കശുമാവ്
കേരളത്തിൽ വളരെ വ്യാപകമായി കൃഷിചെയ്യപ്പെടുന്ന ഒരു വൃക്ഷമാണ് കശുമാവ് (ശാസ്ത്രീയനാമം: Anacardium occidentale). കശുമാവ്, പറുങ്ങാവ്, പറങ്കിമൂച്ചി, പറങ്കിമാവ്, കപ്പൽ മാവ് എന്നീ പേരുകളിൽ ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്ന ഈ ഉഷ്ണമേഖലാ നിത്യഹരിത വൃക്ഷത്തിന്റെ വിത്താണ് സാധാരണ ഉപയോഗിക്കുന്നത്. ഈ വൃക്ഷത്തിന് 14 മീറ്റർ (46 അടി) വരെ ഉയരത്തിൽ വളരാൻ കഴിയും, എന്നാൽ 6 മീറ്റർ (20 അടി) വരെ വളരുന്ന കുള്ളൻ കശുവണ്ടി നേരത്തേയുള്ള വളർച്ചയെത്തലും കൂടുതൽ വിളവും കാരണമായി കൂടുതൽ ലാഭം തെളിയിച്ചിട്ടുണ്ട്. കശുവണ്ടി പലപ്പോഴും പാചക അർത്ഥത്തിൽ ഒരു കായയായി കണക്കാക്കപ്പെടുന്നതിനാൽ; ഈ കശുവണ്ടി നേരിട്ടു കഴിക്കുകയോ പാചകത്തിൽ ഉപയോഗിക്കുകയോ, അല്ലെങ്കിൽ കശുവണ്ടി നെയ് അല്ലെങ്കിൽ കശുവണ്ടി വെണ്ണയായി സംസ്ക്കരിച്ചെടുക്കുകയോ ചെയ്യുന്നു. ഇതിന്റെ കായ പലപ്പോഴും കശുവണ്ടി എന്ന് വിളിക്കപ്പെടുന്നു. മധ്യ ദക്ഷിണ അമേരിക്ക ജന്മദേശമായുള്ള ഈ വൃക്ഷം കേരളത്തിൽ എത്തിച്ചത് പറങ്കികളാണ്.
വടക്കുകിഴക്കൻ ബ്രസീൽ ഉൾപ്പെടെ മധ്യ അമേരിക്ക, കരീബിയൻ ദ്വീപുകൾ, വടക്കൻ തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ തദ്ദേശിയാണ് ഈ വൃക്ഷം. ബ്രസീലിലെ പോർച്ചുഗീസ് കോളനിക്കാർ 1550 കളിൽത്തന്നെ കശുവണ്ടി അവിടെനിന്നു കയറ്റുമതി ചെയ്യാൻ തുടങ്ങിയിരുന്നു. 2017 ൽ വിയറ്റ്നാം, ഇന്ത്യ, ഐവറി കോസ്റ്റ് എന്നിവയായിരുന്നു ഇതിന്റെ പ്രധാന ഉൽപാദകർ.
കശുവണ്ടി വിത്തിന്റെ തോട് രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭം മുതൽക്കു തന്നെ ലൂബ്രിക്കന്റുകൾ, വാട്ടർപ്രൂഫിംഗ്, പെയിന്റുകൾ, ആയുധ ഉൽപാദനം എന്നിവ ഉൾപ്പെടെ നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നതായ ഉപോത്പന്നങ്ങൾ നൽകിയിരുന്നു. കശുമാമ്പഴം ഇളം ചുവപ്പ് മുതൽ മഞ്ഞ നിറംവരെയുള്ള വർണ്ണങ്ങളിൽ കാണപ്പെടുന്ന ഒരു പഴമാണ്, ഇതിന്റെ കാമ്പിൽനിന്ന് മധുരവും ചവർപ്പുരസം നിറഞ്ഞതുമായ പാനീയം സംസ്ക്കരിച്ചെടുക്കാം അല്ലെങ്കിൽ വാറ്റിയെടുത്ത് മദ്യമാക്കി ഉപയോഗിക്കാം.