കടലിന്റെ അടിയിലും സൂത്രശാലികള്‍ ഉണ്ടോ??
കടലിന്‍റെ അടിത്തട്ടില്‍ ഇരുട്ടാണ്. മുകളില്‍ നിന്നും വീഴുന്ന പദാര്‍ത്ഥങ്ങളാണു അവിടത്തെ മത്സ്യങ്ങളുടെ ആഹാരം ഒഴുക്കില്ലാത്ത ജലമായതിനാല്‍ മത്സ്യങ്ങളുടെ മാംസപേശികള്‍ക്ക് ശക്തി കുറവാണ്. മറ്റു ജീവികളെ വേട്ടയാടിപ്പിടിക്കുവാന്‍ ഈ സാഹചര്യങ്ങള്‍ തടസ്സം നില്‍ക്കുന്നു. ഇവിടെയാണ് ചില മത്സ്യങ്ങള്‍ തന്ത്രം പ്രയോഗിച്ച് ഭക്ഷണം സമ്പാദിക്കുന്നത്.
ചൂണ്ടക്കാരന്‍ മത്സ്യമാണ് ഇക്കാര്യത്തില്‍ വമ്പന്‍. ഈ മീനിന്‍റെ തലയില്‍ നിന്നും ചൂണ്ട പോലുള്ള ഒരു ഭാഗം നീണ്ടു നില്‍ക്കുന്നു. ആംഗ്ളര്‍ മത്സ്യങ്ങളുടെ ചൂണ്ട എപ്പോഴും പ്രകാശിച്ചു കൊണ്ടിരിക്കും.സ്വയം പ്രകാശിക്കാന്‍ കഴിവുള്ള ബാക്ടീരിയകളാണ് ചൂണ്ടയെ പ്രകാശിപ്പിക്കുന്നത്. ആംഗ്ളര്‍ മത്സ്യം വളരുന്നതോടൊപ്പം ഇത്തരം ബാക്ടീരിയകളെ ചൂണ്ടയില്‍ വളര്‍ത്തുന്നു.പ്രകാശമുള്ള ഈ ചൂണ്ട കൊച്ചു മത്സ്യങ്ങളുടെ വാല്‍ പോലെയിരിക്കും.ഇത് കണ്ട് മറ്റ് മത്സ്യങ്ങള്‍ ഇരകിട്ടിയ സന്തോഷത്തില്‍ അടുത്തെത്തും.ആംഗ്ളര്‍ തന്‍റെ ചൂണ്ടയെ വായോടടുപ്പിക്കും, കൊതിമൂത്ത മത്സ്യങ്ങള്‍ പുറകെയെത്തുകയും ആംഗ്ളറിന്‍റെ വായിലകപ്പെടുകയും ചെയ്യും.ചൂണ്ടക്കാരനോടൊത്തു കഴിയുന്ന ബാക്ടീരിയകള്‍ക്ക് ഭക്ഷണവും താമസവും അങ്ങനെ സൗജന്യമായി നടക്കുന്നു.
പല മത്സ്യങ്ങളുടെ വായ്ക്കകത്തെ വെളിച്ചമാണ് അവയെ ആഹാരസമ്പാദനത്തിന് സഹായിക്കുന്നത്.ചില മത്സ്യങ്ങള്‍ ശരീരത്തിന്‍റെ പാര്‍ശ്വങ്ങളില്‍ നിന്നും മറ്റു ചിലവ കണ്ണിന്റെ അരികില്‍ നിന്നും പ്രകാശം പുറപ്പെടുവിക്കുന്നു.ഇരുളടഞ്ഞ ആഴക്കടലില്‍ മറ്റു ജന്തുക്കളെ ഈ പ്രകാശം ആകര്‍ഷിക്കുന്നു.അവ ഈ മത്സ്യങ്ങളുടെ ഇരയാവുകയും ചെയ്യുന്നു.