അവിട്ടം തിരുനാൾ ബാലരാമവർമ്മ
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ (1798 – 1810) തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്നു അവിട്ടം തിരുനാൾ ബാലരാമവർമ്മ ( 1782–1810). അദ്ദേഹം കാർത്തിക തിരുനാൾ രാമവർമ്മ കാലശേഷമാണ് ഭരണാധികാരിയായിരുന്നത്. ബാലരാമവർമ്മയുടെ ഭരണകാലത്താണ് തിരുവിതാംകൂറും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള വ്യാപാര ഉടമ്പടി രൂപപ്പെട്ടത്. അദ്ദേഹത്തിന്റെ ഭരണകാലം വളരെയധികം പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ് വേലുത്തമ്പി ദളവ വിപ്ലവങ്ങൾ നടത്തിയതും അവസാനം വേലുത്തമ്പിയുടെ ആത്മഹത്യയിൽ കലാശിച്ചതും.
ജനനം, ബാല്യം
കോലത്തുനാട് രാജവംശത്തിൽ നിന്നും 1748-ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിലേക്ക് ദത്തെടുത്ത നാലു രാജകുമാരിമാരിൽ ഒരാളുടെ പുത്രനായി 1782-ൽ ആറ്റിങ്ങലിൽ ജനിച്ചു. അദ്ദേഹത്തിന്റെ പതിനാറാം വയസ്സിൽ തിരുവിതാംകൂർ ഭരണാധികാരിയായി.
ഭരണത്തിലേക്ക്
1748-ൽ കാർത്തിക തിരുനാൾ രാമവർമ്മയുടെ രാജഭരണ കാലത്ത് കോലത്തുനാട്ടിൽ നിന്നും ദത്തെടുത്തതിലെ നാലു രാജകുമാരിമാർക്ക് പെൺമക്കൾ ഇല്ലാഞ്ഞതിനാൽ ധർമ്മരാജാവിനും അദ്ദേഹത്തിന്റെ അനുജൻ മകയിരം തിരുനാൾ രവി വർമ്മയ്ക്കും അനിന്തരവൻ അവിട്ടം തിരുനാൾ ബാലരാമ വർമ്മയ്ക്കും ശേഷം തിരുവിതാംകൂറിനു അനന്തരവകാശികൾ ഇല്ലാതെ വരുമെന്നുള്ള കാരണത്താൽ വീണ്ടും രാജകുമാരിമാരെ ദത്തെടുക്കേണ്ട ആവശ്യം വന്നു. ധർമ്മരാജാവിന്റെ കാലത്ത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം (1788) രണ്ടു രാജകുമാരിമാരെ ദത്തെടുക്കാൻ തീരുമാനിച്ചു. ചേങ്ങകോവിലകത്തെ ചതയം തിരുനാൾ മഹാപ്രഭ തമ്പുരാട്ടിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും പെൺമക്കളായ ഭരണി തിരുനാൾ പാർവ്വതി ബായിയേയും, ഉത്രം തിരുനാൾ ഉമയമ്മ ബായിയേയും തിരുവിതാംകൂറിലേക്ക് അവിട്ടം തിരുനാളിന്റെ സഹോദരിമാരായി ദത്തെടുത്തു.
ചതയം തിരുനാൾ മഹാപ്രഭത്തമ്പുരാട്ടിയ്ക്ക് ദത്തെടുത്ത രണ്ടു രാജകുമാരിമാരെ കൂടാതെ ഹസ്തം തിരുനാൾ ഭാഗീരഥി ബായി, ഉത്രട്ടാതി തിരുനാൾ മഹാപ്രഭ ബായി, രേവതി തിരുനാൾ ആര്യാ ബായി എന്നിങ്ങനെ അഞ്ചു പെണ്മക്കളായിരുന്നു ഉണ്ടായിരുന്നത്. മഹാരാജാവ് കാർത്തിക തിരുനാളിന്റെ അനുവാദത്തോടെ ദത്തെടുത്ത രണ്ടു രാജകുമാരിമാർക്കൊപ്പം അമ്മത്തമ്പുരാനും മറ്റു പെൺമക്കളും ആറ്റിങ്ങൽ കൊട്ടാരത്തിൽ സ്ഥിരതാമസമാക്കി. ഭരണി തിരുനാൾ പാർവ്വതി ബായിയെ ആറ്റിങ്ങൽ മൂത്തറാണിയായും ഉത്രം തിരുനാൾ ഉമയമ്മ ബായിയെ ആറ്റിങ്ങൽ ഇളയറാണിയായും അവരോധിച്ചു.
കഴിവുകുറഞ്ഞ തന്റെ അനിന്തിരവൻ അവിട്ടം തിരുനാളിനെ തന്റെ അനന്തരവകാശിയാക്കുന്നതിനു ധർമ്മരാജാവിനു താല്പര്യം കുറവായിരുന്നു. ഇത് പൂർണ്ണമായും പ്രയോജനപ്പെടുത്താൻ ആറ്റിങ്ങലിൽ താമസം തുടങ്ങിയ ചതയം തിരുനാൾ മഹാപ്രഭ അമ്മത്തമ്പുരാൻ തീരുമാനിച്ചു. അമ്മത്തമ്പുരാൻ ഇതിനോടകം മഹാരാജാവിന്റെ പ്രീതി സമ്പാതിക്കുകയും തന്റെ മൂത്ത പുത്രി ഹസ്തം തിരുനാളിന്റെ പുത്രൻ കേരളവർമ്മയെ ദത്തെടുക്കുന്നതിനായി മഹാരാജാവിന്റെ അനുവാദം വാങ്ങിക്കുകയും ചെയ്തു. ആറ്റിങ്ങൽ റാണി ഭരണി തിരുനാൾ പാർവ്വതി ബായി ഇതിനെ എതിർക്കുകയും ഇത് അമ്മത്തമ്പുരാനും ആറ്റിങ്ങൽ മൂത്തറാണിയുമായുള്ള ശത്രുത വളർത്തുകയും ചെയ്തു. ഈ തയ്യാറെടുപ്പുകൾ ഒക്കെ നടന്നെങ്കിലും 1798-ൽ ധർമ്മരാജാവ് അന്തരിക്കുകയും ഇളയ രാജാവായ അവിട്ടം തിരുനാൾ മഹാരാജ പദവിയിൽ എത്തിച്ചേരുകയും ചെയ്തു.