BhutanCountryEncyclopedia

ഭൂട്ടാന്‍

ലോകത്ത് ഏറ്റവും അധികം പാറക്കെട്ടുകളും പര്‍വ്വതങ്ങളും നിറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍. ഹിമാലയന്‍ പര്‍വ്വത നിരകളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ കൊച്ചു രാജ്യം അടുത്തകാലം വരെ മറ്റു ലോകരാജ്യങ്ങളുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര തലത്തില്‍ വലിയ പേരും പെരുമയും ഭൂട്ടാനില്ല. എങ്കിലും അടുത്ത കാലത്ത് ഭൂട്ടാന്‍ മറ്റു ലോകരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തി വരികയാണ്‌.
*ഭൂമിശാസ്ത്രം
ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തിയില്‍ നേപ്പാളിന് വളരെയടുത്ത് കിഴക്ക് ഭാഗത്താണ് ഭൂട്ടാന്റെ സ്ഥാനം. സിക്കിമും പശ്ചിമബംഗാളിന്റെ വടക്കേ അറ്റവുമാണ് ഭൂട്ടാനെ നേപ്പാളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.തെക്ക് ഭാഗത്ത് പശ്ചിമ ബംഗാളും അസമും അരുണാചല്‍ പ്രദേശവുമാണ് അതിര്‍ത്തികള്‍. ടിബറ്റാണ് ഭൂട്ടാന്റെ വടക്ക് ഭാഗത്ത്.
ഭൂമിശാസ്ത്രപരമായി ഭൂട്ടാനെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു. തെക്ക് ഭാഗത്ത് ഇന്ത്യന്‍ സമതലത്തില്‍ നിന്നും തുടങ്ങുന്നതും അമ്പത് കിലോമീറ്റര്‍ വരെ വീതിയുള്ളതുമായ ആദ്യഭാഗം കുന്നും മലയും നിറഞ്ഞതാണ്‌. ഈ കുന്നുകള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കാലവര്‍ഷക്കാറ്റിനെ തടഞ്ഞു നിര്‍ത്തുന്നതു കൊണ്ട് ഈ പ്രദേശത്ത് ധാരാളം മഴ പെയ്യുന്നു: വര്‍ഷത്തില്‍ 500 സെന്റീമീറ്റര്‍ മുതല്‍ 750 സെന്റീമീറ്റര്‍ വരെ.
65 കിലോമീറ്റര്‍ വീതിയില്‍ നീണ്ടു കിടക്കുന്ന മധ്യമേഖലയില്‍ കൂടുതല്‍ ഉയരമുള്ള മലകളുണ്ട്(1100 മീറ്റര്‍ മുതല്‍ 3000 മീറ്റര്‍ വരെ ഉയരമുള്ളവ). ഈ മലനിരകള്‍ക്കിടയിലുള്ള പ്രദേശങ്ങള്‍ കൂടുതല്‍ ജനവാസയോഗ്യമാണ്. വര്‍ഷത്തില്‍ 110 മുതല്‍ 160 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുന്ന ഇവിടെയാണ് ഭൂട്ടാനിലെ കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്.
വടക്കേ അറ്റത്തുള്ള മൂന്നാമത്തെ മേഖല 7000 മീറ്റര്‍ വരെ ഉയരമുള്ള പര്‍വ്വതങ്ങള്‍ നിറഞ്ഞതാണ്‌.അവയുടെ താഴ്വരകളില്‍ ഇടയന്മാരും കന്നുകാലികളും മാത്രമേ പോവാറുള്ളൂ.
*നാല് നദികള്‍
ധാരാളം മഴ ലഭിക്കുന്ന പ്രദേശമാണ് ഭൂട്ടാന്‍.എങ്കിലും ഭൂമി കൃഷിയോഗ്യമാക്കുന്നതില്‍ നദികള്‍ക്കും വലിയ പങ്കുണ്ട്.
മനസ് ആണ് ഭൂട്ടാനിലെ ഏറ്റവും വലിയ നദി. അതു കൂടാതെ പ്രധാനപ്പെട്ട മൂന്നു നദികള്‍ കൂടി ഇവിടെയുണ്ട്.സങ്കോഷ്,അമോ,വോങ് എന്നിവയാണവ.കിഴക്ക് നിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന ഈ നദികളെല്ലാം തന്നെ ഹിമാലയത്തില്‍ നിന്ന് ഉത്ഭവിക്കുന്നവയാണ്.
മലനിരപ്പുകളും താഴ്വരകളും പിന്നിട്ടൊഴുകുന്നതു കാരണം വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞതാണ്‌ ഭൂട്ടാനിലെ നദികള്‍.
അതുകൊണ്ട് തന്നെ നദികള്‍ ഗതാഗത യോഗ്യമല്ല.എങ്കിലും അതുകൊണ്ട് മറ്റൊരു ഗുണമുണ്ട്. ജലവൈദ്യുതപദ്ധതികളുടെ വന്‍ സാധ്യതകള്‍.
ഭൂട്ടാനില്‍ വൈദ്യുതിയുടെ പ്രധാനഉറവിടം നദികളാണ്.എങ്കിലും വൈദ്യുതി ഉത്പാദനം ലക്ഷ്യമാക്കി ഏതാനും അണക്കെട്ടുകള്‍ മാത്രമേ ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളൂ. അവയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുകയാണ്.
ഹിമാലയനിരകളില്‍ ഉത്ഭവിച്ച് ഭൂട്ടാനിലെ കൃഷിയിടങ്ങളെ സമ്പുഷ്ടമാക്കി ഒഴുകുന്ന ഈ നദികള്‍ ദൂവാര്‍ പ്രദേശങ്ങള്‍ പിന്നിട്ടു ഇന്ത്യയിലേക്ക് കടക്കുന്നു. ഇന്ത്യയില്‍ ബ്രഹ്മപുത്രയില്‍ ലയിക്കുകയും ചെയ്യുന്നു.

*കാലാവസ്ഥ
ഭൂട്ടാന്റെ വിവിധ പ്രദേശങ്ങളിലെ കാലാവസ്ഥ വ്യത്യസ്തമാണ്.സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം വ്യത്യസ്തമായത് കൊണ്ടാണ് വിവിധ പ്രദേശങ്ങളുടെ കാലാവസ്ഥ വ്യത്യസ്തമായിരിക്കുന്നത്.
ദക്ഷിണ മേഖലയില്‍ നല്ല ചൂടുള്ള കാലാവസ്ഥയാണ്. ഉത്തര മേഖലയില്‍ നല്ല തണുപ്പാണ്. തണുപ്പ് കാലത്ത് ഇവിടെ മഞ്ഞു മൂടിക്കിടക്കും. മിത സ്വഭാവമുള്ളതാണ് മധ്യ മേഖലയിലെ കാലാവസ്ഥ. അതി ഭയങ്കരമായ ചൂടും തണുപ്പും ഇവിടെയില്ല.
ഏപ്രില്‍-മേയ് മാസങ്ങളില്‍ ഭൂട്ടാനിലെ പല പ്രദേശങ്ങളിലും നല്ല കാറ്റ് ഉണ്ടാകും. ചെറിയ വീടുകളുടെ മേല്‍ക്കൂര ഈ കാറ്റില്‍ പെട്ട് നിലം പൊത്താം.ചിലപ്പോള്‍ കാറ്റിനൊപ്പം മഴയുമുണ്ടാകാറുണ്ട്.
ഏഷ്യയിലെ മിക്കയിടങ്ങളിലുമെന്ന പോലെ ഭൂട്ടാനിലും മണ്‍സൂണ്‍ എത്തുന്നുണ്ട്.ജൂണില്‍ തുടങ്ങി സെപ്തംബര്‍ വരെ പെയ്തിറങ്ങുന്ന സമ്മര്‍ മണ്‍സൂണ്‍ ആണ് ഭൂട്ടാനില്‍ അനുഭവപ്പെടുന്നത്.
*വനസമ്പത്ത്
പലതരത്തില്‍ പെട്ട സസ്യങ്ങള്‍ തഴച്ചു വളരുന്ന ഈ പ്രദേശം ലാന്റ് ഓഫ് മെഡിസിനല്‍ പ്ലാന്റ്സ് എന്ന്‍ അറിയപ്പെടുന്നു.അതായത് ‘ഔഷധ സസ്യങ്ങളുടെ നാട്’.
20-ആം നൂറ്റാണ്ടിന്റെ ആരംഭം വരെ ഭൂട്ടാനില്‍ വനം ജനങ്ങളുടെ നിലനില്പിന് ഭീഷണിയുയര്‍ത്തുന്ന കടുവകളുടെയും മലേറിയ കൊതുകുകളുടെയും വിഹാര കേന്ദ്രങ്ങളായിരുന്നു. ഇതില്‍ നിന്നും രക്ഷ നേടാന്‍ ആളുകള്‍ തണുപ്പ് കൂടുതലുള്ള ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് താമസം മാറ്റുക പോലും ചെയ്തു.
നേപ്പാളില്‍ നിന്നുള്ള അഭയാര്‍ഥികളുടെ വരവോടുകൂടി 20-ആം നൂറ്റാണ്ടിന്റെ പകുതിയായ പ്പോഴേക്കും ഭൂട്ടാനിലെ പടിഞ്ഞാറന്‍ മേഖലയില്‍ വനം ചുരുങ്ങി വന്നു. പകരം നെല്‍പ്പാടങ്ങളും പഴത്തോട്ടങ്ങളും ചെറിയ ഗ്രാമങ്ങളും രൂപം കൊണ്ടു.
1986 ല്‍ ഭൂട്ടാന്റെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനായി ‘റോയല്‍ സൊസൈറ്റി ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് നേച്ചര്‍’ എന്ന സംഘടന നിലവില്‍ വന്നു.വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടും നിരവധി യൂറോപ്യന്‍ രാജ്യങ്ങളും ഈ സംഘടനയ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കി.
വനസംരക്ഷണ പരിപാടികളില്‍ രണ്ടു പ്രധാന പ്രശ്നങ്ങള്‍ ഭൂട്ടാന് മുമ്പിലുണ്ടായിരുന്നു.ഒന്ന്‍,പരമ്പരാഗതമായ കൃഷി രീതി.മരങ്ങള്‍ മുറിച്ച് കത്തിച്ചുണ്ടാക്കുന്ന ചാരത്തില്‍ കൃഷി ചെയ്യുന്നതായിരുന്നു ആ രീതി. വിറകിനു മറ്റുമായി മരം വെട്ടുന്നതായിരുന്നു മറ്റൊരു പ്രശ്നം.
ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ സൊസൈറ്റി മുന്നിട്ടിറങ്ങി. മരത്തടികളും വനവിഭവങ്ങളും ഇന്ത്യയിലേക്ക് കടത്തുന്നത് തടയാനും ഭൂട്ടാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു.അതോടെ ഭൂട്ടാനില്‍ വനനശീകരണം കുറേയൊക്കെ തടയാനായിട്ടുണ്ട്.
*പട്ടണങ്ങള്‍
ഭൂട്ടാനിലെ ജനങ്ങളില്‍ 90 ശതമാനവും ഒറ്റപ്പെട്ട ചെറിയ ഗ്രാമങ്ങളിലാണ് കഴിയുന്നത്.കൃഷിയും കന്നുകാലിവളര്‍ത്തലുമാണ് ഇവരുടെ പ്രധാനതൊഴില്‍. സൗജന്യവൈദ്യസഹായത്തിനു ചന്തയില്‍ പോകുന്നതിനും വിദ്യാഭ്യാസത്തിനും മാത്രമാണ് ഇവര്‍ പട്ടണത്തിലെത്തുന്നത്.
തലസ്ഥാനമായ തിമ്പുവാണ് ഭൂട്ടാനിലെ ഏറ്റവും വലിയ പട്ടണം. ഇവിടെ ഒരു പ്രധാന റോഡുമാത്രമാണ് ഉള്ളത്. കെട്ടിടങ്ങളില്‍ അധികവും പരമ്പരാഗത രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഭൂട്ടാനില്‍ ഏറ്റവും കൂടുതല്‍ നഗരവാസികളുള്ള പട്ടണം തിമ്പുവാണ്.