EncyclopediaWild Life

ഞാനൊരു നാടനാണെ!

കുരങ്ങെന്നു കേള്‍ക്കുമ്പോഴേക്കും നാം പെട്ടെന്നോര്‍ക്കുന്ന ഒരു കൂട്ടരുണ്ട്. വിളറിയ റോസ് നിറമുള്ള മുഖം, നരച്ചതോ ഇളം തവിട്ടു നിറമാര്‍ന്നതോ ആയ രോമം,അല്പം നീണ്ട വാല്‍,പോരാത്തതിന് വേണ്ടുവോളം കുസൃതിയും.
‘ബോണറ്റ് മക്കാക്ക്’ എന്നറിയപെടുന്ന നമ്മുടെ നാടന്‍ കുരങ്ങ് ആണിത്. തലയുടെ നടുക്കുള്ള ചുഴിയില്‍ നിന്ന് നീളുന്ന രോമങ്ങള്‍ ഉണ്ടിവയ്ക്ക്.ഇത് നെറ്റിക്ക് മുകളില്‍ കട്ടിയുള്ള ഒരു വരമ്പ് അഥവാ ബോണറ്റ് തീര്‍ക്കുന്നത് കൊണ്ടാണ് ഇവയ്ക്ക് ബോണറ്റ് മക്കാക്ക് എന്ന പേര് കിട്ടിയത്. വാലിന്റെ നീളത്തില്‍ ഇവ മറ്റു മക്കാക്കുകളെ പിന്നിലാക്കുന്നു.
കാട്ടിലും നാട്ടിലും തെക്കേയിന്ത്യ ഏതാണ്ട് മുഴുവനായും കാണപ്പെടുന്ന ഇവയ്ക്ക് പൊതുവേ മനുഷ്യരെ ഭയമില്ല.കാട്ടില്‍ കഴിയുന്നവ അല്പം അകല്‍ച്ച കാണിക്കാറുണ്ട് എന്നുമാത്രം.
സംഘങ്ങളായി കഴിയാനിഷ്ടപ്പെടുന്ന ഇവയ്ക്കിടയില്‍ പ്രത്യേക നിയമങ്ങളുമുണ്ട്. ഇവ അനുസരിക്കാതിരുന്നാല്‍ പലപ്പോഴും കൂട്ടത്തില്‍ നിന്ന്‍ പുറത്താകും.’ചാട്ടം പിഴച്ചാല്‍ കൂട്ടം പിഴയ്ക്കും’ എന്ന പഴഞ്ചൊല്ലിനു കാരണം ഇതാണ്.ഏറ്റവും പ്രായമുള്ള ആണ്‍കുരങ്ങാണ് സാധാരണയായി സംഘത്തലവന്‍. ചെറുപ്പക്കാരായ ആണ്‍ കുരങ്ങുകള്‍ മൂപ്പനെ ഭരണകാര്യങ്ങളില്‍ സഹായിക്കുമത്രേ.
ഏതു ഭക്ഷണവും ഇഷ്ടപ്പെടുന്നവയാണ് ഈ ബോണറ്റ് മക്കാക്കുകള്‍. എങ്കിലും, പഴങ്ങളോട് ആണ് ഇവയ്ക്ക് കൂടുതലിഷ്ടം.തരം കിട്ടിയാല്‍ പാറ്റയേയും പ്രാണിയെയുമൊക്കെ ഇവ അകത്താക്കാറുണ്ട്.
വടക്കെയിന്ത്യയില്‍ സര്‍വസാധാരണമായ റീസസ് കുരങ്ങുകള്‍ തെക്കേ ഇന്ത്യയില്‍ ഗോദാവരി നദിയുടെ അക്കരെ വരെ മാത്രം കാണപ്പെടുന്നു. ബോണറ്റ് കുരങ്ങുകള്‍ ആകട്ടെ, ഗോദാവരിയുടെ ഇങ്ങേക്കര വരെയേ ഉള്ളൂ.