EncyclopediaWild Life

നിന്ന നില്‍പ്പില്‍ നിറം മാറ്റം

കുറുകി തടിച്ച ശരീരം ത്രികോണാകൃതിയിലുള്ള തല, അഗ്രം ചുരുണ്ട വാല്, എങ്ങോട്ട് വേണമെങ്കിലും തിരിയ്ക്കാവുന്ന തുറിച്ച കണ്ണുകള്‍…സാധാരണ ഒന്തുകളുടെ അടുത്ത ബന്ധുക്കളായ കമലിയോണ്‍ അഥവാ മരയോന്തുകളുടെ പൊതുസ്വഭാവമാണ് ഇത്. നമ്മുടെ നാട്ടില്‍ അത്ര പരിചിതരല്ലെങ്കിലും ചുരുക്കമായി കാട്ടുപ്രദേശങ്ങളില്‍ ഇവയെ കാണാറുണ്ട്.
കമലിയോണുകളുടെ കാല്‍വിരലുകളില്‍ രണ്ടെണ്ണം ഒരു ദിശയിലേക്കും മൂന്നെണ്ണം വിപരീതദിശയിലേക്കും തിരിഞ്ഞാണിരിക്കുന്നത്.നാം കൈവിരലുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ പിടിക്കുന്നത്‌ പോലെ മരക്കൊമ്പുകളില്‍ പിടിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. കാലുകള്‍ കൂടാതെ അറ്റം ചുരുണ്ട വാലും മരക്കൊമ്പില്‍ ചുറ്റിപ്പിടിക്കാന്‍ കമലിയോണുകളെ സഹായിക്കുന്നു.
ഇരുണ്ട മഞ്ഞ നിറം മുതല്‍ വര്‍ണപ്പകിട്ടാര്‍ന്ന അനേകം നിറങ്ങളില്‍ ഇവയെ കണ്ടുവരുന്നു. പരിസരത്തിനനുസരിച്ച് അതിവേഗം നിറം മാറുന്നതില്‍ ഇവര്‍ ഓന്തുകളെ ഏറെ പിന്നിലാക്കും.പ്രധാനമായും ആഫ്രിക്കന്‍,ഏഷ്യന്‍ പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. വളരെ ചുരുക്കമായി ചില യൂറോപ്യന്‍ പ്രദേശങ്ങളിലും. യൂറോപ്പില്‍ വ്യാപകമായി ഇവയെ കൗതുകജീവികളായി വളര്‍ത്തുന്നതിനാല്‍ ഇവ അവിടങ്ങളില്‍ സുപരിചിതരാണ്.
രണ്ടാടിയോളം നീളം വയ്ക്കുന്നവയാണ് മഡഗാസ്കറില്‍ കണ്ടുവരുന്ന കമലിയോ ഔസ്റ്റള്‍ട്ടി .എന്നാല്‍, ഇവര്‍ക്കിടയില്‍ ഒന്നരയിഞ്ച് മാത്രം വളരുന്ന ചില കുഞ്ഞന്മാരുമുണ്ട്.മഡഗാസ്കറില്‍ തന്നെയാണ് ഇവയെയും കണ്ടുവരുന്നത്.ഏകദേശം ത്രികോണാകൃതിയിലുള്ള തലയും വലിയ ഉണ്ട കണ്ണുകളും ഇവയുടെ പൊതു സ്വഭാവമാണ് എങ്കിലും തലയിലുള്ള ചില മുള്ളുകളും കൊമ്പുകളും ഹെല്‍മറ്റു പോലുള്ള ഭാഗങ്ങളുമെല്ലാം ചിലയിനം കമലിയോണുകളുടെ പ്രത്യേകതയാണ്.ചിലയിനങ്ങളില്‍ ആണ്‍ ഒന്തുകളില്‍ മാത്രമേ ഇത്തരം ‘എക്സ്ട്രാ ഫിറ്റിങ്ങുകള്‍’ കാണുന്നുള്ളൂ.
ഒറ്റക്കൊമ്പന്മാരും ഇരട്ടക്കൊമ്പന്മാരും മൂന്നു കൊമ്പുള്ളവരും ഇവര്‍ക്കിടയില്‍ ഉണ്ട്. ജാക്സണ്‍സ് കമലിയോണ്‍, കമലിയോ പാര്‍ഡാലിസ്, ഫിഷേര്‍സ് കമലിയോണ്‍ തുടങ്ങിയവ ഒന്നിലധികം കൊമ്പുകളുള്ളവയാണ്. ആക്രമണത്തിനുവേണ്ടിയല്ല, മറിച്ച് എതിരാളികളെ പേടിപ്പിച്ചോടിക്കാന്‍ മാത്രമേ ഇവ കൊമ്പുകള്‍ ഉപയോഗിക്കുന്നുള്ളു.