ActorsEncyclopediaFilm Spot

ബാബു ആന്റണി

മലയാള സിനിമയിലെ അഭിനേതാവാണ് ബാബു ആൻറണി (ജനനം:22 ഫെബ്രുവരി 1966) സംഘട്ടന രംഗങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ ബാബു ആൻറണി ആയോധന കലയായ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ്. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ 1990-കളിൽ മലയാള സിനിമയിൽ സജീവമായ അഭിനേതാവായി മാറി.

ജീവിതരേഖ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ പൊൻകുന്നത്ത് ടി.ജെ.ആൻറണിയുടേയും മറിയത്തിൻറെയും മകനായി 1966 ഫെബ്രുവരി 22 ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം എസ്.എച്ച്. ഹൈസ്കൂൾ, ഗവ.ഹൈസ്കൂൾ, പൊൻകുന്നം സെൻറ് ഡോമിനിക് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നായിരുന്നു.

വിദ്യാഭ്യാസ കാലത്ത് നല്ലൊരു കായിക താരമായിരുന്നു ബാബു ആൻറണി. ട്രിപ്പിൾ, ഹൈ, ലോംഗ് ജമ്പ്, പോൾവാൾട്ട്, 800 മീറ്റർ റിലേ, വോളിബോൾ എന്നിവയിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. പൂനൈ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ബാബു ആൻറണി എച്ച്.ആർ. മാനേജ്മെൻറിൽ മാസ്റ്റേഴ്സ് ഡിഗ്രി പഠിക്കുന്ന സമയത്ത് പൂനൈ യൂണിവേഴ്സിറ്റി വോളിബോൾ ടീം ക്യാപ്റ്റനായിരുന്നു.

ആയോധന കലയായ കരാട്ടെയിൽ ഫിഫ്ത്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ് ബാബു ആൻറണി. പഠനശേഷം സിനിമാറ്റോഗ്രാഫറായി കുറച്ച് നാൾ പൂനൈ ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ പ്രവർത്തിച്ചത് സിനിമയിലേക്കുള്ള പ്രവേശനത്തിന് അദ്ദേഹത്തിന് സഹായകരമായി.

1986-ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. ആദ്യകാലങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായി. സംഘട്ടന രംഗങ്ങളിലുള്ള പ്രകടനം അദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി.

മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ നടനായി മാറിയ ബാബു ആൻറണി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ എല്ലാ സൂപ്പർ താരങ്ങളുടേയും സിനിമകളിലെ വില്ലനായി 1990-കളുടെ തുടക്കത്തിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്നു.

പിന്നീട് വില്ലൻ വേഷങ്ങളിൽ നിന്നൊഴിഞ്ഞ് നായകനായി അഭിനയിക്കുന്നത് 1994-ൽ ആണ്. നെപ്പോളിയൻ, ഭരണകൂടം, കടൽ, ദാദ, രാജധാനി, കമ്പോളം എന്നീ സിനിമകളിലാണ് നായകനായി വേഷമിട്ടത്. ഏതാനും വർഷങ്ങൾക്ക് ശേഷം ബാബു ആൻറണി സ്വഭാവ നടനവേഷങ്ങളിലേക്ക് മാറി. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും അദ്ദേഹം അഭിനയിച്ചു.

ഭരതൻ സംവിധാനം ചെയ്ത വൈശാലി എന്ന സിനിമയിലെ ലോമപാദ മഹാരാജാവിൻറെ വേഷം ബാബു ആൻറണിയുടെ സിനിമ ജീവിതത്തിലെ മികച്ച വേഷങ്ങളിലൊന്നാണ്. അപരാഹ്നം, സായാഹ്നം എന്നീ സിനിമകളിലെ വേഷങ്ങളിലും ശ്രദ്ധേയനായി.

റഷ്യൻ-അമേരിക്കൻ പൗരത്വമുള്ള ഇവാൻജനിയാണ് ഭാര്യ. ആർതർ, അലക്സ് എന്നിവർ മക്കളാണ്.