ദംബുള്ള
ശ്രീലങ്കയുടെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ദംബുള്ള. കൊളംബോയിൽ നിന്നു 148 കി.മി. വടക്കു കിഴക്കു ഭാഗത്തായും, കാൻഡിക്ക് 72 കി.മി വടക്കായും ദംബുള്ള സ്ഥിതിചെയ്യുന്നു. സംരക്ഷിക്കപെട്ടിരിക്കുന്ന ഗുഹാക്ഷേത്രങ്ങളും വെറും 167 ദിവസം കൊണ്ട് നിർമ്മിച്ച രൺഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയവുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. കൂടാതെ ദക്ഷിണേഷ്യയിൽ ഏറ്റവും കൂടുതൽ റോസ് ക്വാർട്സിന്റെ നിക്ഷേപം, ഇടതൂർന്ന കാടുകൾ എന്നീ പ്രത്യേകതകളുമുണ്ട്.
ഗുഹാക്ഷേത്രങ്ങൾക്ക് സമീപം കാണപ്പെടുന്ന ചുടലപറമ്പുകൾ ചരിത്രാതീതകാലത്തുതന്നെ ഇവിടെ ജനങ്ങൾ അധിവസിച്ചിരുന്നു എന്നതിന് തെളിവാണ്.
ചരിത്രം
ഇവിടെ ആദ്യമായി ജനവാസം തുടങ്ങിയത് ക്രി.മു. ഏഴാം നൂറ്റാണ്ടിനും മൂന്നാം നൂറ്റണ്ടിനുമിടയ്ക്കാണ്. ഗുഹാക്ഷേത്രങ്ങളിലെ ചിത്രങ്ങളും, ശില്പങ്ങളും ക്രി.മു. ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചവയാണ്. ഈ ചിത്രങ്ങളും ശില്പങ്ങളും പിന്നീട് ക്രി.ശേഷം 11, 12, 18 നൂറ്റാണ്ടിൽ പല തവണയായി പുതിക്കിയിട്ടുണ്ട്. അനുരാധപുര രാജ്യത്തിൽ നിന്നും പതിന്നാലു വർഷത്തേക്ക് വലംഗഭ രാജവ് നാടുകടത്തപ്പെട്ടപ്പോൾ അഭയം പ്രാപിച്ചത് ഈ ഗുഹാക്ഷേത്രങ്ങളിലായിരുന്നു. നാടുകടത്തപ്പെട്ട രാജാവിന് ശത്രുക്കളിൽ നിന്നുള്ള രക്ഷയ്ക്കായി ബുദ്ധ സന്യാസിമാർ ആക്കാലത്ത് ഇവിടെ ധ്യാനിക്കറുണ്ടായിരുന്നു. പിന്നീടദ്ദേഹം രാജ്യം തിരിച്ചുപിടിച്ചപ്പോൾ (ക്രി.മു. ഒന്നാം നൂറ്റാണ്ടിൽ) തന്റെ ജീവനു വേണ്ടി പ്രാർത്ഥിച്ച ബുദ്ധ സന്യാസിമാർക്ക് നന്ദി സൂചകമായി പ്രൗഢമായ ഒരു ക്ഷേത്രം ഇവിടെ കല്ലിൽ നിർമ്മിച്ചു കൊടുത്തു.
ദംബുള്ളയിലെ ചുടല പറമ്പുകൾ ചരിത്രാതീത കാലത്തേക്ക് വെളിച്ചം വീശുന്നവയാണ്. ഇവിടെനിന്നും കണ്ടെടുത്തിട്ടുള്ള മനുഷ്യാ വിശിഷ്ടങ്ങൾക്ക് 2700 വർഷത്തോളം പഴക്കമുണ്ടെന്നാണ് ശാസ്ത്ര ലോകം തെളിയിച്ചിട്ടുണ്ട്. ബുദ്ധമതം ശ്രീലങ്കയിൽ വരുന്നതിനു മുൻപു തന്നെ ഇവിടെ ഒരു പഴയ സംസ്കാരം നിലനിന്നിരുന്നു എന്നതിലേക്കാണ് ഈ തെളിവുകൾ വിരൽ ചൂണ്ടുന്നത്. 2700 വർഷം മുൻപേ തന്നെ ഇവിടെ കൃഷി ചെയ്തിരുന്നു എന്ന് പുരാവസ്തു വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്.