നാഗകേസരം
ശ്രീലങ്കയുടെ ദേശീയവൃക്ഷവും സിലോൺ ഇരുമ്പുമരം, ഇന്ത്യൻ റോസ് ചെസ്റ്റ്നട്ട്, മൂർഖന്റെ കുങ്കുമം എന്നെല്ലാം അറിയപ്പെടുന്ന ഒരു ഉഷ്ണമേഖലാവൃക്ഷമാണ് നാഗകേസരം (കുടുംബം :Clusiaceae, ശാസ്ത്രീയനാമം :Mesua ferrea). ഘനമേറിയ തടിയും നിബിഡമായ പത്രപംക്തിയും (foliage) സുഗന്ധമുള്ള പൂക്കളുമാണ് നാഗകേസരത്തിന്റെ പ്രത്യേകതകൾ. തമിഴിൽ ചെറുനാഗപ്പൂ, വെളുത്ത ചെമ്പകം, സംസ്കൃതത്തിൽ ചമ്പാര്യം, നാഗകേസരം, നാഗപുഷ്പം, ഹിന്ദിയിൽ ഗജപുഷ്പം എന്നു പേരുകളുള്ള നാഗകേസരം മലയാളത്തിൽ നാഗചെമ്പകം, ഇരുൾ, നാഗപ്പൂ, വയനാവ്, ചുരുളി, നങ്ക്, വെള്ള എന്നെല്ലാമാണു് പൊതുവേ അറിയപ്പെടുന്നു.
ശ്രീലങ്കയിൽ വളരെ സാധാരണമായി കണ്ടുവരുന്ന നാഗകേസരം ആ രാജ്യത്തിന്റെ ദേശീയവൃക്ഷം കൂടിയാണു. തെക്കൻ ഏഷ്യയിലെ സമാനകാലാവസ്ഥയുള്ള മറ്റു ഭൂഭാഗങ്ങളിലും (കേരളം, ആസ്സാം, നേപ്പാൾ, ഇന്തോചൈനാ – മലയാ ഉപദ്വീപുകൾ ) നാഗകേസരം കാണാം. താരതമ്യേന ഉയരക്കൂടുതലുള്ള ഈ വൃക്ഷത്തിന്റെ ആവാസമേഖല സമുദ്രനിരപ്പിൽനിന്നു 1500 മീറ്റർ വരെ ഉയരമുള്ള ഈർപ്പമുള്ള പ്രദേശങ്ങളാണു. ഉഷ്ണമേഖലാവനങ്ങളിലെ ഏറ്റവും ഉയർന്ന (കാനോപ്പി)യിൽ പെടുന്ന വൃക്ഷങ്ങളിൽ ഗണ്യമായ സ്ഥാനമുണ്ടു നാഗകേസരത്തിനു. വീതി കുറഞ്ഞ് കടുംപച്ചനിറത്തിൽ 7-15 സെന്റിമീറ്റർ നീളമുള്ള ഇലകളുടെ അടിഭാഗം വിളറിയ പച്ചനിറത്തിൽ കാണപ്പെടുന്നു. പുതുതായി രൂപപ്പെടുപ്പോൾ ഇലകൾക്കു ചുവപ്പോ മഞ്ഞ കലർന്ന ഊതനിറമോ നിറമാണുള്ളതു. നാലു വെളുത്ത ഇതളുകളും മദ്ധ്യത്തിൽ അനേകം മഞ്ഞ കേസരങ്ങളുമുള്ള പൂക്കൾക്ക് സുഗന്ധമുണ്ടു. തളിരിലയ്ക്കു പാടല നിറമാണ്. മധ്യസിരയ്ക്കു ലംബമായി സ്ഥിതിചെയ്യുന്ന പാർശ്വസിരകാളാണ്. ഇലയ്ക്ക് 5 മുതൽ 15 സെ. മീ. വരെ നീളവും അതിന്റെ പകുതി വീതിയും കാണും. തൊലിക്ക് തവിട്ടുനിറമാണ്. മഞ്ഞനിറത്തിലുള്ള കറ കാണാം. തൊലിപൊഴിയൽ നടക്കാറുണ്ട്. പൂക്കാലം ഫെബ്രുവരി മുതൽ ജൂൺ വരെയാണ്. വെളുപ്പുനിറമുള്ള പൂവിന് 3 മുതൽ 4 സെ. മീ. വരെ വ്യാസംകാണും. നാലുവീതം ബാഹ്യദളങ്ങളും ദളങ്ങളും കാണും. അണ്ഡാശയത്തിനു രണ്ടറകളും അതിലിൽ രണ്ടു വീതം ബീജാണ്ഡങ്ങളും കാണും. ഒക്ടോബറിൽ കായ്വിളഞ്ഞു തുടങ്ങും. അണ്ഡാകൃതിയിലുള്ള കായിൽ നാലു വിത്തുകൾ കാണും.വളരെ ഘനവും കടുപ്പവും ബലവുമുള്ള തടിയ്ക്കു ആപേക്ഷികസാന്ദ്രത ഏകദേശം 1.12 ആണു. ഇരുണ്ട ചുവപ്പുരാശിയുള്ള തടി സാമാന്യമായി ആശാരിപ്പണിയ്ക്കു വഴങ്ങും. തടിപ്പാലം, തീവണ്ടിപ്പാതകളിലെ അടിപ്പലകകൾ, കെട്ടിടങ്ങളിൽ തൂണുകൾ, ഉത്തരം തുടങ്ങി ബലത്തിനു കൂടുതൽ പ്രാധാന്യമുള്ള ആവശ്യങ്ങൾക്കു ചുരുളിത്തടി വിശേഷപ്പെട്ടതാണു.