EncyclopediaGeneralTrees

വെറ്റില

ഇല രൂപത്തിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനം വെറ്റില. (ഇംഗ്ലീഷ്: Betel, Betel leaf.) അതിപുരാതനകാലം മുതൽക്കു തന്നെ ഇന്ത്യയിൽ കൃഷി ചെയ്തു വരുന്ന ഒരു വിളയാണിത്. “പൈപ്പെറേസീ” (Piperaceae) കുടുംബത്തിൽപ്പെട്ട ഇത്. ഔഷധമൂല്യമുള്ള ഒരു വള്ളിച്ചെടിയുംകൂടിയാണിത്. വെറ്റിലയുടെ ഇല മുറുക്കാൻ, പാൻ എന്നിവയിൽ ചേർത്ത് ഉപയോഗിക്കുന്നു. വെറ്റിലയിനങ്ങൾ പലതരത്തിൽ ഉണ്ട്. ഈ ചെടിയുടെ ജന്മദേശം മലയായും സിംഗപ്പൂരുമാണെന്ന് പറയപ്പെടുന്നു.  ഇന്ത്യയിൽ ഉഷ്ണ മേഖലാപ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും കൃഷിചെയ്തു വരുന്നു. കേരളത്തിൽ ഉൾനാടൻ പ്രദേശങ്ങളിലാൺ ഇതിൻറെ കൃഷി കൂടുതലായി കണ്ടുവരുന്നത്. ഉയർന്ന കരപ്പാടങ്ങളിലും, താഴ്ന്ന സ്ഥലങ്ങളിലും ഇത് വളർത്താം. അടയ്ക്കാത്തോട്ടങ്ങളിലും, തെങ്ങിൻ തോപ്പുകളിലും, ഇടവിളയായാണ് ഇത് സാധാരണ വളർത്താറുള്ളത്. നീർവാർച്ചയും, വളക്കൂറുമുള്ള മണ്ണിൽ വെറ്റില നന്നായി വളരും. ചെമ്മൺ പ്രദേശങ്ങളിലും വെറ്റില നന്നായി വളരും. രണ്ട് പ്രധാന കൃഷികാലങ്ങളാണ് വെറ്റിലയ്ക്ക് അനുയോജ്യമായത്.

വളരെ പുരാതന കാലം മുതൽക്കുതന്നെ ഭാരതത്തിൽ നടന്നുവന്നിരുന്ന വിവാഹം, പൂജ മുതലായ പല മംഗളകാര്യങ്ങൾക്കും ദക്ഷിണ നൽകുവാൻ വെറ്റില ഉപയോഗിച്ചുവരുന്നുണ്ട്. കൂടുതലായും വെറ്റിലമുറുക്കുന്നതിനാണ്‌ സാധാരണ ഉപയോഗിക്കുന്നത് എങ്കിലും, ചിലതരം രോഗങ്ങൾക്കു പ്രതിരോധമരുന്നായും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ ഉഷ്ണമേഖലാപ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും കൃഷിചെയ്തു വരുന്നു. ഈ ചെടി പുഷ്പ്പിക്കാറില്ല. പക്ഷെ അരിമ്പാറയുടെ ആകൃതിയിലും വലിപ്പത്തിലുമുള്ള ഒരുതരം കറുത്ത കായകൾ ചില വെറ്റിലകളുടെ അടിഭാഗത്തായി കാണപ്പെടുന്നു. പണ്ടത്തെ കാലത്ത് കേരളത്തിലെ ഒരു മുഖ്യ കൃഷിയായിരുന്നു വെറ്റിലക്കൊടി. വെറ്റില കൃഷി കൊണ്ട് മാത്രം ഉപജീവനം കഴിച്ചിരുന്ന ഒരു ജനത ജാതി മത ഭേദമെന്യേ (ബ്രാഹ്മണർ ഒഴികെ) അക്കാലത്ത് ഉണ്ടായിരുന്നു.