EncyclopediaMajor personalities

ബോറിസ് യെൽത്സിൻ

ബോറിസ് നിക്കൊളായേവിച്ച് യെത്സിൻ (യെൽസിൻ), 1991 മുതൽ 1999 സ്ഥാനമൊഴിയുന്നതുവരെ റഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു. സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും ആ രാജ്യത്തിന്റെ തന്നെയും പതനത്തിൽ നിർണ്ണായക പങ്കു വഹിക്കുകയും, അതിനുശേഷം അധികാരത്തിൽ വന്ന് നാടകീയമായ എട്ടു വർഷക്കാലത്തെ ഭരണത്തിൽ വലിയ രാഷ്ട്രീയ പരിവർത്തനത്തിന്‌ അടിസ്ഥാനമിടുകയും ചെയ്തതാണ്‌ അദ്ദേഹത്തിന്റെ സംഭാവന. ജനാധിപത്യ റഷ്യയുടെ ആദ്യത്തെ പ്രസിഡന്റ്‌ എന്ന നിലയിലാണ്‌ ബോറിസ്‌ യെൽത്സിനെ ചരിത്രം അറിയുന്നത്‌. സോവിയറ്റ്‌ യൂണിയന്റെ അന്ത്യം കുറിച്ചത്‌ മിഖായേൽ ഗോർബച്ചേവിന്റെ ഗ്ലാസ്ത്‌നോസ്തും പെരിസ്ത്രോയിക്കയുമായിരുന്നെങ്കിൽ ആ ശവപ്പെട്ടിയിലെ അവസാനത്തെ ആണി യെൽത്സിന്റേതായിരുന്നു. 1991 ആഗസ്തിൽ അന്നത്തെ കെ.ജി.ബി. മേധാവി സൈന്യത്തിന്റെ സഹായത്തോടെ നടത്തിയ അട്ടിമറി ശ്രമം ചെറുക്കാൻ നിർത്തിയിട്ട ടാങ്കിനു മുകളിൽ കയറി നിന്ന് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തു. ഒരു സോവിയറ്റ്‌ നേതാവിന്‌ കഴിയാത്ത ജനപിന്തുണ അന്ന അദ്ദേഹത്തിന്‌ ലഭിച്ചു. എന്നാൽ റഷ്യൻ സാമ്പത്തിക വ്യവസ്ഥ സ്വകാര്യ വത്‌കരണത്തിനു തുറന്നിട്ടുകൊടുത്തപ്പോൾ ലക്ഷക്കണക്കിന്‌ സാധാരണക്കാർ ദരിദ്രരായിത്തീർന്നു. ഒരേ സമയം ജനനായകനും മദ്യപാനിയായ പ്രതിനായകനുമായി അദ്ദേഹം അറിയപ്പെട്ടു.[1] യുവനേതൃനിരയിലെ പലരെയും പ്രധാനമന്ത്രി പദത്തിലേക്കുയർത്തി പരീക്ഷിച്ച ശേഷമാണ് 1999ൽ വ്ളാഡിമിർ പുടിനെ അധികാരമേൽപ്പിച്ചു യെൽസിൻ പടിയിറങ്ങിയത്. യെൽസിൻ ബാക്കിവച്ച ശുഭപ്രതീക്ഷകളിൽ ഇനി അധികം ബാക്കിയില്ലെന്ന പുടിൻ വിമർശകരുടെ ആരോപണം ശക്തമാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ മരണം. 2007 ഏപ്രിൽ 23 ന് ഹൃദയാഘാതം മൂലം അദ്ദേഹം മരണമടഞ്ഞു.

ആദ്യകാലം

റഷ്യയിലെ ഉറാൽ മലകൾക്കടുത്തുള്ള താലിത്സ്കി ജില്ലയിലെ സ്വെർദ്ലോവ്സ്ക് എന്ന പ്രവിശ്യയിലെ ബുട്കാ എന്ന ഗ്രാമത്തിലാണ്‌ ബോറിസിന്റെ ജനനം. 1931 ഫെബ്രുവരി ഒന്നിൻ പിതാവ് നിക്കൊളായി യെൽസിനും മാതാവ് ക്ലാവ്ഡിയ വാസിലിയേവ്നക്കും മകനായി കുഞ്ഞ് ബോറിസ് ജനിച്ചു. പിതാവ് 1934 ല് സോവിയറ്റ് ബഹിഷ്കരണ സമരങ്ങളിൽ പങ്കെടുത്തതിന് ജയിലിലടക്കപ്പെട്ടു. അമ്മ ഒരു തയ്യൽ കടയിൽ തുന്നൽക്കാരിയായിരുന്നു. അച്ഛൻ മൂന്നു വർഷത്തിനുള്ളിൽ ജയ്യിൽ മോചിതനായെങ്കിലും കാഅര്യമായ ജ്ഒലിയൊന്നും ലഭിച്ചില്ല. പിന്നീട് അദ്ദേഹം ദിവസക്കൂലിക്ക് പണിയെടുക്കുകയായിരുന്നു.

അദ്ദേഹം പുഷ്കിൻ ഹൈസ്കൂൾ, ഉറാൽ പോളിടെൿനിക് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. അദ്ദേഹം നിർമ്മാണ മേഖലയിലാണ് ബിരുദം എടുത്തത്. അദ്ദേഹത്തിന്റെ ബിരുദ-സൈദ്ധാന്തിക പ്രവർത്തനം ടെലിവിഷൻ ടവർ എന്ന വിഷയമായിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് അന്നത്തെ ചെമ്പടയുടെ സൈന്യശേഖരത്തിൽ ഒളിച്ചുകടന്ന്ന് ഗ്രനേഡും മറ്റും മോഷ്ടിക്കുകയും അവയെ പിരിച്ച് പഠിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം ഉണ്ടായി കയിലെ ഒന്നുരണ്ടും വിരലുകൾ നഷ്ടപ്പെട്ടതായും രേഖപ്പെടുത്തിയിട്ടുണ്ട്.  അദ്ദേഹം പഠനത്തിനുശേഷം പന്ത്രണ്ട് വിവിധ നിർമ്മാണ മേഖലകളിൽ പ്രാവീണ്യം നേടി. അതിനുശേഷം മാത്രമേ അദ്ദേഹം ഫോറ്മാനായി ജോലി സ്വീകരിച്ചുള്ളൂ.

1955 മുതൽ 1957 വരെ അദ്ദേഹം ഉറാലിൽ തന്നെയുള്ള യാഴ്ഗോർസ്ട്രോയ് എന്ന ഒരു കെട്ടിട നിർമ്മാണ കമ്പനിയിൽ പ്രവർത്തിച്ചു. 195ല് അദ്ദേഹം നയീന ലോസിഫോവ്ന ഗിരീന എന്ന കുട്ടുകാരിയെ വിവാഹം കഴിച്ചു. 1957 യെലെന എന്നും 1959 തത്യാന എന്നും രണ്ട് പെൺകൂട്ടികൾ ജനിച്ചു. 1961 ൽ സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാർട്ടിയിൽ (സി.പി.എസ്.യു.) ചേർന്നു.ഇതോടെ അദ്ദേഹത്തിന്റെ ജോലി അഭിവൃദ്ധി പ്രാപിച്ചു തുടങ്ങി. 1963ല് സ്വെർദ്ലോവ്സ്കിലേക്ക് ജോലിക്കയറ്റത്തോടെ സ്ഥലം മാറ്റപ്പെട്ടു. 1963 ല് അദ്ദേഹം ചീഫ് എൻ‍ജിനീയറായി. 1965 ൽ ജില്ലയുടെ ഭവനനിർമ്മാണ വിഭാഗത്തിന്റെ തലവനായി.