ദാമോദർ നദി
ഇന്ത്യയിലെ ഒരു നദിയാണ് ദാമോദർ. ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലൂടയാണ് ഈ നദി ഒഴുകുന്നത്. ഹൂഗ്ലി നദിയുടെ ഒരു പ്രധാന പോഷകനദിയാണിത്. 592 കിലോമീറ്റർ ആണ് ഇതിന്റെ നീളം. ഝാർഖഡിലെ ചില പ്രാദേശിക ഭാഷകളിൽ ഈ നദിക്ക് ദമുദ എന്നും പേരുണ്ട്. വിശുദ്ധ ജലം എന്നാണ് ഈ വാക്കിന്റെ അർത്ഥം. വെള്ളപ്പൊക്കവും ദിശമാറി ഒഴുകലും മൂലം വർഷംതോറും വൻ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നതിനാൽ “ബംഗാളിന്റെ ദുഃഖം” എന്നും ഈ നദി അറിയപ്പെട്ടിരുന്നു. എന്നാൽ ദാമോദർ താഴ്വരയിലെ അണക്കെട്ടുകളുടെ നിർമ്മാണത്തോടെ ഈ നാശനഷ്ടങ്ങൾ ഒരു പരിധിവരെ തടയാനായിയിട്ടുണ്ട്.
ഉദ്ഭവസ്ഥാനം
കിഴക്കൻ ഇന്ത്യയിലെ ഝാർഖഡ് സംസ്ഥാനത്തിലെ ചോട്ടാ നാഗ്പൂർ സമതലത്തിൽ സ്ഥിതിചെയ്യുന്ന പലമൗ ജില്ലയിലെ ചാന്ദ്‌വ ജില്ലക്കടുത്താണ് ദാമോദർ നദിയുടെ ഉദ്ഭവസ്ഥാനം.
പ്രയാണം
ദാമോദർ ഉദ്ഭവസ്ഥാനത്തുനിന്ന് കിഴക്ക് ദിശയിൽ 592 കിലോമീറ്റർ ഒഴുകുന്നു. ബരാകർ നദിയാണ് ഇതിന്റെ പ്രധാന പോഷക നദി. പശ്ചിമ ബംഗാളിലെ ഡിഷർഘറിനടുത്തുവച്ചാണ് ബരാകർ, ദാമോഡറിനോട് ചേരുന്നത്. കൊനാർ, ബൊകാറോ, ഹഹാരോ, ജംനൈ, ഘാരി, ഗുവായിയ, ഖാദിയ എന്നിങ്ങനെ മറ്റ് പല പോഷകനദികളും ഉപപോഷകനദികളും ദാമോഡറിനുണ്ട്. കൊൽക്കത്തയുടേ തെക്ക് ഭാഗത്തായി ദാമോദർ ഹൂഗ്ലി നദിയോട് ചേരുന്നു.