CountryEncyclopediaHistory

ഓസ്ട്രേലിയ

ഓസ്ട്രേലിയ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ്‌ ഓസ്ട്രേലിയ. ഇത് ഒരു കുടിയേറ്റ രാജ്യമാണ്. വികസിത രാജ്യങ്ങളിൽ പ്രമുഖ രാഷ്ട്രമാണ് ഓസ്ട്രേലിയ. ഇംഗ്ലീഷ്‍ ഔദ്യോഗിക ഭാഷയായിട്ടുള്ള ഈ രാജ്യത്തിന്റെ തലസ്ഥാനം കാൻബറ ആണ്‌. ഒരു ഭൂഖണ്ഡത്തിൽ മുഴുവനായി വ്യാപിച്ചുകിടക്കുന്ന ഏക രാഷ്ട്രമാണിത്.
ചരിത്രം
തെക്കൻ എന്നർത്ഥമുള്ള ഓസ്‌ട്രാലിസ് എന്ന ലത്തീൻ വാക്കിൽ നിന്നാണ് ഓസ്ട്രേലിയയുടെ പിറവി. തെക്കെവിടെയോ അജ്ഞാതമായ ഒരു രാജ്യമുണ്ടെന്ന് പുരാതനകാലം തൊട്ട് പാശ്ചാത്യർ വിശ്വസിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ ഓസ്ട്രേലിയൻ വൻകര കണ്ടെത്തിയപ്പോൾ ഡച്ചുകാരാണ് ഓസ്ട്രേലിയ എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്. ന്യൂ ഹോളണ്ട് എന്നു വിളിക്കപ്പെട്ടുവെങ്കിലും ഓസ്ട്രേലിയക്കാണ് സ്വീകാര്യത കിട്ടിയത്. 1824-ൽ ബ്രിട്ടീഷ് ഗവണ്മെന്റ് ആ പേര് ഔദ്യോഗികമായി അംഗീകരിച്ചു. 40,000 കൊല്ലം മുമ്പ് തെക്കു കിഴക്കൻ ഏഷ്യയിൽ നിന്നും കുടിയേറിയ ജനവിഭാഗമാണ് ഓസ്ട്രേലിയയിലെ ആദ്യമനുഷ്യർ. ഭൂരിപക്ഷം പൗരന്മാരും ബ്രിട്ടീഷ് അഥവാ യൂറോപ്യൻ വംശജരാണ്. യൂറോപ്യന്മാരുടെ വരവിനു മുമ്പ് ഇവിടെയുണ്ടായിരുന്ന ആദിമജനതയെ ആബെറിജെനി എന്ന പദം കൊണ്ടാണ് പൊതുവെ സൂചിപ്പിക്കുന്നത്. എന്നാൽ സമീപകാലത്തായി തദ്ദേശീയ ഓസ്ട്രേലിയക്കാർ (Indegenous Australians) എന്ന വാക്കിനാണ് സ്വീകാര്യതയുള്ളത്.
ഡച്ച് നാവികനായ വിലെം ജാൻസൂൺ ആണ് ഓസ്ട്രേലിയ വൻകര കണ്ടെത്തിയ ആദ്യ യൂറോപ്യൻ (1606). ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് പര്യവേക്ഷകർ ആ പാത പിന്തുടർന്നെങ്കിലും ഓസ്ട്രേലിയയിൽ സ്ഥിരം കേന്ദ്രങ്ങൾ ആരംഭിച്ചില്ല. 1770 ഏപ്രിൽ 20 തെക്ക് കിഴക്കൻ ഓസ്ട്രേലിയയിലെ ബോട്ടണി ബേയിൽ ഇറങ്ങിയ ക്യാപ്റ്റൻ ജയിംസ് കുക്ക് ആണ് കോളനിവൽക്കരണത്തിന് തുടക്കം കുറിച്ചത്. കിഴക്കൻ തീരപ്രദേശത്തിന് ന്യൂ സൗത്ത് വെയിത്സ് എന്നു പേരിട്ട കുക്ക് അവിടം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വകയായി പ്രഖ്യാപിച്ചു. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ പാർപ്പിക്കാൻ ഉപയോഗിച്ചിരുന്ന അമേരിക്കൻ കോളനികൾ നഷ്ടപ്പെട്ടതിനാൽ മറ്റൊരു ഇടമില്ലാതെ വിഷമിക്കുകയായിരുന്നു ബ്രിട്ടൺ. ഓസ്ട്രേലിയയെ പീനൽകോളനിയാക്കാൻ അവർ തീരുമാനിച്ചു. 1787 മേയ് 13-ന് കുറ്റവാളികളെ കുത്തിനിറച്ച 11 കപ്പലുകൾ പോർട്ട്സ്മിത്തിൽ നിന്നും പുറപ്പെട്ടു. 1788 ജനുവരി 26-ന് ന്യൂ സൗത്ത് വെയിത്സിലെ പോർട്ട് ജാക്സണിൽ ആദ്യത്തെ കുറ്റവാളി കോളനി ആരംഭിച്ചു. ജനുവരി 26 ഓസ്ട്രേലിയ ദിനം ആയി ആചരിക്കുന്നു.
സ്വർണ്ണം കണ്ടെത്തിയതിനെത്തുടർന്ന് 1850-കളിൽ ഓസ്ട്രേലിയയിലേക്ക് യൂറോപ്യൻ കുടിയേറ്റമാരംഭിച്ചു. 1855-90 കാലഘട്ടത്തിൽ ആറ് കോളനികൾക്കും ബ്രിട്ടൺ ഉത്തരവാദിത്തഭരണം നൽകി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ടുള്ള സ്വയംഭരണാധികാരമായിരുന്നു ഇത്. വിദേശകാര്യം, പ്രതിരോധം, കപ്പൽ ഗതാഗതം എന്നിവ ബ്രിട്ടന്റെ നിയന്ത്രണത്തിലായിരുന്നു. നീണ്ടകാലത്തെ ചർച്ചകൾക്കും വോട്ടിങ്ങിനും ശേഷം 1901 ജനുവരി ഒന്നിന് കോളനികളുടെ ഫെഡറേഷൻ രൂപവത്കരിച്ചു. കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയ എന്ന ഈ രാജ്യം ബ്രിട്ടന്റെ ഡൊമിനിയനായിരുന്നു. 1901 മുതൽ 1927 വരെ മെൽബൺ ആയിരുന്നു തലസ്ഥാനം. അതിനുശേഷം കാൻബറ തലസ്ഥാനമാക്കി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഓസ്ട്രേലിയ വൻതോതിലുള്ള കുടിയേറ്റം പ്രോത്സാഹിപ്പിച്ചു. 1970-കളിൽ ‘വൈറ്റ് ഓസ്ട്രേലിയ’ നയവും ഉപേക്ഷിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ അങ്ങോട്ടു പ്രവഹിച്ചു. രണ്ടാം ലോക മഹായുദ്ധകാലം മുതൽ അമേരിക്ക ഓസ്ട്രേലിയുയടെ അടുത്ത സുഹൃത്തായി മാറി. 1986-ൽ ഓസ്ട്രേലിയ ആക്ട് അനുസരിച്ച് ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിൽ ബ്രിട്ടണുള്ള പങ്കും ലണ്ടനിലെ പ്രിവി കൗൺസിലിൽ അപ്പീൽ ഹർജികൾ നൽകുന്നതും അവസാനിപ്പിച്ചു. എന്നാൽ ഇപ്പോഴും ബ്രിട്ടീഷ് രാജ്ഞിയെയാണ് രാഷ്ട്രമേധാവിയായി ഓസ്ട്രേലിയ അംഗീകരിച്ചിട്ടുള്ളത്. റിപ്പബ്ലിക് സ്ഥാപിക്കാനുള്ള നിർദ്ദേശം 1999-ൽ ഹിതപരിശോധനയിൽ നേരിയ ഭൂരിപക്ഷത്തിൽ തിരസ്കരിക്കപ്പെട്ടു. ഇന്ന് മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളെപ്പോലെ വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യം, പൗരാവകാശം, ജൻഡർ തുല്യത തുടങ്ങിയ മൂല്യങ്ങൾക്ക് പ്രത്യേക പരിഗണനയും ഉയർന്ന സാമ്പത്തികസ്ഥിതിയും സാമൂഹിക സുരക്ഷയും ലഭ്യമായ ഒരു രാജ്യമാണ് ഇത്.