വാഴ
ഭക്ഷ്യയോഗ്യമായ ഫലം തരുന്നതും സാധാരണയായി കണ്ടുവരുന്നതുമായ ഒരു സസ്യമാണ് വാഴ. വലിപ്പമുള്ള ഇലകളും സാമാന്യം നീളവുമുള്ള വാഴ ചിലപ്പോൾ ഒരു വൃക്ഷമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. വാഴയുടെ പാകമാവാത്ത പച്ച നിറത്തിൽ കാണപ്പെടുന്ന ഫലം കായ് എന്നും, പഴുത്ത് മഞ്ഞ നിറത്തിൽ കാണുന്ന ഫലം പഴം എന്നും സാധാരണ അറിയപ്പെടുന്നു. വിവിധ ഇനം വാഴകൾ സാധാരണയായി കൃഷിചെയ്യാൻ ഉപയോഗിക്കാറുണ്ട്. വാഴയുടെ വിവിധ ഇനങ്ങൾ അലങ്കാര ചെടികളായും വെച്ചുപിടിപ്പിക്കാറുണ്ട്. തെക്ക്-കിഴക്കൻ ഏഷ്യയാണ് വാഴയുടെ ജന്മദേശമെങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങളിൽ ധാരാളം കൃഷിചെയ്തുവരുന്നു. ഉഷ്ണമേഖലയിലെ ഈർപ്പമുള്ള താഴ്ന്ന പ്രദേശങ്ങളിൽ കൃഷിക്കനുയോജ്യമായ സസ്യമാണ് വാഴ. വാഴയുടെ ചുവട്ടിൽ നിന്നും കിളിർത്തുവരുന്ന ഭാഗമായ കന്നാണ് സാധാരണ കൃഷിയാവശ്യത്തിനായി ഉപയോഗിക്കാറുള്ളത്.
പാളയങ്കോടൻ, ഞാലിപൂവൻ, കണ്ണൻ, കർപ്പൂരവളളി, പൂവൻ, കദളി, നേന്ത്രൻ, ചെങ്കദളി, റോബസ്റ്റ് , പടത്തി തുടങ്ങിയവ കേരളത്തിൽ കൃഷി ചെയ്യുന്ന വാഴ ഇനങ്ങളാണ്.