വീരനായകന്‍ കൊളംബസ്
1493 മാര്‍ച്ച് 15. ലിസ്ബണില്‍നിന്ന് യാത്ര തുടര്‍ന്ന കൊളംബസ് സ്പാനിഷ് തുറമുഖമായ പാലോസില്‍ എത്തിച്ചേര്‍ന്നു.പര്യവേക്ഷണം വിജയകരമാക്കി തിരിച്ചു വന്ന കൊളംബസ് എന്ന വീരനായകനെ കാത്ത് നൂറുകണക്കിന് ആളുകളാണ് തുറമുഖത്ത് തടിച്ചുകൂടിയത്. അവര്‍ ഹര്‍ഷാരവത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു.
കൊളംബസിന്റെ സംഘത്തിലുണ്ടായിരുന്ന പിന്റ എന്ന കപ്പല്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് എത്തിച്ചേര്‍ന്നത്.പുതുതായി കണ്ടെത്തിയ നാടിനെക്കുറിച്ചുള്ള വിവരം ആദ്യമായി സ്പെയിനിലെത്തിക്കുക എന്ന ബഹുമതി സ്വന്തമാക്കണമെന്ന് പിന്റയിലെ കപ്പിത്താന് ആഗ്രഹമുണ്ടായിരുന്നു. അതിനായി അയാള്‍ നീനയ്ക്ക് മുമ്പേ കപ്പലോടിച്ചു. പക്ഷെ, കടലിനെക്കുറിച്ച് കോളംബസിനോളം അറിവും പരിചയവും അയാള്‍ക്കുണ്ടായിരുന്നില്ല. ഭാഗ്യവും കൊളംബസിനൊപ്പമായിരുന്നു. അങ്ങനെ കൊളംബസ് വീരപുരുഷനായി.
പുറപ്പെട്ട മൂന്നു കപ്പലുകളില്‍ രണ്ടെണ്ണം വിജയകരമായി തിരിച്ചെത്തിയിരിക്കുന്നു. കപ്പലുകളൊന്നും പുറംകടലില്‍ നഷ്ടമായതും ഇല്ല. ഇതൊക്കെ കൊളംബസിന്റെ വിജയത്തിന് തിളക്കം കൂട്ടി. സാന്റാ മരിയ കടലില്‍ ഉറച്ചുപോയെങ്കിലും അത് കരയോടടുത്തുള്ള പവിഴപ്പുറ്റില്‍ തട്ടിയായിരുന്നു.
കൊളംബസിന് സ്പെയിനിലെ രാജകൊട്ടാരത്തിലേക്ക് ക്ഷണം ലഭിച്ചു. വഴിയിലെങ്ങും ആളുകളുടെ സ്വീകരണമേറ്റ് വാങ്ങി കൊട്ടാരത്തിലെത്തിയ കൊളംബസിനെ രാജാവും രാജ്ഞിയും എഴുന്നേറ്റ് നിന്നാണ് സ്വീകരിച്ചത്. ഒരു യഥാര്‍ത്ഥ ജേതാവിന് കിട്ടുന്ന ബഹുമതി.