പേരാൽ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ, ആൽ വർഗ്ഗത്തിൽപ്പെട്ട ഒരു വന്മരമാണു പേരാൽ. (ശാസ്ത്രീയനാമം: Ficus benghalensis). 50-മീറ്ററോളം ഉയരം വയ്ക്കാറുണ്ട്. മിക്കവാറും പേരാലുകൾ മറ്റു മരങ്ങളിലെ പോടുകളിൽ വളർന്ന് വായവവേരുകൾ താഴോട്ടിറങ്ങി സ്വതന്ത്രമരങ്ങളായി മാറുകയാണു പതിവ്. വേരേത് തടിയേത് എന്ന് വേർതിരിച്ചറിയാൻ കഴിയില്ല. നിലത്തുതന്നെ വളർന്നുകാണുന്നവ മിക്കവാറും മനുഷ്യർ നട്ടതായിരിക്കും.
ബനിയൻ ട്രീ എന്നു പലതരം ആലുകൾക്ക് പറയാറുണ്ടെങ്കിലും പേരാലിനാണത് ഏറ്റവും ഉപയോഗിക്കുന്നത്. പണ്ട് കച്ചവട ജാതിക്കാരായ ബനിയകൾ കച്ചവടത്തിനു പോവുമ്പോൾ വിശ്രമിക്കാൻ ഇരുന്ന മരച്ചുവടിൽ നിന്നാവാം ആ പേരു വന്നത്. മറ്റു പേരുകൾ ഇന്ത്യൻ ആൽമരം ‘Indian fig’ , ബംഗാൾ ആൽമരം ‘Bengal fig’ എന്ന് ഇംഗ്ലീഷിലും. തമിഴിൽ ആലമരം എന്നും. തെലുങ്കിൽ മാറിചെട്ടു എന്നും , സംസ്കൃതത്തിൽ ന്യഗ്രോഥ എന്നും, കന്നടത്തിൽ ആലട മരാ എന്നും അറിയപെടുന്നു.
ജാലികസിരാവിന്യാസമുള്ള മിനുസമുള്ള ലഘു ഇലകൾ. പ്ലവിലകളോട് നല്ല സാമ്യമുണ്ട്. സിരകൾ നന്നായി തെളിഞ്ഞുകാണാം. അഞ്ചെട്ടു ജോടി പാർശ്വസിരകൾ ഉണ്ട്. വരൾച്ചയുള്ള സ്ഥലത്തു വളരുന്ന പേരാലിന്റെ ഇല മുഴുവൻ ഡിസംബർ-ജനുവരി മാസങ്ങളിൽ പൊഴിയും. പുതിയ ഇലകൾ പെട്ടെന്നു തന്നെയുണ്ടാവും. ജനുവരി മുതൽ മാർച്ചുവരെയാണു പൂക്കാലം. പൂക്കളെല്ലാം ചെറുതാണ്. ഞെട്ടില്ല. ആൺപൂവും പെൺപൂവും വേവ്വേറെയാണ്. രണ്ടിനും നാലുകർണ്ണങ്ങളുള്ളപുടമുണ്ട്. ആൺപൂവിന് ഒരു കേസരമേയുള്ളൂ. കായ വിളയാൻ മൂന്നു മാസം വേണം. വിളഞ്ഞകായ് ചുമന്നിരിക്കും. ഏകദേശം 2.5 സെ.മി. വ്യാസവും 1.25 ഗ്രാം തൂക്കവും കാണും. പക്ഷികൾ കായ കൊത്തിവിഴുങ്ങുകയാണു ചെയ്യുന്നത്. കായ്കൾ പഴുക്കുന്ന കാലത്ത് ധാരാളം പക്ഷികൾ പഴം തിന്നാനെത്തും. കാക്കകൾക്ക് ഇത് ഉതസവകാലം പോലെയാണ്. “ആലിൻപഴം പഴുക്കുമ്പോൾ കാക്കക്ക് വായ്പുണ്ണ് ” എന്നൊരു ചൊല്ലു തന്നെ നടപ്പുണ്ട്. വിത്ത് കേടുകൂടാതെ തന്നെ വിസർജ്ജിക്കപ്പെടുന്നു. മതിലിന്റെ വിടവുകളിലോ മരത്തിന്റെ പോടുകളിലോ വിസർജ്ജിക്കപ്പെടുന്ന വിത്തുകൾ മുളച്ചുവരുന്നു. പക്ഷികൾ വിസർജ്ജിക്കുന്ന വിത്തുകൾക്ക് മുളയ്ക്കാനുള്ള് ശേഷി കൂടുതലുണ്ട് , വിത്ത് വാഹക്കാരിൽ പ്രധാനി മൈന ആണ്.
വളർന്നുതുടങ്ങുന്നതോടെ വേഗത്തിൽ നിലത്തെത്തുന്ന വായവവേരുകൾ താങ്ങുവേരുകളാകുന്നു. ഈ താങ്ങുവേരുകളുടെ ധൃതരാഷ്ട്രാലിംഗനത്തിൽ ആതിഥേയമരം നശിച്ചുപോയേക്കാം. ഇതിനാൽ പേരാലിനെ കാട്ടിലെ ഏറ്റവും വലിയ കുറ്റവാളിയായി കണക്കാക്കുന്നു. കൃത്രിമപുനരുൽപാദനത്തിനു തൈകൾ പറിച്ചുനടുകയോ, പതിവയ്ക്കുകയോ കമ്പുകൾ വെട്ടിനടുകയോ ചെയ്താൽ മതി.താങ്ങുവേരുകളാണ് ഭൂമിയ്ക്കു സമാന്തരമായി വളരുന്ന ശാഖകളെ താങ്ങിനിർത്തുന്നത്. താങ്ങുവേരുകളിൽ നിന്നു കിട്ടുന്ന തടിയ്ക്ക് കാണ്ഡത്തേക്കാൾ ബലമുണ്ട്. അനാവശ്യമായി വളരുന്ന പേരാലുകളെ ശ്രദ്ധാപൂർവം മുറിച്ചുനീക്കിയില്ലെങ്കിൽ മാതൃവൃക്ഷത്തെ അതു നശിപ്പിക്കും. കെട്ടിടങ്ങളുടെയും മതിലുകളിലെ വിടവുകളിലും വളരുന്ന മരങ്ങളെ നീക്കിയില്ലെങ്കിൽ കെട്ടിടത്തിനും മതിലിനും നാശമുണ്ടാകും. ട്രിക്ലോപൈർ എന്ന കളനാശിനി തൈകളെ നശിപ്പിക്കാൻ ഹവായിയിൽ ഉപയോഗിക്കുന്നു. മനോഹരമായ ഈ വൃക്ഷം ഒരു മികച്ച ഉദ്യാനവൃക്ഷമായി വളർത്തപ്പെടുന്നു. ബോൺസായി ആയും പേരാലിനെ ധാരാളം വളർത്താറുണ്ട്. ഓരോ ആൽമരത്തിനും പരാഗണം നടക്കണമെങ്കിൽ ഓരോ പ്രത്യേകം കടന്നലുകൾ ആവശ്യമാണ്. പേരാലിന്റെ കടന്നൽ യൂപ്രിസ്റ്റിന മാസോണി ആണ്. ഇന്ത്യയിൽ ഇലകൊഴിയും ഈർപ്പവനങ്ങളിലും നാട്ടിൻപുറങ്ങളിലും പേരാൽ ഉണ്ട്. നനവാർന്ന നിത്യഹരിത വനങ്ങളിൽ ഇല്ലെന്നു തന്നെ പറയാം.
പുറത്തുനിന്നും കൊണ്ടു വന്ന പേരാൽ മരങ്ങൾ ഹവായിയിലും ഫ്ലോറിഡയിലും ഉണ്ട്. ഫ്ലോറിഡയിൽ പേരാലുകൾ ധാരാളമായി വളരുന്നുണ്ട്. ഹവായിയിൽ പേരാലിന്റെ കടന്നലിനെ കൊണ്ടുവന്നിട്ടില്ലാത്തതിനാൽ അവിടെ പേരാൽ വ്യാപനം നിയന്ത്രിതമാണ്. ഹവായിയിലേക്ക് ആ കടന്നൽ വരാതിരിക്കാൻ അതീവ കരുതൽ എടുത്തിരിക്കുന്നു. ലോകത്താകെ നനവുള്ള ഉഷ്ണമേഖലയിൽ പേരാൽ നട്ടുവളർത്തലിലൂടെ വ്യാപിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വിസ്താരമുള്ള വൃക്ഷങ്ങൾ പേരാലുകളാണ്. 1925-ൽ ഒരു ഇടിമിന്നലിനെത്തുടർന്ന് വെട്ടിച്ചെറുതാക്കുന്നതുവരെ കൊൽക്കത്തയിലെ 200-250 വർഷം പ്രായമായ പേരാലായിരുന്നു ഏറ്റവും വലിയ വൃക്ഷം. ആന്ധ്രാപ്രദേശിലെ 550-ലേറെ വർഷം പ്രായമുള്ള തിമ്മമ്മ മറിമന്നു എന്ന പേരാലാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വിസ്തൃതിയുള്ള വൃക്ഷം. ഇതിന് 1100-ഓളം വേരുകൾ ഉണ്ട്.പലതരം ജീവജാലങ്ങൾ ഈ മരത്തിലുണ്ട്. വാരണസിയിലും ബെംഗളൂരുമുള്ള പേരാലുകളും വലിപ്പത്തിന്റെ കാര്യത്തിൽ പ്രസിദ്ധങ്ങളാണ്. നർമദാ തീരത്തുണ്ടായിരുന്ന പ്രസിദ്ധമായ പേരാൽച്ചുവട്ടിൽ അലക്സാണ്ടർ ചക്രവർത്തിയുടെ 7000 ഭടന്മാർക്ക് തമ്പടിക്കാൻമാത്രം വിസ്താരമുണ്ടായിരുന്നത്രേ. വെള്ളപ്പൊക്കത്താൽ ഇതിന്റെ വലിപ്പംവളരെ കുറഞ്ഞിരുന്നെങ്കിലും അതിന്റെ അവശേഷിച്ച ഭാഗത്തിന് 2000 അടി ചുറ്റളവു ഉണ്ടായിരുന്നെന്ന് 1813-15-ൽ എഴുതിയ ഓറിയന്റൽ മെംവാസ് എന്ന പുസ്തകത്തിൽ ജയിംസ് ഫോബ്സ് പറഞ്ഞിട്ടുണ്ട്. ആ മരത്തിന് 3000-ലേറെ തായ്‌വേരുകൾ ഉണ്ടായിരുന്നു.