അസ്സമീസ് കുരങ്ങ്
അസ്സമിലെ കൊടും കാടുകളില്‍ സാധാരണമായി കാണപ്പെടുന്ന വാനരവീരന്മാര്‍ ആണ് അസ്സമീസ് കുരങ്ങുകള്‍. ഈ പേര് വന്നതിന്റെ കാരണവും ഇത് തന്നെ.
എന്നാല്‍ അസ്സമീസ് കുരങ്ങുകളുള്ളത് അസ്സമില്‍ മാത്രമല്ല,കേട്ടോ! ഹിമാലയത്തിലെ മസ്സൂറിക്കാടുകളിലും ബംഗാളിലെ ചതുപ്പ് വനപ്രദേശമായ സുന്ദരവനത്തിലും ഇവരെ കാണാം. നമ്മുടെ അയല്‍രാജ്യമായ മ്യാന്മാറിലെ കാടുകളിലുമുണ്ട് അസ്സമീസ് കുരങ്ങുകള്‍.
ഈ പ്രദേശങ്ങളില്‍ കാണപ്പെടുന്ന കുറ്റിവാലന്‍, പന്നിവാലന്‍ എന്നീ കുരങ്ങുകളില്‍ നിന്നും ഇവരെ എളുപ്പത്തില്‍ തിരിച്ചറിയാം. വാലിന്റെ നീളക്കൂടുതലാണ് അടയാളം.
കാടുകളില്‍ ചെറിയ കൂട്ടങ്ങളായി ഒതുങ്ങിക്കഴിയുന്ന ഇവയുടെ രീതികള്‍ പൊതുവേ മറ്റു മക്കാക്ക് കുരങ്ങുകളുടെത് തന്നെയാണ്. അപായ സൂചനയുണ്ടായാല്‍ ഇവ പലപ്പോഴും വൃക്ഷചില്ലകള്‍ വിട്ടു ഇടതൂര്‍ന്ന അടിക്കാട്ടില്‍ ഒളിക്കുമത്രേ. അസ്സം സിക്കിം പ്രദേശങ്ങളിലെ ചില ഗിരിവര്‍ഗക്കാര്‍ ഔഷധഗുണത്തിന്റെ പേരില്‍ ഇവയെ വേട്ടയാടാറുണ്ട്.