EncyclopediaWild Life

പുറം കറുത്ത കുറുക്കന്‍

കൈതച്ചക്ക ധാരാളമായി ശാപ്പിട്ടു തെക്കേ ആഫ്രിക്കയിലെ കൃഷിക്കാര്‍ക്ക് തലവേദനയുണ്ടാക്കുന്ന കൂട്ടരാണ് പുറം കറുത്ത കുറുക്കന്മാര്‍. തെക്കേ ആഫ്രിക്കയിലും കിഴക്കന്‍ ആഫ്രിക്കയിലും ഇവര്‍ ധാരാളമുണ്ട്. കൈതച്ചക്ക മാത്രമല്ല ,കിട്ടുന്നതെന്തും ശാപ്പിടുന്നവരാണ് പുറം കറുത്ത കുറുക്കന്മാര്‍. ചെറിയ മാനുകള്‍,ഉരഗങ്ങള്‍, പക്ഷികള്‍, കാട്ടുപഴങ്ങള്‍ അങ്ങനെ നീളുന്നു അവയുടെ ആഹരനിര!

 ചെറുസംഘങ്ങളായാണ് ഇവരെ കണ്ടുവരുന്നത്. അച്ഛനമ്മമാരോടൊപ്പം ഒന്നോ രണ്ടോ മുതിര്‍ന്ന കുഞ്ഞുങ്ങളും ഓരോ കൂട്ടത്തിലും കഴിയാറുണ്ട്. കൊച്ചു കുഞ്ഞുങ്ങളെ സംരക്ഷിക്കുകയാണ് അവരുടെ ജോലി.

      അച്ഛനമ്മമാര്‍ ഇരതേടി പോകുമ്പോള്‍ ഇവര്‍ കുഞ്ഞുങ്ങളുള്ള മാളത്തിനു കാവല്‍ നില്‍ക്കും. അവര്‍ മടങ്ങി വരുമ്പോള്‍ ആഹാരത്തിനായി ബഹളം കൂട്ടും. കഴുതപ്പുലികളെപ്പോലുള്ള ശതുക്കളില്‍ നിന്ന് കൊച്ചുകുഞ്ഞുങ്ങളെ രക്ഷിക്കാന്‍ വലിയ സഹായമാണ് ഈ മുതിര്‍ന്ന കുഞ്ഞുങ്ങള്‍ ചെയ്യുന്നത്!

 പലതരം ശബ്ദമുണ്ടാക്കിയാണ് പുറം കറുത്ത കുറുക്കന്മാര്‍ പരസ്പരം കാര്യങ്ങള്‍ അറിയിക്കുന്നത്. പേരുപോലെ പുറം ഭാഗം വാല്‍ വരെ കറുപ്പു നിറക്കാരാണ് ഇവ. ചുവപ്പ് കലര്‍ന്ന തവിട്ടു  നിറമാണ്‌ അടിഭാഗത്ത്. ഇടയ്ക്ക് വെള്ള പ്പാടുകളും കാണാം. പുല്‍മേടുകളില്‍ ഇവയെ ധാരാളമായി കണ്ടുവരുന്നു. നാലടിയിലേറെ വലിപ്പവും 12 കിലോഗ്രാം തൂക്കവും ഉണ്ടാകും. പുറം കറുത്ത കുറുക്കന്മാര്‍ പരമാവധി എത്രകാലം ജീവിച്ചിരിക്കുമെന്നു കണക്കാക്കപ്പെട്ടിട്ടില്ല.