EncyclopediaIndiaMajor personalities

അടൽ ബിഹാരി വാജ്പേയി

അടൽ ബിഹാരി വാജ്‌പേയി ഡിസംബർ 25, 1924 – 16 ആഗസ്റ്റ് 2018) ഇന്ത്യയുടെ 10-മത് പ്രധാനമന്ത്രിയായിരുന്നു. 1924 ഡിസംബർ 25ന്‌ മധ്യപ്രദേശിലെ ഗ്വാളിയാറിൽ അദ്ദേഹം ജനിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1996 മെയ് 16ന്‌ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ എ‌. ഐ. എ‌. ഡി. എം. കെ പിന്തുണ പിൻ‌വലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട്‌ അതിജീവിക്കാൻ കഴിഞ്ഞില്ല. 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും അദ്ദേഹം പ്രധാനമന്ത്രിയായി. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ തൽസ്ഥാനത്ത് തുടർന്നു. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ്‌ വാജ്‌പേയി.പൊഖ്റാൻ ആണവ പരീക്ഷണവും(മേയ് 1998) കാർഗിൽ യുദ്ധവും 2001ലെ പാർലിമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു. പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി രാജ്യം ആദരിച്ച അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് ശ്രീ അടൽ ബിഹാരി വാജ്പേയ് . മൂത്രാശയ അണുബാധ, വൃക്ക സംബന്ധമായ രോഗങ്ങൾ കാരണം ഏറെ നാളായി ചികിത്സയിലായിരുന്ന വാജ്പേയി, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് 2018 ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.05ന് അന്തരിച്ചു.
ജീവിതരേഖ
ഉത്തർപ്രദേശിൽ നിന്നും മധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് കുടിയേറിയ ഒരു ഇടത്തരം ബ്രാഹ്മണകുടുംബത്തിൽ കൃഷ്ണാദേവിയുടെയും കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും മകനായി 1924 ഡിസംബർ 25-നാണ്‌ വാജ്‌പേയി ജനിച്ചത്‌. ഗ്വാളിയറിലെ വിക്ടോറിയ കോളേജിൽ നിന്ന് സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിൽ ഡിസ്റ്റിങ്ഷനോടെ ബിരുദവും കാൺപൂർ ഡി.എ.വി. കോളേജിൽ (ദയാനന്ദ് ആൻഗ്ലോ വൈദിക് മഹാവിദ്യാലയം) നിന്ന് രാഷ്ട്രതന്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും നേടി.
1942-ലെ ക്വിറ്റ്‌ ഇന്ത്യ പ്രസ്ഥാനത്തിലൂടെ ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിച്ച വാജ്‌പേയി സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ പല നയങ്ങളും രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്‌. 1951-ൽ ഭാരതീയ ജന സംഘത്തിന്റെയും പിന്നീട് 1977-80 കാലഘട്ടത്തിൽ ജനതാ പാർട്ടിയുടെയും സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. 1979-ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാർട്ടി മന്ത്രിസഭ രാജിവെച്ചപ്പോൾ മറ്റു ചില നേതാക്കൾക്കൊപ്പം ഭാരതീയ ജനതാ പാർട്ടി എന്ന പുതിയ സംഘടന ഉണ്ടാക്കി. 1980-86 കാലയളവിൽ അദ്ദേഹം ഭാരതീയ ജനതാ പാർട്ടിയുടെ പ്രസിഡന്റായിരുന്നു.
1957-ലെ രണ്ടാം ലോകസഭ മുതലിങ്ങോട്ട്‌ ഒൻപതു തവണ ലോകസഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും ആദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത് വാജ്‌പേയിക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടമാണ്. പാർലിമെന്റിലെ പല സമിതികളിലും അദ്ദേഹം അംഗമായിരുന്നു.
1977-ലെ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത പാർട്ടി മന്ത്രിസഭയിൽ വാജ്‌പേയി വിദേശകാര്യ മന്ത്രിയായിരുന്നു.
പ്രഭാഷകനായും കവിയായും പ്രശസ്തി നേടി. 2005 ഡിസംബറിൽ മുംബൈയിൽ നടന്ന റാലിയിൽ വെച്ച് വാജ്‌പേയി സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. 2009 മുതൽ സ്മൃതിനാശവും അവശതയും അനുഭവിച്ച അദ്ദേഹം 2018 ആഗസ്ത് 16-ന് അന്തരിച്ചു.