DefenseEncyclopedia

കമ്പനി ഹവീല്‍ദാര്‍ മേജര്‍ പീരു സിങ്ങ് ഷെഖാവത്ത്

ഒപ്പമുണ്ടായിരുന്ന എല്ലാവരും മുറിവേറ്റ് വീണിട്ടും ഒറ്റയ്ക്ക് പൊരുതി ശത്രുക്കളെ കൊന്നൊടുക്കിയ ഒടുവില്‍ ശത്രു വെടിയുണ്ടകള്‍ക്കിരയായി വീരചരമം പ്രാപിച്ച പോരാട്ടവീര്യമാണ് കമ്പനി ഹവീല്‍ദാര്‍ മേജര്‍ പീരുസിങ്ങിനെ രാജ്യത്തെ പരമോന്നത സേനാബഹുമതിക്ക് അര്‍ഹനാക്കിയത്.

 രാജസ്ഥാനിലെ രജപുതാനയിലെ രാംപുരബേരിയില്‍ 1918 മേയ് 20 നായിരുന്നു പീരുസിങ്ങിന്റെ ജനനം. 1936 ല്‍ ആറാം നമ്പര്‍ രജപുതാന റൈഫിള്‍സില്‍ ചേര്‍ന്നു.

1948 ലെ ജമ്മു കാശ്മീര്‍ ഓപ്പറേഷന്‍ സമയത്ത് പാക് ഭടന്മാര്‍ തിത്വള്‍ മേഖലയില്‍ ശക്തമായ പ്രത്യാക്രമണം നടത്തി. ഇന്ത്യന്‍ സൈന്യത്തിന്റെ മുന്‍ നിര കിഷന്‍ ഗംഗ നദിയുടെ മറു കരയിലേക്ക് പിന്മാറേണ്ട സാഹചര്യമുണ്ടായി.തുടര്‍ന്ന്‍ ഇന്ത്യന്‍ സൈന്യം തിത്വാള്‍ കുന്നുകളില്‍ സ്ഥാനം പിടിച്ചു. ഇതേസമയം 163 ആം ബ്രിഗേടിനു ശക്തി പകരാനായി പീരുസിങ്ങിന്റെ ആറാം റൈഫിള്‍സ് ഉറിയില്‍ നിന്ന് തിത്വാളിലേക്ക് നീങ്ങി.

1948 ജൂലൈ 11 ന് ഇന്ത്യയുടെ സൈനികാക്രമണം ആരംഭിച്ചു. ജൂലൈ 15 വരെ ഇന്ത്യ മികച്ച മുന്നേറ്റം നടത്തി. എന്നാല്‍ തുടര്‍ന്ന് ഇന്ത്യയുടെ മുന്നേറ്റം തടയാന്‍ മേഖലയിലെ രണ്ടു ഉയര്‍ന്ന പ്രദേശങ്ങളില്‍ പാക് സൈന്യം നിലയുറപ്പിച്ചിരുന്നതായി നിരീക്ഷകര്‍ കണ്ടെത്തി. സുരക്ഷിതമായ ഈ പോസ്റ്റുകളില്‍ ഇരുന്ന് ശത്രുസൈന്യത്തിനു ഫലപ്രദമായി ഇന്ത്യന്‍ സേനയെ നേരിടാന്‍ കഴിയുമായിരുന്നു. ഈ രണ്ടു പോസ്റ്റുകളും കീഴടക്കിയാലെ ഇന്ത്യന്‍ സേനക്ക് മുന്നോട്ടു പോകാന്‍ ആകു എന്ന അവസ്ഥയായി. രണ്ടു പോസ്റ്റുകളും കീഴടക്കേണ്ട ചുമതല രജപുതാന റൈഫിള്‍സിനായിരുന്നു.

 ഡി കമ്പനി ആദ്യ താവളവും സി കമ്പനി രണ്ടാമത്തെ താവളവും ഒഴിപ്പിക്കാന്‍ ചുമതലപ്പെട്ടു. ഡി കമ്പനി ആദ്യ പാക് താവളം കീഴടക്കിയതിനു ശേഷം മാത്രമേ സി കമ്പനി രണ്ടാമെത്തെ പാക് താവളത്തിലേക്ക് നീങ്ങനകുമായിരുന്നുള്ളൂ. ഇരുവശവും ചെങ്കുത്തായ കൊക്കകള്‍ക്ക് മദ്ധ്യേ ഒരു മീറ്റര്‍ മാത്രം വീതിയുള്ള ഇടുങ്ങിയ പാതയിലൂടെ പീരുസിങ്ങിന്റെ നേതൃത്വത്തില്‍ ഡി കമ്പനി ആദ്യലക്ഷ്യത്തിലേക്ക് നീങ്ങി. പൊടുന്നനെ പീരുസിങ്ങിന്റെ സേനക്ക് നേരെ പാക് തോക്കുകള്‍ വെടിയുതിര്‍ത്തു തുടങ്ങി. അരമണിക്കൂറിനുള്ളില്‍ 51 പേര്‍ തോക്കിനിരയായി. ഗ്രനേടിന്റെ ചീളുകള്‍ തറച്ച് പീരുസിങ്ങിന്റെ ദേഹമാസകലം മുറിവേറ്റു. എന്നാല്‍ അദ്ദേഹത്തെ തടയാന്‍ അതിനൊന്നും ആകുമായിരുന്നില്ല. രാജാ രാംച്ചന്ദ്ര കീ ജയ്‌ എന്ന യുദ്ധമുദ്രവാക്യം ഉറക്കെ അലറികൊണ്ട് ശത്രുബങ്കറിലേക്ക് പാഞ്ഞടുത്ത അദ്ദേഹം തോക്കിന്റെ ബയണറ്റുകൊണ്ട് ,മെഷീന്‍ഗണ്‍ കൊണ്ട് വെടിയുതിര്‍ക്കുന്നവരെ കുത്തി വീഴ്ത്തി. അപ്പോഴും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ എല്ലാവരും തന്നെ കൊല്ലപ്പെടുകയോ പരിക്കേറ്റു വീഴുകയോ ചെയ്തിരുന്നു.

അതോടെ കുന്നിന്‍ മുകളില്‍ നിന്ന് ശത്രുവിനെ ഒഴിപ്പിക്കേണ്ട ചുമതല പീരുസിങ്ങില്‍ മാത്രമായി. മാരകമായി മുറിവേറ്റ അദ്ദേഹം ചോരയോലിപ്പിച്ചു കൊണ്ട് ശത്രുവിന്റെ അടുത്ത പോസ്റ്റിനു നേരെനീങ്ങി. ഈ സമയം പൊട്ടിത്തെറിച്ച ഗ്രനേഡ് ചീളുകള്‍ അദ്ദേഹത്തിന്‍റെ മുഖത്തു തറച്ചു.തോക്കിലെ ഉണ്ടയും തീര്‍ന്നു പോയിരിന്നു. എന്നിട്ടും പിന്മാറാതെ അദ്ദേഹം ശത്രു ട്രഞ്ചിലെക്ക് ഇഴഞ്ഞെത്തി. അവിടെ നിന്നും കൈക്കലാക്കിയ ഗ്രനേഡ് അടുത്ത പാക് പോസ്റ്റിലേക്ക് വലിച്ചെറിഞ്ഞു. അതിനടുത്ത ട്രഞ്ചിലെക്ക് ഇഴഞ്ഞെത്തിയ അദ്ദേഹം രണ്ടു ശത്രിസൈനികരെ ബയണട്ടുകൊണ്ട് കുത്തി വീഴ്ത്തി. മൂന്നാമത്തെ ട്രഞ്ചിലെക്ക് നീങ്ങാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനിടെ ശത്രു വെടിയുണ്ട അദ്ദേഹത്തിന്റെ തലയില്‍ തറച്ചു. അതെ സമയം തന്നെ മൂന്നാമത്തെ ട്രഞ്ചില്‍ ഒരു വന്‍ സ്ഫോടനമുണ്ടായി. പീരുസിങ് നേരത്തെ വലിച്ചെറിഞ്ഞ ഗ്രനേഡയിരുന്നു അത്.

സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ പീരുസിങ് സ്വന്തം ജീവന്‍ ബലി നല്‍കി.തന്റെ കൂട്ടാളികള്‍ക്കു മുന്നില്‍ പോരാട്ടവീര്യത്തിന്റെയും ധൈര്യത്തിന്റെയും അതുല്യമായ ഒരു ഉദാഹരണമായി മാറി അദ്ദേഹം. പരമവീരചക്രത്തോടോപ്പമുള്ള പ്രശസ്തി പത്രത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു- രാജ്യം അദ്ദേഹത്തെ കുറിച്ച് അഭിമാനിക്കുന്നു.