EncyclopediaHistory

കരകണ്ട കൊളംബസ്

ഏതാണ്ട് ഒരു മാസം കൊളംബസും കൂട്ടരും തുടര്‍ച്ചയായി യാത്ര ചെയ്തു. പടിഞ്ഞാറോട്ട് എത്ര സഞ്ചരിച്ചിട്ടും കരയുടെ ലക്ഷണങ്ങളൊന്നും കാണാനുണ്ടായിരുന്നില്ല. നാവികരില്‍ പലരും നിരാശരായിത്തുടങ്ങി. തങ്ങളുടെ ജീവിതം കടലില്‍ അവസാനിക്കുമെന്ന് പോലും ചിലര്‍ ഭയപ്പെട്ടു.
ഈ അവസ്ഥയില്‍ കൊളംബസ് ഒരു തീരുമാനമെടുത്തു. കപ്പലുകള്‍ തെക്കുപടിഞ്ഞാറേക്ക് തിരിച്ചുവിടുക. ആ മാര്‍ഗം തങ്ങളെ ജപ്പാനിലെത്തിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.
ദിവസങ്ങള്‍ കഴിഞ്ഞുപോയി. ഒരു ദിവസം രാത്രി കടലിലേക്ക് കണ്ണുംനട്ടിരുന്ന കൊളംബസ് ഒരു കാഴ്ച കണ്ടു. ദൂരെയൊരു തീനാളം മിന്നിക്കെടുന്നു! രണ്ടുപേരെ വിളിച്ച് അദ്ദേഹം ആ കാഴ്ച കാണിച്ചുകൊടുത്തു. അതൊരു തോന്നലാണെന്നാണ് അവര്‍ കരുതിയത്. പക്ഷെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ ആ കാഴ്ച കണ്ടു. പറന്നുനടക്കുന്ന കടല്‍പ്പക്ഷികള്‍. ഒഴുകി നടക്കുന്ന തടിക്കഷണങ്ങള്‍. കരയെടുത്തതിന്റെ ലക്ഷണങ്ങള്‍ ആയിരുന്നു അവ. നാവികര്‍ ആര്‍ത്തുവിളിച്ചു. കര കണ്ടെത്താനായി കൊളംബസ് പിന്‍റ യെ മുന്നിലയച്ചു.
1492 ഒക്ടോബര്‍ 12 ആം തീയതി പുലര്‍ച്ചെ പിന്റയിലെ നാവികര്‍ അകലെ പാറക്കൂട്ടം കണ്ടു. അങ്ങനെ നീണ്ട 37 ദിവസത്തെ കടല്‍ യാത്രയ്ക്ക് ശേഷം കൊളംബസും കൂട്ടരും മറ്റൊരു കരയിലെത്തി. ചെറിയ ബോട്ടിലേറി കരയിലേക്ക് കാല്‍ വച്ച കൊളംബസ് മുട്ടുകുത്തി ദൈവത്തിനും സ്പെയിന്‍ രാജാവിനും രാജ്ഞിക്കും നന്ദി പറഞ്ഞു.
താന്‍ എത്തിച്ചേര്‍ന്നത് ജപ്പാനിലാണ് എന്നായിരുന്നു കൊളംബസിന്റെ വിശ്വാസം. എന്നാല്‍ അമേരിക്കന്‍ വന്‍കരയുടെ ഭാഗമായിരുന്നു ആ പ്രദേശം. അന്നുവരെ യൂറോപ്യന്‍മാര്‍ക്ക് അന്യമായിരുന്ന അമേരിക്കായിലേക്കെത്തിക്കൊണ്ട് കൊളംബസ് അങ്ങനെ ചരിത്രം കുറിച്ചു.