കായം
ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കായം. ഇംഗ്ലീഷ്:Asafoetida. ലോകത്തിൽ പലയിടങ്ങളിലും കായം ഉപയോഗിക്കുന്നുണ്ട്. അനാകർഷകമായ നിറം ചവർപ്പുരുചി, ഗന്ധകമിശ്രിതം മൂലമുള്ള രൂക്ഷമായ ഗന്ധം എന്നിവമൂലമായിരിക്കാം കായത്തിന് ചെകുത്താന്റെ കാഷ്ഠം എന്നൊരു ഇരട്ടപ്പേര് ലഭിച്ചത് . ചെടി(ferula species )യുടെ വേരിൽ നിന്ന് ഊറി വരുന്ന കറ ഉണക്കിയാണ് കായം നിർമ്മിക്കുന്നത് . അതുപോലെ വേരും തണ്ടും കൂടിചേരുന്നിടത്തു നിന്നും കറയെടുക്കാറുണ്ട് .
ചെടി പൂക്കുന്ന സമയമായ മാർച്ച് – ഏപ്രിൽ സമയത്താണ് വേരുകളുടെ അറ്റം മുറിച്ചെടുത്ത് മണ്ണും ചുള്ളി കമ്പുകളും കൊണ്ട് പുതയിടും . നാലോ അഞ്ചോ വർഷം പ്രായമായ ചെടിയിൽ നിന്നാണ് കറ എടുക്കുന്നത് . മുറിച്ചെടുത്ത വേരിന്റെ അഗ്രഭാഗത്ത് നിന്നും വെളുത്ത നിറമുള്ള കറ ഊറി വരും.പുറത്തു വരുന്ന ഈ കറ ചുരണ്ടിയെടുത്ത് വീണ്ടും അഗ്രഭാഗം മുറിച്ചു മറ്റൊരു മുറിവുണ്ടാക്കുക .ഇങ്ങനെ മൂന്നു മാസം വരെ കറയെടുക്കാം . കറയൊലിപ്പ് നിൽക്കുന്നത് വരെ കായം ചുരണ്ടിയെടുക്കാം.