കടല്‍ ചിക്കന്‍
ലക്ഷദ്വീപ് മേഖലയില്‍ ധാരാളമായി കാണുന്ന മത്സ്യമാണ് ചൂര\, ചൂര മത്സ്യം കടല്‍ ചിക്കന്‍ എന്നും അറിയപ്പെടുന്നു.
ചൂരമത്സ്യത്തിന്റെ വിപണനമാണ് ലക്ഷദ്വീപ് സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്ന പ്രധാന ഘടകം. ദ്വീപനിവാസികളില്‍ വലിയൊരു വിഭാഗം ചൂരപിടുത്തക്കാരാണ്. കടലില്‍ നിന്നും പിടിക്കൂടുന്ന ചൂരമത്സ്യം പ്രത്യേകരീതിയല്‍ സംസ്കരിച്ചാണ് ഇവര്‍ വില്‍ക്കുന്നത്. മാസ് എന്ന് പേരുള്ള ചൂര ഉണക്കിയത് ലക്ഷദ്വീപിന്റെ തനത് ഉത്പന്നങ്ങളിലൊന്നാണ്.
ചൂര ഉണങ്ങുന്നതെങ്ങനെയെന്ന് നോക്കാം. ചൂര മത്സ്യം വെട്ടി വൃത്തിയാക്കി വലിയ പാത്രങ്ങളില്‍ നിറച്ച് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് ഏതാനും മണിക്കൂറുകള്‍ വേവിക്കുന്നു. പിന്നീട് അടുപ്പിനു മുകളില്‍ ക്രമീകരിച്ചിരിക്കുന്ന പ്രത്യേക സംവിധാനമുപയോഗിച്ച് ഇതില്‍ രാത്രി മുഴുവന്‍ പുക കയറ്റും. തുടര്‍ന്നു വെയിലില്‍ ഉണക്കിയെടുക്കും. കിലോയ്ക്ക് 70 മുതല്‍ 90 രൂപ വരെ വിലയുള്ള ഈ ഉല്‍പന്നം വിവിധ പ്രദേശങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു.
ദ്വീപിലെ മീന്‍പിടുത്ത സംവിധാനങ്ങള്‍ ഇന്ന് ഏറെ പുരോഗമിച്ചിട്ടുണ്ട്. ആദ്യകാലത്ത് കട്ടമരം ഉപയോഗിച്ചിരുന്ന മീന്‍ പിടുത്തക്കാര്‍ ഇന്ന് 38 മുതല്‍ 55 അടി വരെ നീളമുള്ള ആധുനിക ബോട്ടുകള്‍ ഉപയോഗിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്.
ലക്ഷദ്വീപിലുള്ളവരെ മീന്‍പിടിക്കാന്‍ പഠിപ്പിച്ചത് മൂസ എന്നയാളാണത്രേ, ആ കഥ കേട്ടോളൂ.
ആദ്യ കാലത്ത് മിനിക്കോയി ദ്വീപുവാസികള്‍ മാത്രമാണ് മീന്‍ പിടുത്തം തൊഴിലായി സ്വീകരിച്ചിരുന്നത് ഇവര്‍ക്ക് മാത്രമെ കടലില്‍നിന്ന് വന്‍തോതില്‍ മത്സ്യം പിടിക്കുന്ന വിദ്യ അറിയുമായിരുന്നുള്ളൂ.
മത്സ്യബന്ധനം കുത്തകയാക്കിയിരുന്ന മിനിക്കോയിക്കാര്‍ മറ്റു ദ്വീപുകാരെ അത് പഠിക്കുവാനും സമ്മതിച്ചില്ല. എന്നാല്‍ മറ്റു ദ്വീപവാസികളെയും മത്സ്യബന്ധനം പഠിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി മിനിക്കോയിക്കാരനായ മൂസ എന്ന യുവാവ് ആ ദൗത്യം ഏറ്റെടുത്തു. സര്‍ക്കാര്‍ പരിശീലകനായ മൂസയുടെ ശിക്ഷണത്തിലൂടെ മറ്റു ദ്വീപുകളിലും മികച്ച മീന്‍പിടുത്തക്കാരുണ്ടായി.
ഓരോ ഇനം മത്സ്യങ്ങളെയും പിടിക്കുന്നത് ഓരോ രീതിയിലാണ്. അതിനുള്ള ഉപകരണങ്ങളും വ്യത്യസ്തമാണ്. വീശുവല. അടിവല, കറക്കി ഇടുന്ന വല, കല്ല് മൂടല്‍, ചാടുവാം, ചൂട്ടുകത്തിച്ച് കുത്തല്‍, അപ്പല്‍ കുത്തല്‍, ചൂണ്ട ഇടല്‍ തുടങ്ങിയവയൊക്കെ ലക്ഷദ്വീപുകാരുടെ വ്യത്യസ്തങ്ങളായ മീന്‍പിടുത്ത രീതികളാണ്.
ഇതില്‍ ചില രീതികള്‍ ഒറ്റയ്ക്ക് ചെയ്യാവുന്നതാണെങ്കില്‍, വീശു വല വിരിക്കുന്നത് പോലുള്ള ജോലികള്‍ക്ക് മുപ്പതുപേര്‍വരെ ആവശ്യമായിവരും.