BhutanCountryEncyclopedia

ലോകത്തിനു കീഴടങ്ങാതെ ഭൂട്ടാന്‍

ശക്തമായ സൈന്യമില്ല, അളവറ്റ സമ്പത്തില്ല. യുഗപ്രഭാവന്മാരായ യുദ്ധവീരന്മാരില്ല. പ്രസിദ്ധരായ കലാകാരന്മാരോ പ്രതിഭാശാലികളായ ശാസ്ത്രജ്ഞന്‍മാരോ ഇല്ല.സ്വപ്നത്തില്‍ പോലും ലോകത്തെ കീഴടക്കണം എന്ന് ആഗ്രഹിച്ചിട്ടുമില്ല.എന്നിട്ടും ലോകത്തിന്റെ കുതിപ്പുകള്‍ക്ക് ആ കൊച്ചു രാജ്യത്തെ കീഴടക്കാന്‍ ആയില്ല. നൂറ്റാണ്ടുകളോളം!
പടയോട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഒന്ന് വ്യക്തമാകും.സൈന്യത്തിന്റെ വലിപ്പത്തിലും കഴിവിലുമല്ല ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് സേനാശക്തി പ്രയോഗിക്കുന്നതിലാണ് വിജയം. ചരിത്രമല്ല ഭൂമിശാസ്ത്രമാണ് ലോകത്തിന്റെ സകല മുന്നേറ്റങ്ങളേയും ഭൂട്ടന്റെ പടിവാതിലില്‍ വച്ചു തടഞ്ഞുനിര്‍‍ത്തിയത്. തെക്ക് കൊടുങ്കാടുകള്‍,വടക്ക് കൊടുമുടികള്‍,തുറമുഖങ്ങളില്ല.നെടുമ്പാതകളില്ല.കൈയെത്തും ദൂരത്ത് കടന്നെത്താനാവാതെ ഭൂട്ടാന്‍ പുറംലോകത്തിന് ഒരു നിഗൂഡ വിസ്മയ ലോകമായി!
ഭൂട്ടാന്‍ ജനതയ്ക്ക് പക്ഷെ ഇതിലൊന്നും വേവലാതികളില്ല. ചൈനയും ഇന്ത്യയും പോലുള്ള വലിയ അയല്‍രാജ്യങ്ങള്‍ക്കിടയില്‍, ഹിമവാന്റെ മടിത്തട്ടില്‍ ബാര്‍ലിയും നെല്ലും വിതച്ചും കൊയ്തും കന്നുകാലികളെ വളര്‍ത്തിയും അവര്‍ കഴിഞ്ഞുകൂടി. പിന്നെ അത്യാവശ്യ വിദേശനാണയത്തിനായി സ്റ്റാമ്പ് വില്‍പ്പനയും നടത്തി.
ലോകരാജ്യങ്ങള്‍ എല്ലാ മേഖലകളിലും തലപ്പൊക്കമത്സരം നടത്തുമ്പോള്‍ ഭൂട്ടാന്‍ അതില്‍ നിന്ന് അകന്നു നില്ക്കുന്നു. ഹിമാലയത്തിന്റെ തലയെടുപ്പ് കണ്ടു വളര്‍ന്നവര്‍ ‘ഉയര്‍ച്ചകള്‍ക്ക് വില കല്‍പ്പിക്കാത്തതാകാം കാരണം.അല്ലെങ്കില്‍ ആഗ്രഹങ്ങളെ അതിജീവിക്കാന്‍ പഠിപ്പിക്കുന്ന ബുദ്ധമതസ്വാധീനമാവാം.
അടഞ്ഞ പുസ്തകം പോലെ കിടന്ന ആ ഭൂതകാലമാണ് ഇന്ന് ഭൂട്ടാന്റെ ശക്തി അപൂര്‍വ്വ ജീവജാലങ്ങളുടെ വീടാണത്. ലോകത്തെങ്ങും നാട്ടിന്‍പുറങ്ങള്‍ നഗരങ്ങളാകാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍ ഭൂട്ടാനിലെ കാടും മേടും ഗ്രാമങ്ങളാകാന്‍ പോലും മടിച്ചു നില്‍ക്കുന്നു.ഗവേഷകരും സഞ്ചാരികളും അതുകൊണ്ട് ഭൂട്ടാനെ തേടിയെത്തുന്നു.
ലോകാത്ഭുതങ്ങള്‍ ഒന്നുമില്ലാത്ത ഭൂട്ടാന്‍ അങ്ങനെ ലോകത്തിനു ഒരു അത്ഭുതമാകുന്നു……