ബാഫിൻ ഉൾക്കടൽ
ഗ്രീൻലാൻഡിന്റെ തെക്ക് പടിഞ്ഞാറൻ തീരത്തിനും ബാഫിൻ ദ്വീപിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു കടലാണ് ഉത്തര അറ്റ്‌ലാന്റിക് മഹാസമുദ്രത്തിന്റെ ഭാഗമായ ബാഫിൻ ഉൾക്കടൽ ഡേവിസ് കടലിടുക്ക് ലാബ്രഡോർ കടൽ എന്നിവയാൽ അറ്റ്‌ലാന്റിക് മഹാസമുദ്രത്തിനോടും നാരെസ് കടലിടുക്കിനാൽ ആർട്ടിക് സമുദ്രത്തിനോടും ബന്ധപ്പെട്ടിരിക്കുന്നു. ആർട്ടിക് ഹിമത്തിനാൽ മൂടപ്പെട്ടിരിക്കുന്നതിനാൽ വർഷത്തിൽ അധികസമയവും നാവികയോഗ്യമല്ല.
ചരിത്രം
500 ബി.സി. മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു എ.ഡി. 1200കളിൽ ഇവിടത്തെ ഡോർസെറ്റ് വംശജരെ കീഴടക്കി തൂൾ വംശജരും (ഇന്യുറ്റ് വംശജർ) ഇവിടെ താമസമുറപ്പിച്ചു. നോർസുകളുടെ (വൈക്കിങ്) കോളനിവൽക്കരണം പത്താം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ നടന്നതായി ഇവിടെനിന്നും അടുത്തകാലത്ത് കണ്ടെത്തിയ പുരാവസ്തുക്കൾ വെളിപ്പെടുത്തുന്നു. 1585-ൽ എവിടെ എത്തിയ ഇംഗ്ലീഷ് പര്യവേഷകനായ ജോൺ ഡേവിസ് ആണ് ഇവിടെ ആദ്യം എത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള യൂറോപ്യൻ വംശജൻ. ഇപ്പോൾ കനേഡിയൻ തീരത്തായി ആർട്ടിക് ബേ (ജനസംഖ്യ:690), പോണ്ഡ് ഇൻലെറ്റ് (1,315) ക്ലെയ്ഡ് റിവർ (820) എന്നിവിടങ്ങളിൽ ഇന്യുറ്റ് വംശജർ താമസിച്ചുവരുന്നു. 1975-ൽ ലെഡ്, സിങ്ക് എന്നിവയുടെ ഖനനത്തിനായി നാനിസ്‌വിക്കിൽ ആർടിക്കിലെ ആദ്യത്തെ കനേഡിയൻ ഖനിയായ നാനിസ്‌വിക്ക് ഖനി സ്ഥാപിച്ചപ്പോൾ അവിടെ ഒരു പട്ടണവും വിമാനത്താവളവും നിർമ്മിച്ചു. 2002-ൽ ഖനി അടച്ചുപൂട്ടിയെങ്കിലും അവിടെ വിമാനത്താവളവും തുറമുഖവും നിലനിൽക്കുന്നു. 2006-ലെ കനേഡിയൻ സെൻസസ് പ്രകാരം ഔദ്യോഗികജനസംഖ്യ പൂജ്യം ആണ്. 1933-ലെ ബാഫിൻ ഉൾക്കടൽ ഭൂകമ്പത്തിന്റെ പ്രഭാവകേന്ദ്രം ഇവിടെയായിരുന്നു. റിച്ചർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ആർട്ടിക് വൃത്തത്തിനു വടക്കായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ഭൂകമ്പമായിരുന്നു. 2010 ഏപ്രിൽ 15 റിച്ചർ സ്കെയിലിൽ 5.1 രേഖപ്പെടുത്തിയ ഭൂകമ്പം ഇവിടെ ഉണ്ടായി.