അയമോദകം
അയമോദകം.കാരം കോപ്റ്റിക്കം (Carum copticum) എന്ന ശാസ്ത്രീയ നാമമുള്ള ഒരുതരം ജീരകമാണിത്. ട്രാക്കിസ്പേമം അമ്മി (Trachyspermum ammi) എന്നും വിളിക്കാറുണ്ട്. പലഹാരങ്ങളിലും മറ്റും ചേർക്കുന്നതിനാലാണിതിനെ കേക്കുജീരകം എന്നുവിളിക്കുന്നത്. പഞ്ചാബ്, വടക്കൻ ഗുജറാത്ത് എന്നിവിടങ്ങളിൽ ഇവ കാര്യമായി കൃഷി ചെയ്യപ്പെടുന്നു.
അംബെലിഫെറ കുടുംബത്തിൽപ്പെട്ട ഈ ഔഷധ സസ്യം ഗുജറാത്ത്, മധ്യപ്രദേശ്, ബീഹാർ, ആന്ധ്ര എന്നിവിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. അഷ്ടചൂർണ്ണത്തിലെ ഒരു കൂട്ടാണിത്.
സസ്യശരീരം
ശാഖകളായി പടരുന്ന, ഏകദേശം മാംസളമായ, ചെറിയ ഇലകൾ നിറഞ്ഞ സസ്യമാണിത്. വെള്ള നിറത്തിലുള്ള പൂക്കളാണിതിനുള്ളത്. നിറവും മണവുമുള്ള വിത്തുകൾ ഇവ ഉദ്പാദിപ്പിക്കുന്നു.
പ്രാധാന്യം
ഇവയിൽ തൈമോൾ, ആൽഫാ പൈനീൻ, സൈമീൻ എന്നീ രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ നിന്നുണ്ടാക്കുന്ന എണ്ണയ്ക്ക് പാരാസിംപതറ്റിക് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് കഴിവുണ്ട്. ദഹനക്കേടിനും ഗ്യാസ്ട്രബിളിനും മരുന്നായി ഉപയോഗിക്കുന്നു. ഇവ ശ്വാസനാളത്തിന്റെ വികാസത്തിനായി ഉപയോഗിക്കുന്നു. സാധാരണ ഗതിയിൽ മസാലയായി ഇത് വിവക്ഷിക്കപ്പെടുന്നു. വാത-കഫ രോഗങ്ങൾക്കും അഗ്നിമാദ്യം, ഉദരകൃമി, പ്ലീഹാവൃദ്ധി എന്നീ രോഗങ്ങൾക്കു് ചികിത്സയ്ക്കും മുലപ്പാൽ വർദ്ധിപ്പിക്കാനും ഇത് ഉപയോഗിക്കുന്നു.