വെണ്ണപ്പഴം
ലോറേസി എന്ന സസ്യകുടുംബത്തിൽപ്പെട്ട ഒരു അംഗമാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ബട്ടർ പിയർ, അലീഗറ്റർ പിയർ എന്നിങ്ങനേയും ഇതിന് പേരുണ്ട്. (ശാസ്ത്രീയനാമം: Persea americana). കരീബിയൻ ദ്വീപുകൾ,മെക്സിക്കൊ,തെക്കേ അമേരിക്ക,മധ്യ അമേരിക്ക എന്നിവയാണ് ഇതിന്റെ ജന്മദേശം. ഈ മരത്തിന്റെ ഫലത്തേയും അവ്കാഡൊ എന്നാണ് പറയുക. മുട്ടയുടെ ആകൃതിയുള്ളതോ വൃത്താകൃതിയുള്ളതോ ആയ ഫലത്തിനകത്ത് കട്ടിയുള്ള അല്പം വലിപ്പമുള്ള വിത്താണുണ്ടാവുക.
വാണിജ്യപ്രാധാന്യമുള്ള ഒരു വിളയാണ് അവ്കാഡൊ. ഇതിന്റെ മരവും ഫലവും ഉഷ്ണമേഖലാകാലാവസ്ഥയുള്ള ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കൃഷിചെയ്യപ്പെടുന്നു. പച്ച നിറത്തിലുള്ള തൊലിയോട്കൂടിയ ഈ ഫലം വിളവെടുപ്പിന് ശേഷം പഴുപ്പിക്കുന്നു. സ്വയം പ്രജനനം നടത്തുന്ന മരമാണിത്. നല്ലയിനം ഫലം ലഭിക്കുന്നതിനും കൂടുതൽ കായ്കൾക്കുമായി ഈ മരം ഗ്രാഫ്റ്റിംഗ്,മുകുളനം ചെയ്താണ് നടുന്നത്. മരത്തിൽ നിൽക്കുമ്പോൾ തന്നെ പഴത്തിനകത്ത് തൈ മുളച്ചുവരുന്ന വിവിപ്പാരി എന്ന പ്രതിഭാസം വെണ്ണപ്പഴ മരത്തിനുള്ളതിനാൽ കർഷകരെ ബുദ്ധിമുട്ടിക്കുന്നു. പ്ലാവ്, നിലകടല, കണ്ടൽ വിത്തുകൾ,ശീതകാല പച്ചക്കറിയായ ചൌ ചൌ തുടങ്ങിയവ വിവിപ്പാരി പ്രതിഭാസങ്ങൾക്ക് ഉദാഹരണങ്ങളാണ്.