മണിത്തക്കാളി
ഏകദേശം നാലടിയോളം ഉയരത്തിൽ വളരുന്നതും ലഘുശിഖരങ്ങളോട് കൂടിയതുമായ ഒരു സസ്യമാണ് മണിത്തക്കാളി. ഇത് വഴുതിനയുടെ വർഗ്ഗത്തിൽ പെട്ടതാണ്. പൂക്കൾ ചെറുതും വെളുത്തതുമാണ്. ഈ ചെടി രണ്ടുതരത്തിൽ കാണപ്പെടുന്നു. ഇതിൽ ഒന്നിന്റെ കായ പഴുക്കുമ്പോൾ ചുവപ്പുനിറത്തിലും രണ്ടാമത്തേതിന്റെ കായ പഴുക്കുമ്പോൾ നീല കലർന്ന കറുപ്പുനിറത്തിലും കാണപ്പെടുന്നു. കായ വളരെ ചെറുതാണ്. കയ്പുനിറഞ്ഞ മധുരമായിരിയ്ക്കും പഴുക്കുമ്പോൾ അനുഭവപ്പെടുന്നത്. പ്രകൃതിചികിത്‌സയിൽ വ്യാപകമായി ഉപയോഗിയ്ക്കുന്നുണ്ട്.കേരളത്തിൽ പ്രാദേശികമായി മുളകുതക്കാളി, കരിന്തക്കാളി എന്നിങ്ങനെ അറിയപ്പെടുന്നു. മണമുള്ളതിനാൽ തമിഴർ ഇതിനെ മണത്തക്കാളി എന്നും വിളിക്കുന്നു. Black nightshade എന്ന ഇംഗ്ലീഷിലും Solanum nigrum എന്ന് ലാറ്റിനിലും കാകമച്ചി എന്ന് സംസ്കൃതത്തിലും പറയുന്നു.സമൂലം ഔഷധഗുണമുള്ളതാണ് ഇത്.ത്രിദോഷശമനത്തിന് ഉപയോഗിയ്ക്കുന്നു.ഹൃദ്രോഗത്തിന് ഒരു ഉത്തമ ഔഷധമായി ഉപയോഗിയ്ക്കുന്നു.മഞ്ഞപ്പിത്തം,വാതരോഗങ്ങൾ,ചർമ്മരോഗങ്ങൾ എന്നിവയ്ക്കും ഒരു പ്രതിവിധി ആയി ഉപയോഗിയ്ക്കുന്നുണ്ട്.