കരടികളും ഗവേഷകരും
ശാസ്ത്രസാങ്കേതികരംഗത്തെ പുരോഗതികള്‍ മൃഗങ്ങളുടെ പെരുമാറ്റരീതികള്‍ പഠിക്കാന്‍ ജന്തു ശാസ്ത്രജ്ഞന്മാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. കരടികളുടെ പെരുമാറ്റങ്ങളും ചേഷ്ടകളും പഠിക്കാനായി യു.എസ് ഫോറസ്റ്റ് സര്‍വീസിലെ ഡോ. ലിന്‍ റോജേഴ്സ് നടത്തിയ പരീക്ഷണങ്ങള്‍ ശ്രദ്ദേയങ്ങളാണ്.
ആയിരത്തില്‍പരം കരടികളുടെ കോളറുകളില്‍ ചെറിയ റേഡിയോട്രാന്‍സ്മിറ്ററുകള്‍ ഘടിപ്പിക്കാന്‍ റോജേഴ്സിനു കഴിഞ്ഞു. വടക്കെ മിന്നസോട്ടയില്‍ 100 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തുള്ള കരടികളിലാണ് ഡോ. റോജേഴ്സ് പഠനം നടത്തിയത്. ഓരോ വര്‍ഷവും ശൈത്യകാലത്ത് കരടികളുടെ മാളങ്ങളില്‍ ചെന്ന് ട്രാന്‍സ്മിറ്റര്‍ ബാറ്ററികള്‍ അദ്ദേഹം മാറ്റിയിരുന്നു. അതോടെപ്പം അവയുടെ രക്തപരിശോധന നടത്താനും തൂക്കമെടുക്കാനും കഴിഞ്ഞു.
റോജേഴ്സിന്റെ പരീക്ഷണവും പഠനവും കരടികളുടെ സ്വകാര്യത നഷ്ടമാക്കുമെന്ന് പലരും വിമര്‍ശിച്ചു. എങ്കിലും മറ്റു പല വിവരങ്ങളും ഈ പഠനം കൊണ്ട് മനസ്സിലാക്കാന്‍ അദ്ദേഹത്തിനും കഴിഞ്ഞു. പെണ്‍കരടികള്‍ അവയുടെ സാമ്രാജ്യത്തില്‍ പെണ്‍മക്കളുമൊത്താണ് കഴിയുന്നതെന്നും പെണ്‍മക്കളാണ് തള്ളക്കരടികള്‍ക്ക് മരിച്ചുകഴിയുമ്പോള്‍ ആ സാമ്രാജ്യത്തിന്റെ അവകാശികളായിത്തീരുന്നതെന്നും അദ്ദേഹം മനസ്സിലാക്കി. ആണ്‍കരടിക്കുഞ്ഞുങ്ങള്‍ കാടുകളിലേക്ക് പോയി സ്വന്തം സാമ്രാജ്യം കണ്ടെത്തും.