ചേനത്തണ്ടൻ
അണലിവർഗ്ഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് ചേനത്തണ്ടൻ (Russell’s Viper). ഇത് പൊതുവെ അണലി എന്ന പേരിൽ തന്നെ അറിയപ്പെടാറുണ്ട്. കുറ്റിക്കാടുകളിലും പുൽമേടുകളിലുമാണ് ഇവയെ സാധാരണ കാണുക.വട്ടക്കൂറ, പയ്യാനമണ്ഡലി, കണ്ണാടിവിരിയൻ, മൺചട്ടി , കുതിരക്കുളമ്പൻ എന്നിങ്ങനെ പല പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു.മനുഷ്യവാസ മേഖലയിൽ സ്ഥിരമായി കാണപ്പെടുന്നത് എണ്ണം കൂടുതൽ എന്നീ കാരണങ്ങളാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാമ്പ് കടി മരണങ്ങൾ ഇവ മൂലമാവുന്നു. ഇന്ത്യയിൽ ബിഗ് ഫോർ (പാമ്പുകൾ) ലെ അംഗമാണ്.
ദബോയ (Daboia) എന്ന ഇതിൻറെ വർഗ്ഗത്തിൽ ഈ ഒരു സ്പീഷീസ് മാത്രമേ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ .ഈ പാമ്പിനെ ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ അങ്ങോളം കാണുന്നു.മറ്റു തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും , ചൈന , തായ്‌വാൻ എന്നിവിടങ്ങളിലും ചേനത്തണ്ടനെ കാണാം.പാട്രിക് റസ്സൽ (1726–1805) എന്ന സ്കോട്ടിഷ് ഉരഗ ഗവേഷകന്റെ ബഹുമാനാർത്ഥമാണ് റസ്സൽസ് വൈപ്പർ എന്ന് നാമകരണം നടത്തിയത്.ഒളിച്ചിരിക്കുക എന്ന് അർത്ഥം വരുന്ന (ദബോയ)എന്ന ഹിന്ദി വാക്കിൽ നിന്നാണ് ഇതിന്റെ ശാസ്ത്ര നാമം ഉണ്ടായത്.ചേനയുടെ തണ്ടിൽ കാണുന്നതരം അടയാളങ്ങൾ കാണുന്നതിനാൽ ചേനത്തണ്ടൻ എന്ന് വിളിക്കുന്നു.
ശരീരത്തിലെ ദീർഘവൃത്തങ്ങൾ
ഇതിന്റെ ആകെ നീളം പരമാവധി 166 സെന്റിമീറ്റർ. 120.സെ.മീ. ആണ് ശരാശരി നീളം.തല പരന്നു ത്രികോണാകൃതിയിൽ ആണ്. മൂക്ക് ,ഉരുണ്ട് അല്പം ഉയര്ന്നിട്ടാണ് . ത്രികോണാകൃതിയിലുള്ള തല, ദീർഘവൃത്താകൃതിയിലുള്ള അടയാളങ്ങൾ , തടിച്ച ശരീരം, വലിയ കണ്ണുകൾ, നീണ്ട വാൽ എന്നിവയാണ് തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ.
മറ്റു പേരുകൾ
ഇംഗ്ലീഷിൽ ഇത് ചെയിൻ വൈപ്പർ (Chain Viper), കോമൺ റസ്സൽസ് വൈപ്പർ (Common Russell’s Viper), സെവൻ പേസർ (Seven Pacer), ചെയിൻ സ്നേക്ക് (Chain Snake), സിസ്സേർസ് സ്നേക്ക് (Scissors Snake) എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഹിന്ദി , പഞ്ചാബി , ഉർദു ഭാഷകളിൽ ദബോയാ എന്ന് അറിയപ്പെടുന്നു. ബോറ, ചന്ദ്ര ബോറ, ഉലൂ ബോറ എന്നിങ്ങനെയാണ് ബംഗാളികൾ ഇതിനെ വിളിക്കുന്നത്.കൊളകു മണ്ഡല എന്നും മണ്ഡലദ ഹാവു എന്നും കന്നഡ ഭാഷയിൽ വിളിക്കപ്പെടുന്നു. രത്ത(ക്ത) അണലി കണ്ണാടി വിരിയൻ എന്ന് തമിഴിൽ അറിയപ്പെടുന്നു.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ പാമ്പ് കടി മരണങ്ങൾ ഇവ മൂലമാണ്. ഇവയുടെ വിഷത്തിൽ പ്രധാനമായും ഹീമോടോക്സിൻ എന്ന പദാർഥം അടങ്ങിയിരിക്കുന്നു രക്തപര്യായന വ്യവസ്ഥയെ ആണ് വിഷം ബാധിക്കുന്നത്. പ്രായപൂർത്തിയായ ചേനതണ്ടനിൽ 150-250 mg വെനം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എലികളിൽ നടത്തിയ LD50 വാല്യൂ പരീക്ഷണങ്ങൾ അനുസരിച്ച് വിഷത്തിന്റെ വീര്യം 0.75 mg/kg , 0.133mg/kg . കൂടുതലായും ഒറ്റ കടിയിൽ ശരാശരി 40-70 mg വിഷം ഇരയുടെ ശരീരത്തിലേക്ക് കുത്തിവെയ്ക്കാം.
ആവാസം
ഒരു പ്രത്യേക ആവാസ സ്ഥാനം പൊതുവെ ഇല്ലെങ്കിലും, സാധാരണ ഇടതൂർന്ന കാടുകളിൽ ഇവയെ കാണാറില്ല. തുറസ്സായ പുൽ മേടുകളിലും കുറ്റിക്കാടുകളിലും സാധാരണ കാണപ്പെടുന്നു. തോട്ടങ്ങളിലും കൃഷി സ്ഥലങ്ങളിലും കാണാറുണ്ട്. തീര പ്രദേശങ്ങളിലെ സമതലങ്ങളിൽ സർവ്വ സാധാരണമാണ്. ഉയർന്ന സ്ഥലങ്ങളിൽ സാധാരണ കാണാറില്ല; എങ്കിലും സമുദ്ര നിരപ്പിൽ നിന്ന് 2300–3000 മീറ്റർ ഉയരം ഉള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഇവയെ ചതുപ്പ് നിലങ്ങളിലും ചെളി നിറഞ്ഞ പ്രദേശങ്ങളിലും തീരെ കാണാറില്ല.
സ്വഭാവം
ഈ പാമ്പ് സാധാരണ നിലത്ത് തന്നെ കാണപ്പെടുന്നു.രാത്രിനേരത്ത് ഇരതേടുന്ന ജീവിയാണിത് .നല്ല തണുപ്പ് കാലങ്ങളിൽ ഇവ പകൽ സമയത്ത് സജീവമാകുന്നത് കാണാം. പ്രായപൂർത്തിയായവ പ്രകോപനങ്ങൾ ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ വളരെ സാവധാനം സഞ്ചരിക്കുന്നു. ഒരു പരിധിയിൽ കൂടുതൽ പ്രകോപനം ഉണ്ടായാൽ ഇവ വളരെ അപകടകാരികൾ ആയിമാറുന്നു.
പ്രത്യുൽപ്പാദനം
സാധാരണയായി ആഗസ്റ്റ് മാസത്തിൽ ഏകദേശം 20 കുട്ടികൾക്കാണ് ഇവ ജൻമം നൽകാറുള്ളത്. ഇവ ചെറുപ്പകാലം മുതലേ വളരെയേറെ സ്വയംപര്യാപ്തരായിരിക്കും. ഇവയുടെ മുട്ട ഉദരത്തിൽ ആണ് അടവെക്കുക. കുഞ്ഞുകൾ ഉദരത്തിൽ നിന്നാണ് മുട്ടവിരിഞ്ഞ് പുറത്തേക്ക് വരിക. ഈ ഒരു പ്രത്യേകത കാരണം ഇവയെ പ്രസവിക്കുന്ന പാമ്പ് എന്നു പറയാറുണ്ട്. ചില സന്ദർഭങ്ങളിൽ ഒറ്റ പ്രസവത്തിൽ 65 വരെ കുഞ്ഞുങ്ങളുണ്ടാകാറുണ്ട്. 2-3 വയസ്സ് ആകുമ്പോൾ തന്നെ ഇവ പ്രത്യുൽപ്പാദന ശേഷി കൈവരിക്കുന്നു.
ഇരതേടൽ
സാധാരണ എലികളെയാണ് ഭക്ഷിക്കുന്നത് . അണ്ണാൻ , ഞണ്ട് , തേൾ മുതലായവയെയും ശാപ്പിടുന്നു .ചെറിയ പ്രായത്തിൽ തന്നെക്കാൾ ചെറിയ സ്വന്തം വംശജരെ ഇവ ഭക്ഷിക്കുന്നതായി കാണാം.എലികൾ കൂടുതൽ ഉള്ളതുകൊണ്ടുതന്നെ മനുഷ്യർ താമസിക്കുന്ന സ്ഥലത്ത് ഇവ കൂടുതൽ കാണപ്പെടുന്നു.