സി. അച്യുതമേനോൻ
ചേലാട്ട് അച്യുതമേനോൻ (ജനുവരി 13, 1913 – ഓഗസ്റ്റ് 16, 1991) സാഹിത്യകാരനും, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്നു. 1969 നവംബർ 1 മുതൽ 1970 ഓഗസ്റ്റ് 1 വരെയും 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെയും കേരളാ മുഖ്യമന്ത്രിയായിരുന്നു.
ജീവിത രേഖ
തൃശൂർ ജില്ലയിൽ പുതുക്കാടിനടുത്ത് രാപ്പാൾ ദേശത്ത് മഠത്തിൽ വീട്ടിൽ കുട്ടൻമേനോൻ എന്ന അച്യുതമേനോന്റെയും ചേലാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1913 ജനുവരി 13-ന് ജനിച്ചു. റവന്യൂ ഇൻസ്പെക്ടറായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. നാലാം ക്ലാസ്സു മുതൽ ബി.എ. വരെ മെരിറ്റ് സ്കോളർഷിപ്പോടുകൂടിയാണ് ഇദ്ദേഹം പഠിച്ചത്. തൃശൂർ സി.എം.എസ്. ഹൈസ്ക്കൂളിലും സെന്റ് തോമസ് കോളജിലും പഠിച്ചിരുന്ന കാലത്തുതന്നെ ഒരു മാതൃകാവിദ്യാർത്ഥി എന്ന നിലയിൽ ഇദ്ദേഹം പ്രശസ്തനായിരുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിൽ കൊച്ചി സംസ്ഥാനത്ത് ഒന്നാമനായി വിജയം വരിച്ചു. പല വിഷയങ്ങളിലും പ്രാഗല്ഭ്യത്തിനുള്ള സുവർണ്ണമുദ്രകൾ നേടി. ഇന്റർമീഡിയറ്റിനു റാങ്കും സ്കോളർഷിപ്പും സമ്പാദിച്ചു; ബി.എ.യ്ക്കു മദിരാശി സർവകലാശാലയിൽ ഒന്നാമനായി ജയിച്ചു.
ഉന്നതനിലയിൽ ബി.എ.പാസ്സായ മകനെ ഐ.സി.എസ് പഠനത്തിനായി ഇംഗ്ലണ്ടിലേക്കയക്കണമെന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും, മകന്റെ നിർബന്ധത്തിനു വഴങ്ങി നിയമപഠനത്തിനായി തിരുവനന്തപുരം ലോ കോളേജിൽ ചേർക്കുകയായിരുന്നു. ബി.എൽ. പരീക്ഷയ്ക്കു തിരുവനന്തപുരം ലോ കോളജിൽ ഹിന്ദുനിയമത്തിൽ ഒന്നാം സ്ഥാനം നേടി ‘വി. ഭാഷ്യം അയ്യങ്കാർ സ്വർണമെഡൽ‘ കരസ്ഥമാക്കി. സാമ്പത്തികമായി കഷ്ടപ്പെടുന്ന തന്റെ കുടുംബത്തിന് ഒരു സഹായമാവാനായി അഭിഭാഷകനായി ജോലിക്കു ചേർന്നു. ചിലപ്പോഴൊക്കെ സത്യത്തിനു വിരുദ്ധമായി കോടതിയിൽ കേസു നടത്തേണ്ടി വരും എന്നുള്ളതുകൊണ്ട് അദ്ദേഹത്തിന് അഭിഭാഷകജോലി അത്ര തൃപ്തി നൽകിയിരുന്നില്ല.