EncyclopediaHistory

വീണ്ടും കടലിലേക്ക്

പതിനേഴ്‌ പായ്കപ്പലുകള്‍ , ആയിരത്തഞ്ഞൂറോളം ആളുകള്‍.ഇവരുടെയൊക്കെ തലവനും പ്രധാന നാവികനുമായി കൊളംബസും; രണ്ടാം യാത്രയുടെ തുടക്കം ഇങ്ങനെയായിരുന്നു. 1493 സെപ്തംബര്‍ 25 ന് സ്പെയിനിലെ കാഡിസ് തുറമുഖത്ത് നിന്ന് ചരിത്രപ്രസിദ്ധമായ ആ യാത്ര തുടങ്ങി. ഒരു രാജാവിനെ പ്പോലെ കൊളംബസ് തലയുയര്‍ത്തി നിന്നു.
കൊളംബസ് കണ്ടെത്തിയ പുതിയ നാട്ടിലേക്ക് കുടിയേറാന്‍ ഇറങ്ങിത്തിരിച്ചവരായിരുന്നു യാത്രക്കാരില്‍ ഒരു വിഭാഗം. പുതിയ സ്ഥലത്ത് നിന്ന് സ്വര്‍ണ്ണം ശേഖരിച്ചു സമ്പന്നരാകാന്‍ തീരുമാനിച്ചവരായിരുന്നു മറ്റൊരു കൂട്ടര്‍. എന്നാല്‍, കൊളംബസ് കണ്ടുപിടിച്ച പുതിയ ഭൂമിയിലെ സ്വര്‍ണ്ണം സ്പെയിന്‍ രാജാവിനെയും രാജ്ഞിയെയും ആകര്‍ഷിച്ചില്ല. അവിടെ കൃഷി ചെയ്യാനായിരുന്നു അവര്‍ക്ക് താല്പര്യം. സ്പെയിനില്‍ ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍, പുതിയ സ്ഥലത്തെ കൃഷിയില്‍ നിന്നുള്ള വിളകള്‍ ഉപകാരപ്പെടുമെന്ന് അവര്‍ കരുതി.
കാനറി ദ്വീപസമൂഹങ്ങളിലേക്ക് കപ്പലോടിച്ച കൊളംബസ് അവിടെയെത്തി കുടിവെള്ളവും ഭക്ഷണസാധനങ്ങളും ശേഖരിച്ചു. അതിനു ശേഷം തെക്കുപടിഞ്ഞാറ് ദിശയില്‍ യാത്ര തുടര്‍ന്ന്. ആദ്യയാത്രയില്‍ എത്തിച്ചേര്‍ന്ന ഭൂവിഭാഗത്തെ മെച്ചപ്പെട്ട പ്രദേശങ്ങളില്‍ കപ്പലടുപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. ഏറെ നാളത്തെ യാത്രക്ക് ശേഷം കപ്പലുകള്‍ നാവിദാദില്‍ അടുത്തു. കൊളംബസിനെ ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു അവിടെ.
കത്തിച്ചാമ്പലായ കോട്ട! അവിടെ ചിതറിക്കിടന്ന വെള്ളക്കാരുടെ ശവശരീരങ്ങള്‍. ഒരാള്‍ പോലും ജീവിച്ചിരിപ്പില്ല. സ്വര്‍ണ്ണം നിറഞ്ഞ നാട്ടില്‍ കുടിയേറാനെത്തിയവര്‍ ഇതുകണ്ട് ഭയന്ന് വിറച്ചു.
ദ്വീപുനിവാസികള്‍ കോളംബസിനോട് കാര്യങ്ങള്‍ വിശദീകരിച്ചു. കൊളംബസ് നാവിദാദില്‍ വിട്ടിട്ടുപോയ നാവികര്‍ അത്യഗ്രഹികളായിരുന്നത്രെ. തങ്ങളുടെ കഴിവിനപ്പുറം സ്വര്‍ണ്ണം ശേഖരിക്കാന്‍ അവര്‍ നാട്ടുകാരെ നിര്‍ബന്ധിച്ചു. മാത്രമല്ല, പലരെയും തട്ടിക്കൊണ്ടു വന്നു അടിമകളായി പണിയെടുപ്പിച്ചു. കോപാകുലരായ ദ്വീപുനിവാസികള്‍ ഒരു ദിവസം രാത്രി കൂട്ടം ചേര്‍ന്ന് കോട്ട ആക്രമിച്ചു കീഴ്പ്പെടുത്തി തീവച്ചു. ഒറ്റയൊരാളെ പ്പോലും ബാക്കിവയ്ക്കാതെ വെള്ളക്കാരെ മുഴുവന്‍ വകവരുത്തി.
ഇതൊക്കെ കേട്ട കൊളംബസ് തലയില്‍ കൈവച്ച് ഇരുന്നുപോയി.