അരുന്ധതി റോയ്
അരുന്ധതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അരുന്ധതി മാൻ ബുക്കർ സമ്മാനത്തിനർഹയായ ആദ്യ ഇന്ത്യൻ വനിതയാണ് അരുന്ധതി റോയ്. ഇവരുടെ ദ് ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് (കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ) എന്ന കൃതിക്ക് 1997-ലെ ബുക്കർ പുരസ്കാരം ലഭിച്ചു.
ജീവിതം
ജനനം നവംബർ 24 1961ൽ മേഘാലയയിലെ ഷില്ലോങ്ങിൽ. മാതാവ് കോട്ടയം, അയ്മനം സ്വദേശിനി മേരി റോയ്. പിതാവ്‍ രാജീബ് റോയ്, ഒരു ബംഗാളി ബ്രാഹ്മണനായിരുന്നു. ബാല്യകാലം കേരളത്തിൽ ചിലവഴിച്ചു. പഠനത്തിനു ശേഷം ആർകിടെക്റ്റ്, എയ്റോബിക് പരിശീലക എന്നീ നിലകളിൽ ജോലി ചെയ്തു.
‘ഇൻ വിച് ആന്നീ ഗിവ്സ് ഇറ്റ് ടു ദോസ് വൺസ്‘, ‘ഇലെക്ട്രിക് മൂൺ‘ എന്നീ ചലച്ചിത്രങ്ങൾക്കും പല ടി.വി. പരിപാടികൾക്കും വേണ്ടി തൂലിക ചലിപ്പിച്ചു.
എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവർത്തക കൂടിയാണ് റോയ്. ഭർത്താവ് ചലച്ചിത്രസംവിധായകനായ പ്രദീപ് കിഷൻ. ആദ്യ ഭർത്താവ് ശിൽപ്പിയായ ഗെറാറ്ഡ് ഡ കുന.
ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്
കേരളത്തിലെ കോട്ടയത്തിനടുത്തുള്ള അയ്മനം എന്ന ഗ്രാമം പശ്ചാത്തലമാക്കിയുള്ള ഒരു നോവലാണ് ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ്. അരുന്ധതി റോയിയുടെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണിത്. ആ വർഷം ലോകത്തിലേറ്റവും കൂടുതൽ വിറ്റഴിഞ്ഞ കൃതികളിലൊന്നായിരുന്നു ഇത്. നോവൽ പ്രസിദ്ധീകരിച്ച് അഞ്ചു മാസത്തിനുള്ളിൽ തന്നെ 350,000-ത്തിലധികം പ്രതികൾ ലോകമെമ്പാടും വിറ്റഴിഞ്ഞു. 24 ഭാഷകളിലേക്ക് നോവൽ തർജ്ജമ ചെയ്യപ്പെട്ടു. 2011 ജനുവരിയിൽ നോവലിന്റെ പ്രിയ.എ.എസ് തയ്യാറാക്കിയ മലയാള പരിഭാഷ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാൻ എന്നപേരിൽ ഡി.സി. ബുക്സ് പ്രസിദ്ധപ്പെടുത്തി.