കരടി വിശേഷങ്ങള്‍
കരടികളെല്ലാം തന്നെ മിശ്രഭുക്കുകളാണ്. അതായത് മാംസാഹാരവും സസ്യാഹാരവും കഴിക്കുന്നവര്‍. ജന്തുക്കളുടെ മാംസത്തിനു പുറമേ മത്സ്യം, മുട്ട, പഴം, ഇല, കിഴങ്ങ്, വേര് തുടങ്ങിയവയെല്ലാം കരടികള്‍ ഭക്ഷിക്കാറുണ്ട്.
മുന്‍കാലുകളിലെ നീണ്ട നഖങ്ങള്‍ കൊണ്ടാണ് കരടികള്‍ മണ്ണു മാന്തി കിഴങ്ങുകളും വേരുകളുമൊക്കെ ശേഖരിക്കുന്നത്. ചിലയിനം കരടികള്‍ ചിതല്‍പ്പുറ്റുകള്‍ തകര്‍ത്ത് അതിനുള്ളിലേക്ക് കൂര്‍ത്ത മുഖം കയറ്റി ചിതലുകളെ വായിലേക്ക് വലിച്ചെടുത്ത് ഭക്ഷിക്കാറുണ്ട്. മരത്തടികളിലുള്ള ദ്വാരങ്ങളിലൂടെ നീണ്ട നാക്ക് കയറ്റി ഉള്ളിലുള്ള പ്രാണികളേയും ലാര്‍വകളെയും ഇഷ്ടഭക്ഷണമാണ് തേന്‍. അതിനുവേണ്ടി മരങ്ങളില്‍ കയറാനും ഇവയ്ക്ക് മടിയില്ല.
14 ഉളിപ്പല്ലുകളും, 4 കോമ്പല്ലുകളും അടക്കം ആകെ 42 പല്ലുകളുണ്ട് കരടികള്‍ക്ക്. രാത്രിയിലാണ് കരടികള്‍ ഭക്ഷണം തേടിയിറങ്ങുന്നത്. താമസസ്ഥലത്തിന്‍റെയും കാലാവസ്ഥയുടെയും മാറ്റങ്ങള്‍ക്കനുസരിച്ച് കരടികളുടെ ഭക്ഷണരീതികളിലും വ്യതിയാനം സംഭവിക്കാറുണ്ട്. ശൈത്യഭൂഭാഗങ്ങളില്‍ മഞ്ഞുകാല മാരംഭിക്കുന്നതോടെ കരടികള്‍ക്ക് ആഹാരസമ്പാദനം ബുദ്ധിമുട്ടുള്ളതായിത്തീരുന്നു. അതിനാല്‍ ആ കാലം മുഴുവന്‍ ഇവ ശിശിരനിദ്രയില്‍ കഴിയുകയാണ് ചെയ്യുക. ആ കാലത്ത് ശരീരത്തിലെ കൊഴുപ്പ് ഉപയോഗപ്പെടുത്തിയാണ് കരടികള്‍ ജീവന്‍ നിലനിര്‍ത്തുന്നത്.
ഘ്രാണശക്തിയില്‍ മുമ്പന്മാരാണ് കരടികള്‍, എന്തും മണത്തറിയാനുള്ള കഴിവ് ഈ ജീവികളുടെ സവിശേഷതയാണ്. ഒരു മൈല്‍ അകലെ നില്‍ക്കുന്ന മനുഷ്യന്റെ ഗന്ധം കാറ്റിലൂടെ വരുന്നത് തിരിച്ചറിയാനുള്ള കഴിവ് ചെങ്കരടികള്‍ക്കുണ്ട്. കേള്‍വിശക്തിയിലും കരടികള്‍ മുമ്പില്‍ തന്നെ.
കാര്‍ണിവോറ വിഭാഗത്തില്‍പ്പെട്ട മറ്റു മിക്ക ജീവികള്‍ക്കും നീണ്ട മേല്‍മീശ ഉണ്ട്. എന്നാല്‍ ഇത് കരടികള്‍ക്കില്ല. കരടി എപ്പോള്‍ എന്തുചെയ്യും എന്നൊന്നും പ്രവചിക്കാന്‍ കഴിയില്ല. പൊതുവേ അപകടകാരികളാണിവ. പരിശീലനം നല്‍കി ഇണക്കിയെടുത്ത കരടികളെ സര്‍ക്കസിലും മറ്റും ഉപയോഗിച്ചിരുന്നു. രസകരങ്ങളായ പല വിദ്യകളും സാമര്‍ത്ഥ്യത്തോടെ കരടികള്‍ സര്‍ക്കസിനു വേണ്ടി കാണിക്കാറുണ്ട്. കാഴ്ച ബംഗ്ലാവിലെ കൂടുകളിലും പൊതുവെ ശാന്തരായാണ് ഇവ കഴിയുന്നത്.