EncyclopediaHistory

ചന്ദ്രഗുപ്ത മൗര്യന്‍

ഇന്ത്യ കണ്ട മഹാനായ ചക്രവര്‍ത്തിയാണ് ചന്ദ്രഗുപ്തമൗര്യന്‍. മൗര്യസാമ്രാജ്യത്തിന്‍റെ സ്ഥാപകനായ ഇദ്ദേഹമാണ് ആദ്യമായി ഭാരതത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും ഒരുമിച്ചു ചേര്‍ത്ത് ഭരണം നടത്തിയത്. തെക്ക് മൈസൂര്‍ മുതല്‍ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ പേര്‍ഷ്യ വരെ വ്യാപിച്ചിരുന്ന അദ്ദേഹത്തിന്‍റെ വിശാലമായ സാമ്രാജ്യം.

  ചന്ദ്രഗുപ്തന്‍റെ ജനനം ബി സി 340-ലാണെന്നു കരുതപ്പെടുന്നു.മഗധ ഭരിച്ച നന്ദരാജാക്കന്മാരുടെ അടുത്ത ബന്ധുവായിരുന്നു ചന്ദ്രഗുപ്തമൗര്യന്‍റെ പിതാവ്. മൗര്യന്മാര്‍ തന്‍റെ അധികാരം തട്ടിയെടുത്തേക്കുമോ എന്ന് നന്ദന്‍ ഭയപ്പെട്ടിരുന്നു.അയാള്‍ മൗര്യന്മാരെ ചതിച്ച് തടവിലാക്കി വധിച്ചു.പക്ഷെ , മൗര്യന്മാരില്‍ ഒരാള്‍മാത്രം രക്ഷപ്പെട്ടു.ഏറ്റവും ഇളയവനായ ചന്ദ്രഗുപ്തന്‍ തന്‍റെ പിതാവിനേയും സഹോദരന്മാരേയും ചതിച്ചുകൊന്ന നന്ദനോട് ചന്ദ്രഗുപ്തന്‍ പകരം വീട്ടി. ചാണക്യന്‍ എന്ന ബ്രാഹ്മണന്‍റെ സഹായത്തോടെ ചന്ദ്രഗുപ്തന്റെ നന്ദരാജാവിനെ തോല്പിച്ച് മഗധ പിടിച്ചടക്കി. പിന്നീട് ശത്രുക്കളെ തകര്‍ത്തെറിഞ്ഞു കൊണ്ട് രാജ്യം വലുതാക്കാനായി പടയോട്ടം ആരംഭിച്ചു.

  അലക്സാണ്ടര്‍ പിടിച്ചെടുക്കിയ ഏഷ്യന്‍ പ്രദേശങ്ങളുടെ ഭരണം അദ്ദേഹത്തിന്‍റെ മരണശേഷം സെല്യൂക്കസിന്‍റെ ചുമതലയിലായിരുന്നു. സെല്യൂക്കസിനെ ചന്ദ്രഗുപ്തന്‍ യുദ്ധത്തില്‍ തോല്‍പ്പിച്ചതായി പറയപ്പെടുന്നു.എന്നാല്‍ മഗധ ആക്രമിക്കാന്‍ ശ്രമിച്ച സെല്യുക്കസ് ചന്ദ്രഗുപ്തന്‍റെ സൈനിക സന്നാഹങ്ങള്‍ കണ്ട് പിന്തിരിയു കയായിരുന്നുവെന്ന വാദവും നിലവിലുണ്ട്.രണ്ടായാലും ഇരുവരും തമ്മില്‍ ഒരു സന്ധിയില്‍ എത്തി എന്നതിനു തെളിവുകള്‍ വേണ്ടുവോളമുണ്ട്. ഇതുപ്രകാരം ഗാന്ധാരം, കാബൂള്‍, കാണ്ഡഹാര്‍, ബലൂചിസ്ഥാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഗ്രീക്ക് രാജാവ് ചന്ദ്രഗുപ്തനു വിട്ടുകൊടുത്തു.മാത്രമല്ല തന്‍റെ പുത്രിയെ ചന്ദ്രഗുപ്ത മൗര്യന് വിവാഹം ചെയ്യ്തു കൊടുക്കുകയും ചെയ്തു.

   വിന്ധ്യാപര്‍വതത്തിനു തെക്കോട്ടും ചന്ദ്രഗുപ്തന്‍ ആക്രമണം നടത്തി.ബംഗാള്‍ മുതല്‍ ഹിന്ദുക്കുഷ് വരേയും ഹിമാലയം മുതല്‍ നര്‍മ്മദ വരേയും മൗര്യസാമ്രാജ്യം വ്യാപിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ കര്‍ണാടകം വരെ മൗര്യസാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നുവെന്ന് കരുതപ്പെടുന്നു. പാടലീപുത്രമായിരുന്നു മൗര്യസാമ്രാജ്യത്തിന്‍റെ തലസ്ഥാനം.

   ഭദ്രബാഹു എന്ന ജൈനസന്യാസിയുടെ സ്വാധീനത്താല്‍ ചന്ദ്രഗുപ്തന്‍ ജൈനമതവിശ്വാസിയായി മാറി. ഭദ്രബാഹു രാജ്യത്ത് 12 വര്‍ഷം നീളുന്ന ഒരു ക്ഷാമമുണ്ടാകുമെന്ന് പ്രവചിക്കുകയും അതു സംഭവിക്കുകയും ചെയ്തത്രേ, ക്ഷാമം നേരിടാന്‍ ചന്ദ്രഗുപ്തന്‍ നടത്തിയ പ്രവര്‍ത്തികള്‍ വിജയിച്ചില്ല.അതോടെ ചന്ദ്രഗുപ്തന്‍ പുത്രനായ ബിന്ദുസാരന് അധികാരം കൈമാറി. തുടര്‍ന്നു ഭദ്രബാഹുവുമൊത്ത് അദ്ദേഹം കര്‍ണാടകയിലെ ശ്രാവണബെല്‍ ഗോളയിലേക്ക് യാത്ര തിരിച്ചു.അവിടെ വച്ച് ബി.സി 293-ല്‍ അദ്ദേഹം ഉപവാസം അനുഷ്ഠിച്ച് മരണമടഞ്ഞതായി കരുതപ്പെടുന്നു.

   ശ്രാവണബാല്‍ഗോളയില്‍ ചന്ദ്രഗുപ്തന്‍റെ ഓര്‍മയുണര്‍ത്തി ചന്ദ്രഗിരി എന്ന ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.ചാണക്യന്റെ അര്‍ഥശാസ്ത്രം മെഗസ്തനീസിന്‍റെ ഇന്‍ഡിക്ക വിശാഖദത്തിന്‍റെ മുദ്രാരാക്ഷസം എന്നീ കൃതികളില്‍ നിന്നും മൗര്യഭരണത്തെക്കുറിച്ചു മനസിലാക്കാം.