Encyclopedia

ഭീമാ നദി

ഇന്ത്യയിലെ ഒരു നദിയാണ് ഭീമ. മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത്. 725 കിലോമീറ്റർ ആണ് ഇതിന്റെ നീളം. മഹാരാഷ്ട്രയിലെ രണ്ട് പ്രധാന നദികളിലൊന്നായ കൃഷ്ണ നദിയുടെ പ്രധാനപ്പെട്ട പോഷക നദിയാണ് ഭീമ. ഇതിന്റെ ഫലഭൂവിഷ്ടമായ നദിക്കരകൾ വളരെ ജനസാന്ദ്രമാണ്.

ഉദ്ഭവസ്ഥാനം

ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിൽ സഹ്യാദ്രിയുടെ പടിഞ്ഞാറ് ഭാഗത്ത് കരജതിന് അടുത്തായി സ്ഥിതിചെയ്യുന്ന ഭീമശങ്കർ മലനിരകളിലാണ് ഭീമാ നദിയുടെ ഉദ്ഭവം.

പ്രയാണം

ഉദ്ഭവസ്ഥാനത്തുനിന്ന് ഭീമാ നദി തെക്ക്-കിഴക്കൻ ദിശയിൽ 725 കിലോമീറ്റർ ദൂരം ഒഴുകുന്നു. ഈ നീണ്ട യാത്രയിൽ പല ചെറു നദികളും ഭീമയിൽ വന്ന് ചേരുന്നു. കുന്ദലി, ഘോദ്, ഭാമ, ഇന്ദ്രയാനി, മൂല, മുത, പാവ്ന എന്നിവയാണ് പൂനെ പ്രദേശത്ത് ഇതിന്റെ പ്രധാന പോഷക നദികൾ. ചാന്ദനി, കാമിനി, മോശി, ബോറി, സിന, മാൻ, ഭോഗ്വാട്ടി, നിര എന്നിവയാണ് സോലാപൂറിലെ ഇതിന്റെ പ്രധാന പോഷക നദികൾ. കർണാടകയിലെ റായ്ചൂരിന് 24 കിലോമീറ്റർ വടക്കുമാറി കർണാടക-തെലങ്കാന അതിർത്തിയിൽ വച്ച് ഭീമാനദി കൃഷ്ണാനദിയിൽ ലയിയ്ക്കുന്നു. ഈ ഘട്ടത്തിൽ വാസ്തവത്തിൽ ഭീമയ്ക്ക് കൃഷ്ണയെക്കാൾ നീളമുണ്ട്. ദ്വാദശ ജ്യോതിർലിംഗങ്ങളിലൊന്നായ ഭീമശങ്കരം, പണ്ഡർപൂർ വിഠോബാ ക്ഷേത്രം എന്നീ പ്രസിദ്ധ ദേവാലയങ്ങൾ ഈ നദിയുടെ കരയിലാണ്.