവികള്‍ വര്‍ധിക്കുന്നതനുസരിച്ച് ഭക്ഷണ സാധനങ്ങള്‍ ലഭിക്കുന്ന അളവും വര്‍ധിക്കുന്നില്ലെങ്കില്‍ ആഹാരത്തിനു വേണ്ടി മത്സരമുണ്ടാകുല്ലോ. അതിന്‍റെ ഫലമായി, തീറ്റ ശേഖരിക്കാന്‍ കഴിവും ശേഷിയുമുള്ളവര്‍ നിലനില്‍ക്കും, മറ്റുള്ളവരോ? പട്ടിണി കിടന്ന് വംശം തന്നെ നശിച്ചുപോകും! പ്രകൃതിനിര്‍ധാരണം എന്നാണിതിനു വിളിക്കുന്ന പേര്. ചുറ്റുപാടുകളോട് കൂടുതല്‍ യോജിച്ചുപോകാന്‍ കഴിയുന്ന ജീവികളെ പ്രകൃതി തെരഞ്ഞെടുക്കുകയാണ് ഈ പശ്ചാത്തലത്തില്‍ വിത്തുകള്‍ മാത്രം തിന്നുന്ന ഗാലപ്പോസ് ദ്വീപുകളിലെ ഫിഞ്ചുകള്‍ എങ്ങനെ ഉണ്ടായി എന്നുനോക്കാം, പക്ഷികളുടെ ഭക്ഷണമായ ധാന്യങ്ങള്‍ ദ്വീപിലുണ്ട്. പക്ഷേ കിട്ടാവുന്ന വിത്തുകള്‍, പക്ഷികള്‍ പെരുകുന്നതോടെ മതിയാകാതെ വരും. അപ്പോഴാണ്‌ തെരഞ്ഞെടുപ്പിന് പ്രാധാന്യമുണ്ടാകുന്നത്. എല്ലാം പക്ഷികളുടെയും കൊക്കിന്റെ നീളവും വലുപ്പവും മൂര്‍ച്ചയും ഒരുപോലെ ആയിരിക്കയില്ല. അപ്പോഴോ? ധാന്യങ്ങള്‍ ശേഖരിക്കാന്‍ കൂടുതല്‍ സഹായകമായ കൊക്കുള്ള പക്ഷികള്‍ നിലനില്‍ക്കും. മറ്റുള്ളവ നശിച്ച്പോകുകയും ചെയ്യും. ഓരോ തലമുറയിലും ഇതാവര്‍ത്തിക്കും ഇങ്ങനെ വേര്‍തിരിഞ്ഞുവരുന്ന ഈ പക്ഷികള്‍ ക്രമേണ പുതിയ സ്പീഷിസ് ആയി മാറുകയും ചെയ്യും.
വളരെ പെട്ടെന്നൊന്നുമല്ല ഈ തെരഞ്ഞെടുപ്പ് എന്നു ഓര്‍ക്കണം, അനേകം തലമുറകളിലെ നിര്‍ധാരണം കൊണ്ടാണ് ഒരു പുതിയ ജീവിവര്‍ഗം ഉണ്ടാകുന്നത്.