EncyclopediaHistoryIndiaKerala

പറങ്കികളുടെ വരവ്

1498-ല്‍ വാസ്കോഡ ഗാമ കേരളത്തിന്‍റെ മണ്ണില്‍ കാലുകുത്തിയതോടെ പാശ്ചാത്യരുടെ ചിരകാലസ്വപ്നം സഫലമായി. ഭാരതത്തില്‍ നൂറ്റാണ്ടുകള്‍ നിലനിന്ന വിദേശാധിപത്യത്തിന് ആ സന്ദര്‍ശനം കാരണമാവുകയും ചെയ്തു.
അതിഥികളെ ഇരുകൈയും നീട്ടി സ്വഗതം ചെയ്യുകയെന്നതായിരുന്നു കോഴിക്കോടു ഭരിച്ചിരുന്ന സാമൂതിരിമാരുടെ പാരമ്പര്യം എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ തനിസ്വഭാവമറിയാമായിരുന്ന കോഴിക്കോട്ടെ അറബ് വ്യാപാരികള്‍ ഗാമയെ സംശയദൃഷ്ടിയോടെയാണ് കണ്ടത്. സാമൂതിരിയും പോര്‍ച്ചുഗീസുകാരുമായുള്ള ബന്ധം തങ്ങളുടെ വ്യാപാരക്കുത്തക തകര്‍ക്കുമെന്നും അവര്‍ ഭയപ്പെട്ടു. പറങ്കികളുമായുള്ള ബന്ധം നാടിനെ നാശത്തിലേക്കു നയിക്കുമെന്ന് അവര്‍ സാമൂതിരിയെ ധരിപ്പിച്ചെങ്കിലും സാമൂതിരി അക്കാര്യം ഗൗരവമായെടുത്തില്ല.
വൈകാതെ പോര്‍ച്ചുഗീസുകാരുടെ തനിനിറം വെളിപ്പെട്ടുതുടങ്ങി. അഹങ്കാരികളും അത്യാഗ്രഹികളുമായ അവര്‍ കോഴിക്കോട്ടെ വ്യാപാരത്തിന്‍റെ മുഴുവന്‍ അവകാശവും സ്വന്തമാക്കാന്‍ ശ്രമിക്കുകയും അതിനു തടസ്സം നിന്ന അറബ് വ്യാപാരികളെ പുറത്താക്കണമെന്ന് സാമൂതിരിയോട് ആവശ്യപ്പെടുകയും ചെയ്യ്തു. രാജാവ് അത് തള്ളിയതോടെ പറങ്കികള്‍ സാമൂതിരിയുടെ ശത്രുക്കളായ കണ്ണൂര്‍ കോലത്തിരിയെയും കൊച്ചി രാജാവിനെയും കൂട്ടുപിടിച്ചു.
ഗാമ മടങ്ങിപ്പോയതിനു തൊട്ടുപിന്നാലെ പെഡ്രോ ആല്‍വാരെസ് കബ്രാളിന്‍റെ നേതൃത്വത്തില്‍ മറ്റൊരു പോര്‍ച്ചുഗീസ് സംഘം കോഴിക്കോട്ടെത്തി. കടലിന്‍റെ ആധിപത്യം തങ്ങള്‍ക്കാണെന്നും തങ്ങളുടെ സമ്മതം കൂടാതെ ആരും കപ്പലോടിക്കാന്‍ പാടില്ലെന്നും വാദിച്ച അവര്‍ കടലില്‍ കടുത്ത ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. അറബികളോടായിരുന്നു ഏറ്റവും ക്രൂരത. ഇതിനിടെ അരി കയറ്റിവന്ന സാമൂതിരിയുടെ കപ്പലുകളും അവര്‍ പിടിച്ചടക്കി. കൂടാതെ കടപ്പുറത്തെ കുടിലുകള്‍ തീയിട്ടുനശിപ്പിക്കുകയും ചെയ്യ്തു. അതിനുശേഷം അവര്‍ കൊച്ചിയിലേക്ക് കടന്നു.
പറങ്കികളുടെ അക്രമം അതിരു കടന്നപ്പോള്‍ സാമൂതിരിയും ശക്തമായി തിരിച്ചടിക്കാന്‍ തീരുമാനിച്ചു. മുസ്ലീം കച്ചവടക്കാരും അവരുടെ മുഴുവന്‍ കപ്പലുകളും സാമൂതിരിക്കു പിന്നില്‍ അണിനിരന്നു. വേഗമേറിയ വഞ്ചികള്‍ക്കും പത്തേമാരികള്‍ക്കും പുറമേ 80 കപ്പലുകളും 1500 സായുധഭടന്മാരുമടങ്ങുന്ന സേനയുമായി സാമൂതിരിയുടെ പട കൊച്ചിയിലേക്ക് പുറപ്പെട്ടു.
ഈ പടയൊരുക്കം കണ്ട് ഭയന്നുപോയ കബ്രാള്‍ കപ്പലിലെ വിളക്കുകള്‍ കെടുത്തി ഒളിച്ചോടുകയാണ് ചെയ്തത്. പോര്‍ച്ചുഗീസ് കപ്പലുകള്‍ പിന്നീട് കണ്ണൂരിലേക്ക് കടന്നുകളഞ്ഞു.