EncyclopediaHistoryMajor personalities

ഭയമെന്തെന്ന് അറിയാത്ത ഭഗത് സിംഗ്

പന്ത്രണ്ടുവയസുകാരന്‍ ഭാഗോണ്‍വാല ചോര വീണ് കുതിര്‍ന്ന ഒരു പിടി മണ്ണ് വാരിയെടുത്തു. കൈയില്‍ കരുതിയിരുന്ന കുപ്പിയില്‍ അത് നിറച്ചു. പിന്നീടത് നെഞ്ചോടു ചേര്‍ത്ത് ഒരു പ്രതിജ്ഞയെടുത്തു. നിരപരാധികളുടെ ഈ കൂട്ടക്കുരുതിക്ക് കാരണക്കാരായ ബ്രിട്ടീഷുകാരോട് പകരം ചോദിക്കും, ഇത് സത്യം സത്യം……
ജാലിയന്‍ വാലാബാഗില്‍ ബ്രിട്ടീഷ് സൈന്യം കൂട്ടക്കൊല നടത്തിയതിന്‍റെ പിറ്റേന്നാണ് ഭാഗോണ്‍ വാല ആ മണ്ണില്‍ നിന്ന് ഉഗ്രപ്രതിജ്ഞയെടുത്തത്. അന്ന് സ്കൂളില്‍ പോകാതെ അവന്‍ നേരെ ആ മൈതാനത്തേക്ക്‌ വന്നു. അവനപ്പോള്‍ കടുത്ത മാനസികപ്രയാസത്തിലായിരുന്നു. ബ്രിട്ടീഷ് സൈന്യം ആ കൂട്ടക്കൊല ചെയ്തത് എന്തിനായിരുന്നു എന്ന് എത്ര ആലോചിച്ചിട്ടും അവനു പിടികിട്ടിയില്ല. ക്രൂരന്മാരായ അവരുടെ ഭരണത്തില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കണം അതിനുവേണ്ടി കഴിയുന്നതൊക്കെ ചെയ്യണം, ഭാഗോണ്‍ വാല ഉറച്ച തീരുമാനമെടുത്തു.
ഭാഗ്യം കൊണ്ടുവരുന്നവന്‍, അതായിരുന്നു ഭാഗോണ്‍ വാല എന്ന പേരിന്‍റെ അര്‍ഥം. അവന്‍ ജനിച്ച ദിവസം അവന്‍റെ അച്ഛനും അച്ഛന്റെ രണ്ടു സഹോദരന്മാരും ജയില്‍ മോചിതരായി. അതറിഞ്ഞ മുത്തശ്ശിയാണ് സന്തോഷത്തോടെ പേരകുട്ടിക്ക് ആ പേരിട്ടത്, എന്നാല്‍ വളര്‍ന്നപ്പോള്‍ ആ പേര് മാറ്റി, അച്ഛനമ്മമാര്‍ അവന് പുതിയ പേരിട്ടു ഭഗത് സിംഗ്.
അതെ നമ്മുടെ രാജ്യത്തിന്‍റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ എന്നെന്നും ജ്വലിച്ചു നില്‍ക്കുന്ന ധ്രുവനക്ഷത്രം! രക്തസാക്ഷിയാകാന്‍ ജന്മമെടുത്ത ധീരദേശാഭിമാനി! ഉള്‍ത്തുടിപ്പോടെയല്ലാതെ ആ പേര് ഒരു ഭാരതീയനും ഓര്‍ക്കാനാവില്ല.
പഞ്ചാബിലെ ലല്ലിപ്പൂര്‍ ജില്ലയില്‍ വിദ്യാവതി എന്ന ഗ്രാമത്തില്‍ 1907 സെപ്റ്റംബര്‍ 28-ന് ഒരു സിക്ക് കുടുംബത്തില്‍ ഭഗത് സിംഗ് ജനിച്ചു. ഇന്ന് ഈ സ്ഥലം പാക്കിസ്ഥാനിലാണ്.
ഭഗത് സിംഗിന്റെ ജനനദിവസം ബ്രിട്ടീഷുകാരുടെ ജയിലില്‍നിന്ന് അച്ഛന്‍റെ രണ്ടു സഹോദരന്മാര്‍ മോചിതരായല്ലോ. അതിലൊരാള്‍ ജയിലില്‍ നിന്നു പുറത്തുവരുമ്പോഴേ ആരോഗ്യനില മോശമായതിനാല്‍ താമസിയാതെ അന്തരിച്ചു. രണ്ടാമത്തെ സഹോദരന്‍ രാജ്യം വിട്ട് ഓടിപ്പോകുകയും ചെയ്തു. അവരുടെ ഭാര്യമാരുടെ ദുഃഖം ഭഗത്സിംഗിനെ വല്ലാതെ വിഷമിപ്പിച്ചു. ഭഗത് സിംഗ് അവരെ ആശ്വസിപ്പിക്കുക പതിവായിരുന്നു. വിഷമിക്കാതിരിക്കൂ, ഞാന്‍ വലുതാകുമ്പോള്‍ ഇംഗ്ലീഷുകാരെ ഈ നാട്ടില്‍നിന്ന് പറപറപ്പിക്കും, കൊച്ചു ഭഗത്തിന്‍റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അവര്‍ ആശ്വാസത്തോടെ കണ്ണീര്‍ തുടയ്ക്കും, ആ പ്രായത്തില്‍ തന്നെ രാജ്യസ്നേഹം അവന്‍റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു.
സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുമ്പോള്‍ ഉപന്യാസമത്സരങ്ങളിലും മറ്റും ഭഗത് ഒന്നാം സമ്മാനം തന്നെ നേടി. ധാരാളം വായിക്കുമായിരുന്ന അവന്‍റെ അറിവ് അധ്യാപകര്‍ക്ക് പോലും അത്ഭുതമുളവാക്കി. പഞ്ചാബിനെ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും അവന്‍റെ ഉപന്യാസങ്ങളില്‍ വിശദമായി പ്രതിപാദിച്ചിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ലാഹോറിലെ നാഷണല്‍ കോളേജില്‍ ചേര്‍ന്നു. അവന്‍ വിപ്ലവകാരികളെക്കുറിച്ചും സ്വതന്ത്യ പ്രസ്ഥാനത്തെപ്പറ്റിയും ആഴത്തില്‍ പഠിച്ചു. വിദേശികളില്‍നിന്ന് നാടിനെ രക്ഷിക്കാനുള്ള വിപ്ലവത്തില്‍ പങ്കെടുക്കാന്‍ വീടുവിട്ടിറങ്ങാനും അവന്‍ തയ്യാറായി.
ഇതിനിടെ മുത്തശ്ശി ഭഗത്തിന് വിവാഹം ആലോചിച്ചു. ചെറിയ പ്രായത്തിലെ വിവാഹം ഒട്ടും ഇഷ്ടപ്പെടാതിരുന്ന അവന്‍ വിവാഹമുറപ്പിക്കുന്ന ദിവസം വീട്ടില്‍നിന്നിറങ്ങി, എന്റെ ജീവിതലക്ഷ്യം രാജ്യത്തിന്‍റെ സ്വാതന്ത്യത്തിനായുള്ള പോരാട്ടമാണ് അതിനു ഞാന്‍ പ്രതിജ്ഞയെടുത്തിയിട്ടുമുണ്ട്. അതിനാല്‍ രാജ്യസേവനത്തിനായി വീടുവിടുന്നു, ഭഗത് സിംഗ് ബന്ധുക്കളെ അറിയിച്ചു. വൈകാതെ കാണ്‍പൂരിലെത്തിയ അവന്‍ പത്രം വിറ്റ്‌ കഴിഞ്ഞുകൂടി. പിന്നീട് പത്രമടിക്കുന്ന ഒരു പ്രസ്സില്‍ ഭഗത്തിന് ജോലി ലഭിച്ചു. സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പല സന്നദ്ധസംഘടനകളിലും അവന്‍ അംഗമാകുകയും ചെയ്തു. മഹാത്മാഗാന്ധി 1920-ല്‍ നിസ്സഹകരണപ്രസ്ഥാനം ആരംഭിക്കുമ്പോള്‍ വെറും പതിമ്മൂന്ന് വയസ്സായിരുന്നു, ഭഗത്തിന്‍റെ പ്രായം, ഗാന്ധിജി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുമെന്ന് അവന്‍ ഉറച്ചുവിശ്വസിച്ചു. ചൗരിചൗരാ എന്ന സ്ഥലത്ത് സ്വതന്ത്ര്യ സമരസേനാനികള്‍ ഒരു പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും 22 പോലീസുകാരെ സ്റ്റേഷനില്‍ പൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ മുംബൈയിലും ചെന്നെയിലും അരങ്ങേറി. അഹിംസവാദിയായിരുന്ന ഗാന്ധിജിയെ അവ ഞെട്ടിച്ചു. അദ്ദേഹം സമരം പിന്‍വലിക്കുന്നതായി പ്രാഖ്യാപിച്ചു. ഭഗത്തിനെ ഏറെ നിരാശപ്പെടുത്തിയ തീരുമാനമായിരുന്നു അത്. വെറും 22 പേര്‍ മരിച്ചതിന്റെ അത്തരമൊരു തീരുമാനമെടുക്കുന്നത് അവനൊട്ടും ന്യായീകരിക്കാനായില്ല.
മാതൃഭൂമിയുടെ സ്വതന്ത്ര്യത്തിനായി വിപ്ലവപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട്, ഒടുവില്‍’ ബ്രിട്ടീഷുകാര്‍ തൂക്കിക്കൊന്ന കര്‍ത്താര്‍ സിംഗ് സരഭയായിരുന്നു ഭഗത്തിന്‍റെ ആദര്‍ശഗുരു. പത്തൊമ്പതാം വയസില്‍ മരണം ഏറ്റുവാങ്ങിയ കര്‍ത്താര്‍സിങ്ങിന്‍റെ വിപ്ലവപാത തന്നെ ഭഗത് സിങ്ങും പിന്‍തുടരുന്നു. സായുധവിപ്ലവത്തിലൂടെ മാത്രമേ സ്വാതന്ത്ര്യം നേടാനാവൂയെന്നു ഉറച്ചു വിശ്വാസിക്കുകയും ചെയ്തു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും അരങ്ങേറിയിട്ടുള്ള വിപ്ലവങ്ങളെപ്പറ്റി ഭഗത് വിശദമായി പഠിച്ചു. റഷ്യന്‍ വിപ്ലവം അവനെ ഏറെ ആകര്‍ഷിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ഒരു സായുധവിപ്ലവം നടത്താന്‍ യുവാക്കളെ അണിനിരത്തുകയാണ് ഭഗത് പിന്നീട് ചെയ്തത്. രാജ്യമെങ്ങുമുള്ള വിപ്ലവകാരികളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യ്തു. പോലീസ് ഇതൊക്കെ നിരീക്ഷിക്കുന്നു ണ്ടായിരുന്നു, ഒരു ബോംബ്‌ കേസിന്‍റെ പേരില്‍ ഒരിക്കലവര്‍ നിരപരാധിയായ ഭാഗത്തിനെ അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദിച്ചു. ഒടുവില്‍ കുറ്റoതെളിയിക്കാനാകാതെ വിട്ടയയ്ക്കുകയും ചെയ്യ്തു.
വിപ്ലവകാരികളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവന്നു. ജയിലിലുണ്ടായിരുന്ന ചില വിപ്ലവകാരികളെ രക്ഷപ്പെടുത്താന്‍ ഭഗത് സിങ്ങും കൂട്ടരും ശ്രമിച്ചത് ഫലിച്ചില്ല. അവരില്‍ നാലുപേര്‍ കൊല്ലപ്പെടുകയും ബാക്കിയുള്ളവര്‍ കഠിനശിക്ഷയ്ക്ക് വിധേയരാകുകയും ചെയ്തു.
ഇന്ത്യയിലെ വിപ്ലവകാരികള്‍ കാണ്‍പൂരില്‍ ഒന്നിച്ചുകൂടി. 1926-ലായിരുന്നു അത്. ഒരു വിപ്ലവസംഘടന രൂപീകരിക്കുകയായിരുന്നു അവരുടെ ലക്ഷ്യo, നേതൃനിരയില്‍’ ഭഗത്സിങ്ങും ഉണ്ടായിരുന്നു. വൈകാതെ നൗജവാന്‍ ഭാരത സഭ രൂപീകരിക്കപ്പെട്ടു. കര്‍ഷകരും തൊഴിലാളികളുമൊക്കെ അതില്‍ അംഗങ്ങളായിരുന്നു. എന്നാല്‍ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചു. അപ്പോള്‍ വിപ്ലവകാരികള്‍ പുതിയൊരു സംഘടനയ്ക്ക് രൂപം നല്‍കി. ചന്ദ്രശേഖര്‍ ആസാദ്, വിജയകുമാര്‍ സിന്‍ഹ തുടങ്ങിയവരും ഭഗത് സിങ്ങിനൊപ്പം നേതൃത്വസ്ഥാനം വഹിച്ചു.
ഇന്ത്യയില്‍ നടപ്പാക്കേണ്ട പുതിയ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ 1928-ല്‍ സൈമണ്‍ കമ്മീഷനെ നിയോഗിച്ചു. ഒരു ഇന്ത്യക്കാരനെപ്പോലും കമ്മീഷനില്‍ അംഗമാകാത്തതിനാല്‍ രാജ്യത്തുടനീളം പ്രതിഷേധങ്ങളുയര്‍ന്നു. ലാഹോറില്‍ എത്തിയ സൈമണ്‍ കമ്മീഷന്‍ അംഗങ്ങളെ കരിങ്കൊടികള്‍ കാട്ടിയാണ് സവാതന്ത്ര്യസമരസേനാനികള്‍ വരവേറ്റത്. മുതിര്‍ന്ന നേതാവായ ലാലാ ലജ്പത്റായി അവരെ നയിച്ചു. സമരക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജും ഭീകരസമര്‍ദ്ദനവുമുണ്ടായി അതില്‍ ഗുരുതരമായി പരുക്കേറ്റ ലജ്പത്റായി പിന്നീട് അന്തരിച്ചു. അദ്ദേഹത്തെ മര്‍ദ്ദിച്ചവരോടു പകരം വീട്ടാന്‍ വിപ്ലവകാരികള്‍ തീരുമാനമെടുത്തു.
രാജ്ഗുരു, ഭഗത്സിംഗ്, സുഖ്ദേവ്, ചന്ദ്രശേഖര്‍ ആസാദ് എന്നിവര്‍ അതിന് മുന്നിട്ടിറങ്ങി. ലാത്തിച്ചാര്‍ജിന് ഉത്തരവിട്ട പോലീസ് സൂപ്രണ്ട് ജെ.എ.സ്കോട്ടിനെ വധിക്കുകയായിരുന്നു അവരുട ലക്ഷ്യം. അതിനുള്ള പദ്ധതികള്‍ കൃത്യമായി ആസൂത്രണം ചെയ്തെങ്കിലും സൂപ്രണ്ടിനു പകരം ആദ്യം സ്റ്റേഷനില്‍ നിന്ന് പുറത്തുവന്ന ഡെപ്യൂട്ടി സൂപ്രണ്ട് സാന്‍ഡേഴ്സ് ആണ് അവരുടെ തോക്കിനിരയായത്. അതിനുശേഷം രക്ഷപ്പെട്ട വിപ്ലവകാരികളെ പിന്തുടര്‍ന്ന ഒരു കോണ്‍സ്റ്റബിളിനെ ആസാദ് വെടിവച്ചുവീഴ്ത്തി. വൈകാതെ ലാഹോറില്‍ പോലീസിന്റെ പരിശോധനകള്‍ ശക്തമായതോടെ ഭഗത് സിങ്ങ് വേഷം മാറി രക്ഷപ്പെടാനുറകച്ചു. താടീമീശകള്‍ വടിച്ചുകളഞ്ഞ് ഒരു അമേരിക്കക്കാരന്റെ വേഷത്തില്‍ അദ്ദേഹം ലാഹോര്‍ വിട്ടു. ഒപ്പം ഒരു വേലക്കാരന്റെ രൂപത്തില്‍ രാജ്ഗുരുവും കൂടി.
ഇന്ത്യയില്‍ ശക്തമായിക്കൊണ്ടിരുന്ന തൊഴിലാളി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ പുതിയ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങി. അതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്ന അസംബ്ലി ഹാളില്‍ ബോംബെറിഞ്ഞു പ്രതിഷേധം പ്രകടിപ്പിക്കാന്‍ വിപ്ലവകാരികള്‍ തീരുമാനിച്ചു. അതിനുശേഷം പ്രകടിപ്പിക്കാന്‍ വിപ്ലവകാരികള്‍ തീരുമാനിച്ചു. അതിനുശേഷം ഓടി രക്ഷപ്പെടാതെ അറസ്റ്റ് വരിക്കാനും അവര്‍ നിശ്ചയിച്ചു ഭഗത് സിങ്ങും ബടുകെശ്വര്‍ ദത്തും അതിനായി നിയോഗിക്കപ്പെട്ടു. ശക്തി കുറഞ്ഞ ബോംബാണ് അവര്‍ അതിനു ഉപയോഗിച്ചത്, അതുകൊണ്ട് അപകടമൊന്നും ഉണ്ടായില്ല, ഇരുവരും പിടികൊടുക്കുകയും ചെയ്തു. സഭയില്‍ സര്‍ക്കാരിനെതിരായ ലഘുലേഖകളും വിതരണം ചെയ്യപ്പെട്ടു.
തുടര്‍ന്നു നടന്ന വിചാരണയില്‍ ഭഗത്സിങ്ങിനും ദത്തിനും നാടുകടത്തല്‍ ശിക്ഷ വിധിച്ചു. ജയിലില്‍ കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കുമൊപ്പമാണ് രാഷ്ട്രീയ തടവുകാരേയും ഇട്ടിരുന്നത്. ഇതിനെതിരെ നിരാഹാരസമരവും ഭഗത് സിംഗ് നടത്തി. ഈ സമയത്ത് കോടതിയില്‍ പോലീസുകാരുടെ വധത്തെ സംബന്ധിച്ച കേസ് വിചാരണയ്ക്ക് വന്നു. ഭഗത് സിങ്ങിനും രാജഗുരുവിനും സുഖ്ദേവിനുമെതിരെ കൊലക്കുറ്റമാണ്. ജഡ്ജി വിധിച്ചത്. കുറ്റം സമ്മതിച്ച ഭഗത് സിംഗ് കോടതിയിലെ വിചാരണക്കിടയില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും മുദ്രവാക്യo മുഴക്കുകയും ചെയ്യ്തു.
1930 ഒക്ടോബര്‍ 7-നായിരുന്നു അവരെ തൂക്കിക്കൊല്ലാനുള്ള വിധി വന്നത്. ഭഗത് സിങ്ങിന്‍റെ അച്ഛന്‍ ഒരു ദയാഹര്‍ജി അധികൃതര്‍ക്ക് നല്‍കിയെങ്കിലും ഭഗത് സിംഗ് അതിനെ എതിര്‍ക്കുകയായിരുന്നു.
ജയിലില്‍ അവസാനമായി തന്നെ സന്ദര്‍ശിക്കാനെത്തിയ അമ്മയോട് ഭഗത് സിംഗ് പറഞ്ഞു. എന്‍റെ മൃതശരീരം വാങ്ങാന്‍ അമ്മ വരരുത്. അപ്പോള്‍ അമ്മയ്ക്ക് കരച്ചിലടക്കാന്‍ കഴിയില്ല. അതുകണ്ട് ജനങ്ങള്‍ പറയും ഭഗത് സിങ്ങിന്‍റെ അമ്മ കരയുന്നെന്ന് അങ്ങനെ സംഭവിക്കാന്‍ പാടില്ല. അതു പറഞ്ഞ് കൊച്ചു കുട്ടിയെപ്പോലെ ഭഗത് പൊട്ടിച്ചിരിച്ചു. ജയില്‍ അധികൃതര്‍ പോലും അതു കണ്ട് ഞെട്ടലോടെ നിന്നു.
1931 മാര്‍ച്ച് 23നു ജയിലില്‍’ ലെനിന്‍റെ ജീവചരിത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന ഭഗത് സിങ്ങിനോട് ഒരു ഓഫീസര്‍ വന്ന് പറഞ്ഞു. സര്‍ദാര്‍ജി, ശിക്ഷ നടപ്പാക്കാനുള്ള സമയമായി. ഭഗത് ഒരു കൂസലും കൂടാതെ ഓഫീസര്‍ക്കൊപ്പം ചെന്നു. പിന്നീട് തൂക്കുമരത്തിലേക്ക് നടക്കുമ്പോള്‍ ബ്രിട്ടീഷ് ഡെപ്യൂട്ടി കമ്മീഷണറുടെ മുന്നില്‍ ഒരു നിമിഷം നിന്ന ഭഗത് സിംഗ് അറിയിച്ചു. അങ്ങ് ഭാഗ്യവാനാണ്. ഇന്ത്യന്‍ വിപ്ലവകാരികള്‍ നിര്‍ഭയം മരണത്തെ നേരിടുന്നത് അങ്ങേയ്ക്ക് കാണാം. ഇന്‍ക്വിലാബ് സിന്ദാബാദ്.
വൈകിട്ട് 7.30-ന് വധശിക്ഷ നടപ്പാക്കി. ഒരു ഉറുദുഗാനം ശിക്ഷാസമയത്ത് ഭഗത് സിങ്ങും രാജ്ഗുരുവും സുഖ്ദേവും ആലപിച്ചുകൊണ്ടിരുന്നു. അതിന്‍റെ അര്‍ത്ഥമിതായിരുന്നു. എന്‍റെ മണ്ണില്‍നിന്നുപോലും മാതൃഭൂമിയോടുള്ള സ്നേഹത്തിന്റെ സുഗന്ധം പുറത്തുവരും.