Encyclopedia

ചാനല്‍ തുരങ്കം

ഇംഗ്ലണ്ടിനേയും ഫ്രാന്‍സിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചാനല്‍ തുരങ്കത്തെ ആധുനിക കാലത്തെ ലോകാത്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. സമുദ്രത്തിനടിയിലൂടെ നിര്‍മ്മിച്ച നീളം കൂടിയ തുരങ്കങ്ങളിലൊന്നാണിത്.

  ചാനല്‍ തുരങ്കത്തിനു ചുന്നല്‍ തുരങ്കം എന്നും പേരുണ്ട്. ഇംഗ്ലീഷ് ചാനലിനടിയിലൂടെയാണ് ഈ തുരങ്കം വടക്കന്‍ ഫ്രാന്‍സ് വരെ ചെന്നെത്തുന്നത്.

  ഇങ്ങനെയൊരു തുരങ്കം നിര്‍മിക്കുക എന്ന ആശയത്തിന് നൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ട്. പല കാലഘട്ടങ്ങളില്‍ അതിനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും സാങ്കേതിക കാരണങ്ങള്‍ കൊണ്ടും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടും തുരങ്ക നിര്‍മ്മാണം നീണ്ടുപോയി. തടസ്സങ്ങളെയെല്ലാം അതിജീവിച്ച് 1988-ലാണ് തുരങ്കത്തിന്റെ പണി തുടങ്ങിയത്. എഞ്ചിനീയറിംഗ് വൈദഗ്ദ്യം ആധുനിക നിറമാണോപകരണങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ ആറുകൊല്ലം കൊണ്ട് അത് യാഥാര്‍ഥ്യമായി. അമ്പതോളം കിലോമീറ്റര്‍ നീളത്തില്‍ 1994-ല്‍ തുരങ്കത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായി. അപ്പോഴേക്കും നിര്‍മ്മാണച്ചെലവ്‌ രണ്ടായിരം കോടി ഡോളര്‍ കവിഞ്ഞു. നിര്‍മാണ ജോലികള്‍ക്കിടെ പല പ്രാവശ്യം തീപിടിത്തങ്ങളും മറ്റു കുഴപ്പങ്ങളും ഉണ്ടായി. അധികാരികളുടെ അനുമതിയില്ലാതെ ആളുകള്‍ ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്ക് കടന്നുകയറാനും തുടങ്ങി.

  ചാനല്‍ തുരങ്കത്തിന്റെ 38 കിലോ മീറ്റര്‍ ഭാഗമാണ് സമുദ്രത്തിനടിയില്‍ ഉള്ളത്. കടല്‍ത്തട്ടിന് 40 മീറ്റര്‍ അടിയിലായി മൂന്നു തുരങ്കങ്ങളായാണ് നിര്‍മ്മാണം ആരംഭിച്ചത്. നടുവിലെ തുരങ്കം അറ്റകുറ്റപ്പണികള്‍ക്കുള്ളതാണ്. അതിന്റെ ഇരുവശത്തേയും തുരങ്കങ്ങളിലൂടെ ഓരോ ദിശയില്‍ മാത്രം തീവണ്ടികള്‍ ഓടുന്നു. ഈ തുരങ്കങ്ങളെ ഇടയ്ക്കിടെ നടുവിലെ തുരങ്കവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

  ഏതെങ്കിലും തീവണ്ടി പാളം തെറ്റുകയാണെങ്കില്‍ നടുവിലുള്ള തുരങ്കത്തിലൂടെ കേടുപാടുകള്‍ തീര്‍ക്കാനുള്ള പ്രത്യേക തീവണ്ടി ഓടിക്കാനുള്ള സംവിധാനമുണ്ട്. ഇരുഭാഗത്തേയും യാത്ര തീവണ്ടികള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ മിനിറ്റുകള്‍ക്കകം സംഭവസ്ഥലത്ത് രക്ഷാത്തീവണ്ടി കുതിച്ചെത്തും, യാത്രക്കാര്‍ക്ക് നടന്നുപോകാനുള്ള സംവിധാനവും ഇരുവശത്തും ഒരുക്കിയിട്ടുണ്ട്.

  മികച്ച സിഗ്നല്‍ സംവിധാനമാണ് തുരങ്കത്തിനുള്ളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൈകാര്യം ചെയ്യുന്നവര്‍ക്ക് അപകടങ്ങളുണ്ടാകാത്ത വിധമാണ് അതിന്റെ പ്രവര്‍ത്തനം.