EncyclopediaHistory

പദ്ധതിക്ക് പിന്നില്‍

കാണാത്ത നാടുകളിലെ സമ്പത്ത് തേടി പര്യവേഷകര്‍ അലഞ്ഞ 15 ആം നൂറ്റാണ്ടില്‍ യൂറോപ്പിലെ മറ്റു പല രാജ്യങ്ങളെയുമെന്നപോലെ പോര്‍ച്ചുഗലും അയല്‍രാജ്യമായ സ്പെയിനും തമ്മില്‍ കടുത്ത മത്സരത്തിലായിരുന്നു. ദൂരനാടുകളെ പ്രത്യേകിച്ചും ആഫ്രിക്കയെ കൊള്ളയടിക്കുന്നതിലായിരുന്നു പോര്‍ച്ചുഗലിന് താല്പര്യം. സ്പെയിനാകട്ടെ ഇക്കാലത്ത് സ്വന്തം സാമ്രാജ്യം വിശാലമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

 വിദേശികളെ തോല്‍പ്പിച്ച് ഐക്യസ്പെയിന്‍ ഉണ്ടാക്കിയതോടെ സ്പെയിന്‍ വീണ്ടും ദൂരനാടുകളെ ലക്ഷ്യമിട്ട് തുടങ്ങി.അഫ്രിക്ക ചുറ്റി ഇന്ത്യയിലേക്കുള്ള കപ്പല്‍പ്പാത കണ്ടുപിടിക്കുന്നതില്‍ തങ്ങളുടെ ബദ്ധശത്രുക്കളായ പോര്‍ച്ചുഗല്‍ ഏറെക്കുറെ വിജയത്തിനടുത്തെത്തിയെന്നു അവര്‍ മനസിലാക്കുകയും ചെയ്തു.ഇനി ഒട്ടും വൈകാതെ ഏഷ്യയിലേക്ക് സ്വന്തമായ ഒരു വഴിതുറക്കണമെന്ന് അവര്‍ തീര്‍ച്ചയാക്കി. അങ്ങനെയാണ് കൊളംബസിന്റെ ഏഷ്യന്‍ യാത്രാപദ്ധതിക്ക് മവര്‍ സമ്മതം കൊടുത്തത്.

 തന്റെ പ്ലാനുമായി നീണ്ട ആറുവര്‍ഷം കൊളംബസ് കാത്തിരുന്നു എന്ന് പറഞ്ഞല്ലോ. ഇതിനിടെ ഒരിക്കല്‍ക്കൂടി അദ്ദേഹം പോര്‍ച്ചുഗല്‍ രാജാവിനെ സമീപിച്ചിരിക്കുന്നു. എന്നാല്‍, അപ്പോഴേക്കും ബര്‍ത്തലോമ്യോഡയസ് എന്ന പോര്‍ച്ചുഗീസ് നാവികര്‍ ഇന്ത്യയിലേക്കുള്ള വഴി കണ്ടെത്തിക്കഴിഞ്ഞതിനാല്‍ രാജാവ് കൊളംബസിനെ തിരിച്ചയച്ചു. പിന്നീട് ഫ്രാന്‍സിലെയും ഇംഗ്ലണ്ടിലെയും രാജാക്കന്മാരെ സമീപിച്ചുവെങ്കിലും അവരും കൊളംബസിന്റെ പദ്ധതി അംഗീകരിച്ചില്ല.

 1492 ഏപ്രിലിലാണ് സ്പെയിനിലെ ഇസബെല്ല രാജ്ഞി കൊളംബസിന്റെ പദ്ധതി അംഗീകരിച്ചത്. കൊളംബസ് എത്രമാത്രം പരിചയസമ്പന്നനായ നാവികനാണെന്ന് അതിനോടകം രാജ്ഞി മനസ്സിലാക്കിയിരുന്നു. അറ്റ്‌ലാന്റിക്കിലൂടെ വടക്കോട്ടും തെക്കോട്ടും യാത്ര ചെയ്ത് കടലിനെ നന്നായി മനസ്സിലാക്കിയ കൊളംബസിനെപ്പോലൊരാള്‍ പറയുന്നതില്‍ കാര്യമുണ്ടാകുമെന്ന് അവര്‍ കരുതി. ഏഷ്യയിലേക്കുള്ള കപ്പല്‍പ്പാത കണ്ടെത്തിയാല്‍ തനിക്ക് അഡ്മിറല്‍ പദവിയും കണ്ടെത്തുന്ന സമ്പത്തിന്റെ പത്തിലൊന്നും നല്‍കണമെന്ന് കൊളംബസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതും കൊളംബസിലുള്ള രാജ്ഞിയുടെ വിശ്വാസം വര്‍ധിക്കുന്നതിനു കാരണമായി.